ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങൾക്കായി ഗ്ലാസ്ഗോയിലെത്തിയ ഒട്ടേറെ താരങ്ങളെ കാണാതായതായി റിപ്പോർട്ട്. നാല് ഉഗാണ്ടൻ ബോക്സർമാരെയും ഒരു പാക് ബോക്‌സറെയുമാണ് കാണാതായത്. താരങ്ങളുടെ തിരോധാനം സംബന്ധിച്ച് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്കോട്​ലൻഡ് പോലീസ് വ്യക്തമാക്കി.

To advertise here,

പാക് ബോക്‌സർ ഖ്വദ്രത്തുള്ളയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പാക് ഒളിമ്പിക് അസോസിയേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുൻപും വിദേശരാജ്യങ്ങളിലെ ടൂർണമെന്റുകൾക്കിടയിൽ പാക് ബോക്‌സർമാരെ കാണാതായിട്ടുണ്ട്.

ടീം ഹോട്ടലിലാണ് അവസാനമായി പാക് താരത്തെ കണ്ടത്. പിന്നീട് അവിടെ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. അതേസമയം താരത്തിന്റെ പാസ്‌പോർട്ട് ടീം മാനേജരുടെ കൈവശമാണുള്ളതെന്നാണ് വിവരം. പാക് ടീം ഗ്ലാസ്‌ഗോയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ബോക്‌സറെ കാണാതാവുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2022 ലെ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സമാനമായ സംഭവമുണ്ടായിരുന്നു. സുലേമാൻ ബലൂച്ച്, നസീറുള്ള ഖാൻ എന്നീ ബോക്‌സർമാരെ ബർമിങ്ങാമിൽവെച്ച് കാണാതായി. അപ്പോഴും പാസ്‌പോർട്ട് ടീം ഹെഡിന്റെ കൈവശമാണ് ഉണ്ടായിരുന്നത്. 2024 ൽ ഒളിമ്പിക് ക്വാളിഫയർ മത്സരങ്ങൾക്കിടയിൽ പാക് ബോക്‌സർ സൊഹൈബ് റഷീദ് മറ്റൊരു താരത്തിന്റെ വിദേശ കറൻസിയും മറ്റ് വസ്തുക്കളും മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. തുടർച്ചയായി താരങ്ങളെ കാണാതാകുന്നത് പാകിസ്താൻ ബോക്‌സിങ് ഫെഡറേഷനെ സംബന്ധിച്ച് തലവേദനയാണ്.