അസന്‍സിയോണ്‍ (പാരഗ്വായ്): വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് പരാഗ്വായിയില്‍ അറസ്റ്റിലായ ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പ്രതികരണവുമായി രംഗത്ത്.

To advertise here,

മാര്‍ച്ച് ആറിന് അറസ്റ്റിലായ റൊണാള്‍ഡീന്യോ 32 ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ ഏഴിന് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ താരത്തെ വീട്ടുതടങ്കലിലാക്കാനും കോടതി ഉത്തരവിട്ടിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് പാരഗ്വായിലെ അസന്‍സിയോണിലെ ആഡംബര ഹോട്ടലിലെ വീട്ടുതടങ്കലിലാണ് താരം.

ഏകദേശം 1.6 മില്യണ്‍ യു.എസ് ഡോളര്‍ കെട്ടിവെച്ചാണ് റൊണാള്‍ഡീന്യോയും സഹോദരന്‍ റോബോര്‍ട്ടോയും ജയില്‍മോചിതരായത്.

തങ്ങളുടെ പക്കലുള്ള രേഖകള്‍ നിയമപരമല്ലെന്ന് അറിഞ്ഞതോടെ ഞെട്ടിപ്പോയെന്ന് റൊണാള്‍ഡീന്യോ പറഞ്ഞു. ''ഇത് ശരിക്കുമൊരു തിരിച്ചടിയായിരുന്നു. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് കരുതിയതേ ഇല്ല. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കഴിയുന്നത്ര പ്രൊഫഷണലായിരിക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. എന്നിലെ ഫുട്‌ബോള്‍ കൊണ്ട് ആളുകള്‍ക്ക് സന്തോഷം നല്‍കാനും''- അസന്‍സിയോണ്‍ ദിനപ്പത്രമായ എ.ബി.സി കളറിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡീന്യോ പറഞ്ഞു.

വസ്തുതകള്‍ വ്യക്തമാകുന്നതിനായി ജുഡീഷ്യല്‍ അധികാരികളുമായി സഹകരിക്കുമെന്നും താരം പറഞ്ഞു. തുടക്കം മുതല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും റൊണാള്‍ഡീന്യോ കൂട്ടിച്ചേര്‍ത്തു.

കാസിനോ ഉടമ നെല്‍സണ്‍ ബലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീല്‍ താരം പരാഗ്വായയിലെത്തിയത്. പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ താരത്തിന്റെ കൈയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ട് പിടികൂടുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. യാത്രരേഖകളും പിടിച്ചെടുത്തു.

Content Highlights: Ronaldinho has finally broken his silence on his imprisonment