ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ 43 ാം വയസ്സില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയെ പ്രശംസിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. അദ്ഭുതപ്പെടുത്തുന്നതും തുല്യതയില്ലാത്തതുമായ നേട്ടത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് നദാലിന്റെ ആശംസകള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നദാല്‍, ബൊപ്പണ്ണയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. 

To advertise here,

'അദ്ഭുതകരവും അതുല്യവുമായ നേട്ടത്തിന് രോഹനെ അഭിനന്ദിക്കുന്നു'- റാഫേല്‍ നദാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം വിജയിച്ചിട്ടുള്ള നദാല്‍, ഇടുപ്പിലെ പേശിക്കേറ്റ പരിക്ക് കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറിയിരുന്നു. ബ്രിസ്ബന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെയാണ് നദാലിന് പരിക്കേറ്റത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി - ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6 (7-0), 7-5) കീഴടക്കിയായിരുന്നു ബൊപ്പണ്ണയും പങ്കാളി ഓസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റയും കിരീടം നേടിയത്. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷതാരംകൂടിയാണ് നാല്‍പ്പത്തിമൂന്നുകാരനായ ബൊപ്പണ്ണ.