മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുതിയ വനിതാ ചാമ്പ്യനായി അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ്. മൂന്നുസെറ്റ് നീണ്ട ആവേശകരമായ ഫൈനലില്‍ ഹാട്രിക് കിരീടപ്രതിക്ഷയുമായി കളിച്ച ഒന്നാം സീഡ് ആര്യാന സബലേങ്കയെ ഞെട്ടിച്ചാണ് കെയ്സ് കപ്പുയര്‍ത്തിയത് (6-3, 2-6, 7-5).

To advertise here,

ആദ്യസെറ്റില്‍ മൂന്നുതവണ സബലേങ്കയുടെ സര്‍വ് തകര്‍ത്ത് സെറ്റെടുത്ത കെയ്‌സ് ലക്ഷ്യം വ്യക്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ ബെലാറസ് താരം തിരിച്ചടിച്ചു. 13 വിന്നറുകള്‍ പായിച്ച സബലേങ്ക അനായാസം സെറ്റെടുത്തപ്പോള്‍ കളി ആര്‍ക്കും ജയിക്കാമെന്നനിലയായി. അവസാനസെറ്റില്‍ ഇരുതാരങ്ങളും സര്‍വ് നിലനിര്‍ത്തി ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ സര്‍വ് നിലനിര്‍ത്തി 6-5ന് മുന്നിലെത്തിയ കെയ്സ് സബലേങ്കയുടെ സര്‍വ് തകര്‍ത്ത് സെറ്റും മാച്ചും സ്വന്തമാക്കി.

രണ്ടാം സീഡ് ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ചാണ് ലോക 14-ാം നമ്പറും 19-ാം സീഡുമായ കെയ്സ് ഫൈനലില്‍ കടന്നത്. ഒരു മാച്ച് പോയിന്റ് അതിജീവിച്ചായിരുന്നു സെമിയിലെ ജയം. 2005-ല്‍ സെറീന വില്യംസിനുശേഷം ലോകറാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള താരങ്ങളെ കീഴടക്കി മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടംചൂടുന്ന ആദ്യതാരമായി 29-കാരിയായ കെയ്സ്. 2015-ല്‍ 33-ാം വയസ്സില്‍ യു.എസ്. ഓപ്പണ്‍ നേടിയ ഫ്ളാവിയ പെന്നറ്റയ്ക്കുശേഷം ആദ്യ ഗ്രാന്‍സ്ലാം നേടുന്ന പ്രായംകൂടിയ താരവുമായി.

ആറുവര്‍ഷത്തിനുശേഷം ഫൈനല്‍ ജയം

ആറുവര്‍ഷംമുന്‍പ് ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ ദയനീയമായി തോറ്റതില്‍നിന്നുള്ള വന്‍ തിരിച്ചുവരവാണ് കെയ്‌സിന്റേത്. 2017-ല്‍ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാട്ടുകാരിയായ സ്ലോയേന്‍ സ്റ്റീഫന്‍സിനോടാണ് വന്‍പരാജയം നേരിട്ടത് (6-3, 6-0). കൗമാരപ്രായത്തില്‍ ഭാവിതാരമായി വിലയിരുത്തപ്പെട്ട കെയ്സ് 2015-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമിയില്‍ കടന്നിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സീസണ്‍ അവസാനിപ്പിച്ചിരുന്ന കെയ്സ് ഒരുമാസത്തിനുശേഷം കോച്ചായ ബ്യോണ്‍ ഫ്രറ്റാഞ്ചലോയെ വിവാഹംകഴിച്ചു. 2011-ലെ ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ജേതാവായ ഫ്രറ്റാഞ്ചലോയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് കെയ്സ് ഇനിയും ഉയര്‍ന്നിട്ടില്ലെന്നാണ് ഫ്രറ്റാഞ്ചലോയുടെ വിലയിരുത്തല്‍.