ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ജെഴ്‌സി കാവി നിറമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്. ഈ വിവാദങ്ങളെല്ലാം മാറ്റിവെച്ച് ലോകകപ്പിൽ ഇന്ത്യയുടെ 50 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. അനാവശ്യ വിവാദമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും പല നിറങ്ങളിലുള്ള ജെഴ്‌സിയിൽ ഇന്ത്യ ലോകകപ്പ് കളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

2014, 2018 ലോകകപ്പുകളിൽ ഇന്ത്യ വ്യത്യസ്ത നിറങ്ങളിലുള്ള ജെഴ്‌സികൾ ധരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിറംമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി. 'കാവി ഇന്ത്യൻ പതാകയിലെ ഒരു നിറമാണ്. കളിക്കളത്തിൽ പോരാട്ടത്തിനിറങ്ങുമ്പോൾ ഇന്ത്യൻ പതാക നമ്മുടെ കൺമുന്നിലുണ്ടായിരിക്കും. ഏത് നിറത്തിലുള്ള ജെഴ്‌സി ധരിച്ചാലും നമ്മൾ പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്. അതുകൊണ്ട് നിറത്തിന് പിന്നാലെ പോകുന്നതിൽ കാര്യമില്ല.'- ശ്രീജേഷ് വ്യക്തമാക്കി.

നീല നിറത്തിലുള്ള ജെഴ്‌സികൾ നീല ടർഫിൽ കാഴ്ചയെ ബാധിക്കുന്നു എന്ന അധികൃതരുടെ വാദത്തിൽ തനിക്ക് സംശയമുണ്ടെങ്കിലും കളിക്കാർ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഈ ചർച്ച അവിടെ അവസാനിക്കണമെന്നും ശ്രീജേഷ് പറഞ്ഞു. 'നിറംമാറ്റത്തെക്കുറിച്ചാണ് വിവാദമെങ്കിൽ, 2014-ലും 2018-ലും ഞങ്ങൾ മഞ്ഞയും ഇളംനീലയും ജെഴ്സികൾ ധരിച്ചപ്പോഴും ഇത് സംഭവിച്ചേനെ. ജെഴ്സിയുടെ നിറം മാറ്റുന്നതിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, പറയുന്ന കാരണം വിചിത്രമാണ്. കളിക്കുമ്പോൾ കാഴ്ചപ്രശ്‌നങ്ങൾ കാരണം നിറംമാറ്റുകയാണെങ്കിൽ, നീല ജെഴ്സി ഇനി ഒരിക്കലും ധരിക്കരുത്.' അദ്ദേഹം പറഞ്ഞു.

'കളിക്കാരുടെ സമ്മതത്തോടെയാണ് നിറം മാറ്റിയത് എന്നാണ് ഞാൻ അറിഞ്ഞത്. ഹോക്കി ഇന്ത്യ കാവി ജഴ്സിക്കായി എഫ്ഐഎച്ചിൽനിന്ന് അനുമതി വാങ്ങിയിരിക്കണം. ഓറഞ്ച് നെതർലാൻഡ്സിന്റെ ജെഴ്സിയുടെ നിറം കൂടിയായതുകൊണ്ട്, അവരോട് കളിക്കുമ്പോൾ രണ്ടാമത്തെ വെള്ള ജെഴ്സി ധരിക്കാം. കളിക്കാർ ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവിടെ വിവാദം അവസാനിക്കണം. കാരണം, അവസാനം കളിക്കളത്തിൽ പ്രകടനം നടത്തേണ്ടത് കളിക്കാർ തന്നെയാണ്. കളിയിൽനിന്ന് രാഷ്ട്രീയം അകറ്റി നിർത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. കളിക്കാർക്ക് ഏറ്റവും പ്രധാനം അവരാണ്. അവർക്ക് ഇതിൽ പ്രശ്‌നമില്ലെങ്കിൽ, പുറത്തുനിന്നുള്ളവർക്കും പ്രശ്‌നം ഉണ്ടാകരുത്.'- ശ്രീജേഷ് വ്യക്തമാക്കി.

അതേസമയം, ടീം ഒരു പുതിയ ജെഴ്സി സ്വീകരിക്കുകയാണെങ്കിൽ, കളിക്കാർക്ക് അതിനോട് പരിചിതരാകാൻ കുറച്ചുകൂടി സമയം നൽകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'കളിക്കാർക്ക് ഈ ജെഴ്സിയിൽ മുമ്പ് കളിക്കാൻ അവസരം നൽകേണ്ടിയിരുന്നു. ഞങ്ങൾ നീല ജെഴ്സിയിൽ കളിച്ചുപരിചയിച്ചവരാണ്. ഞാൻ കളിക്കളത്തിലാണെന്നും ഹർമൻപ്രീത് പുറത്തുണ്ടെന്നും കരുതുക, ഞാൻ അവനെ എപ്പോഴും ആ നിറത്തിൽ കണ്ടതുകൊണ്ട് നീല ജെഴ്സിയിൽ അവനെ തിരയും. ജെഴ്സിയുടെ നിറം മാറ്റേണ്ടിയിരുന്നെങ്കിൽ, അത് കുറച്ചുകൂടി നേരത്തെ ചെയ്യേണ്ടതായിരുന്നു.'- ശ്രീജേഷ് കൂട്ടിച്ചേർത്തു.

പുറത്തുനിന്നുള്ള ഇത്തരം വിവാദങ്ങൾ കളിക്കാരെ ബാധിക്കരുതെന്നും നിലവിൽ യൂറോപ്പിലുള്ള ടീം ലോകകപ്പ് മെഡൽ ലക്ഷ്യമാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി ജെഴ്‌സിയാണ് പ്രൈമറി കിറ്റായി ധരിക്കുക. ഇതിനെതിരെ ധൻരാജ് പിള്ള, അജിത്പാൽ സിങ് തുടങ്ങി മുൻതാരങ്ങൾ രംഗത്തെത്തിയിരുന്നു.