ലാഹോര്‍: പാകിസ്താന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്‌ക്കെതിരേ പോലീസ് കേസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ച കുറ്റത്തിന് ഷാലിമാര്‍ പോലീസാണ് താരത്തിനെതിരേ കേസെടുത്തിരിക്കുന്നത്. 

To advertise here,

പെണ്‍കുട്ടിയുടെ പരാതിയില്‍ യാസിറിനും സുഹൃത്ത് ഫര്‍ഹാനുമെതിരേ ഷാലിമാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

യാസിറിന്റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ഇക്കാര്യം പുറത്തറിഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

യാസിര്‍ ഇക്കാര്യത്തില്‍ ഫര്‍ഹാനെ സഹായിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. സഹായത്തിനായി യാസിറിനെ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ താരം ഇക്കാര്യം ചിരിച്ചുതള്ളുകയായിരുന്നുവെന്നും സംഭവം പുറത്ത് പറയാതെ മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 

പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തു പറയാതിരിക്കാനായി ഫ്‌ളാറ്റും മാസം തോറും തനിക്ക് ചെലവിനുള്ള പണവും തരാമെന്ന് യാസിര്‍ പറഞ്ഞതായും പെണ്‍കുട്ടി ആരോപിക്കുന്നു.

Content Highlights: Police register FIR against Pakistan Cricketer Yasir Shah for helping friend who molested a girl