സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.

To advertise here,

പിണറായിയെ കൂടാതെ മകളും എക്‌സാലോജിക് സൊല്യൂഷൻസ് ഉടമയുമായ ടി. വീണ, മുൻ പൊതുമരാമത്ത് വകുപ്പുമന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേയും അന്വേഷണം നടക്കും. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം.

സിഎംആർഎൽ-എക്സാലോജിക് കേസിലെ പ്രധാന നാൾവഴികൾ

2019 ജനുവരി- ആദായനികുതി വകുപ്പ് സിഎംആർഎൽ കമ്പനിയിൽ റെയ്ഡ് നടത്തി. 133 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ എക്‌സാലോജിക് സൊലൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡിന് നൽകാത്ത സേവനത്തിന് 1.72 കോടി രൂപ കൈമാറിയതായും കണ്ടെത്തി.

2023 ജൂൺ- ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ്. മൂന്നു വർഷത്തോളം മാസത്തവണകളായി ടി.വീണയുടെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ സിഎംആർഎൽ നൽകി

2024 ജനുവരി- സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൽ ഓഫീസ്(എസ്.എഫ്.ഐ.ഒ)സി.എംആർഎൽ.-എക്സാലോജിക് ഇടപാടിൽ കേന്ദ്ര സർക്കാർ നിർദേശപ്രകാരം അന്വേഷണം

2024 മാർച്ച്- സിഎംആർഎൽ-എക്സാലോജിക് പണമിടപാടുകൾ ഉൾപ്പെടെയുള്ള കണ്ടെത്തലുകളിൽ കള്ളപ്പണ ഇടപാട് സംശയിച്ച് ഇ.ഡി കേസെടുത്തു

2025 ഏപ്രിൽ- മേയ്- ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ എസ്.എഫ്.ഐ.ഒ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 15 വർഷം കൊണ്ട് 182 കോടി രൂപയുടെ ദുരൂഹ ഇടപാടുകൾ നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിൽ കണ്ടെത്തൽ. സി.എംആർ.എൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ എക് സാലോജിക്കിന് ലഭിച്ചെന്നും കണ്ടെത്തി

2026 മേയ്- ടി. വീണയുടെ വീട്ടിലുൾപ്പടെ ഇ.ഡി റെയ്ഡ്. 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയെന്ന് വീണയുടെ കൈപ്പടയിലുള്ള രേഖ കണ്ടെത്തി. റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം

2026 ഓഗസ്റ്റ്- മുഹമ്മദ് റിയാസും വീണയുമായി അടുപ്പമുള്ളവരുടെ വീടുകളിലടക്കം ഇ.ഡി റെയ്ഡ്. കോഴിക്കോട്ടെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളും ഇതിലുൾപ്പെടുന്നു

2026 സെപ്റ്റംബർ- പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, ടി.വീണ തുടങ്ങിയവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇ.ഡിയുടെ കത്ത്.

2026 സെപ്റ്റംബർ 22- സിഎംആർഎൽ- എക്‌സാലോജിക് കേസിൽ പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.