ബെയ്ജിങ്: ശരീരത്തില്‍ പച്ച കുത്തുന്നത് ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമായ കാര്യമാണ്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമെല്ലാം പച്ച കുത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ പേരുകളും അവരെ ഓര്‍മിക്കുന്ന ചിത്രങ്ങളുമാണ് പലരും പച്ച കുത്തിയിട്ടുള്ളത്.

എന്നാല്‍ ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇതു കണ്ടു ആസ്വദിക്കാന്‍ മാത്രമേ കഴിയൂ. ചൈനീസ് ഭരണകൂടം ടാറ്റൂവിന് ഏര്‍പ്പെടുത്തിയ വിലക്കാണ് താരങ്ങള്‍ക്ക് വിനയായത്. ചൈനയുടെ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ ടാറ്റു പതിക്കരുതെന്ന് ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഇതു ലംഘിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഉത്തരവ് ഇറക്കിയത്. 

നിലവില്‍ ആരെങ്കിലും ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്‌സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സമൂഹത്തിന് വഴികാട്ടികളായി താരങ്ങള്‍ മാറണമെന്നും അതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ജിഎഎസ് വ്യക്തമാക്കുന്നു. സീനിയര്‍ തലം മുതല്‍ എല്ല പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്ക് നിബന്ധന ബാധകമാണ്.

Content Highlights: Remove your tattoos Beijing tells Chinese football players