
നിലമ്പൂര്‍: പായ്വഞ്ചിയില്‍ ലോകം ചുറ്റി സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരന്‍ അഭിലാഷ് ടോമി സാമ്പത്തിക സഹായം തേടുന്നു. വരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി മത്സരത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ പലരില്‍നിന്നുമായി 45 ലക്ഷം ലഭിച്ചു. നാലു കോടി വരെ സഹായം ലഭിച്ചാലേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. നിലമ്പൂരില്‍ നടക്കുന്ന ചാലിയാര്‍ റിവര്‍ പാഡില്‍ കയാക്കിങ്ങില്‍ പങ്കെടുക്കാനെത്തിയ അഭിലാഷ് ടോമി മാതൃഭൂമിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
ഗോള്‍ഡന്‍ ഗ്ലോബിന് ഇത്രയും ചെലവോ?
2022 സെപ്റ്റംബറില്‍ ഫ്രാന്‍സില്‍ നിന്ന് തുടങ്ങി 10 മാസത്തോളം കടലില്‍ കഴിഞ്ഞ് തിരിച്ചെത്തുന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരം. ഇതിനിടെ 30,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കണം. യാത്രാ ചെലവ്, ഭക്ഷണം, താമസം, ബോട്ടിന്റെ ചെലവ് തുടങ്ങിയവ അടക്കമാണ് ഇത്രയും തുക.
2018-ലെ ഗോള്‍ഡന്‍ ഗ്ലോബിനിടെ അപകടത്തില്‍പ്പെട്ട് ഞാന്‍ പിന്മാറിയിരുന്നു. അന്ന് മൂന്നാമതായിരുന്നു. പണത്തില്‍ പിശുക്ക് കാണിച്ചാല്‍ അപകടസാധ്യത കൂടുതലാണ്. 2018-ല്‍ സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് പങ്കെടുത്തത്. അതിന്റെ കടം തീര്‍ക്കാനുണ്ട്.
സേനയില്‍നിന്ന് വിരമിച്ചശേഷം എന്തു ചെയ്തു?
കമാന്‍ഡറായി ഈ വര്‍ഷം ജനുവരിയിലാണ് നാവികസേനയില്‍നിന്ന് വിരമിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു ആദ്യ തീരുമാനം. വിദ്യാര്‍ഥികളുമായി സംവദിക്കാനും സാധിച്ചു. പിന്നെ ചില മത്സരങ്ങളിലും പങ്കെടുത്തു. സേനയില്‍ ആയിരുന്നപ്പോള്‍ ഓര്‍ഡര്‍ തരാന്‍ ബോസ് ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാര്യയാണെന്ന് മാത്രം(അഭിലാഷ് ചിരിക്കുന്നു).
വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ് എന്തുകൊണ്ട്?
അന്ന് 150 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലയില്‍പെട്ട് പായ്മരങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നടുവിനു പരിക്കേറ്റ് മൂന്നു ദിവസം ബോട്ടില്‍ കിടന്നു. ആശുപത്രിയിലെത്താന്‍ പിന്നെയും 18 ദിവസമെടുത്തു. ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുമ്പോഴും അടുത്ത ഗോള്‍ഡന്‍ ഗ്ലോബായിരുന്നു മനസ്സില്‍.
പ്രായം 42 ആയെങ്കിലും ഇനിയും വലിയ പരിശീലനം ആവശ്യമില്ല. ആദ്യ മൂന്നില്‍ ഫിനിഷ് ചെയ്യാമെന്നാണ് പ്രതീക്ഷ. സ്‌പോണ്‍സറെ കിട്ടിയാല്‍ മതി.
കടലിനോട് അത്രയ്ക്ക് ഇഷ്ടമോ ?
കരയില്‍ ആയിരിക്കുമ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. കടലില്‍ മരണമില്ലല്ലോ. ഒരു മാസം കടലില്‍ സഞ്ചരിച്ചാല്‍ എല്ലാം മറന്നു പോകും. മരണംപോലും ഞാന്‍ മറന്നു പോകും.
Content Highlights: sailor abhilash tomy seeks financial help participate in the upcoming golden globe sailing competition
Published: 13 Nov 2021, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented