മുംബൈ: രാജ്യംകണ്ട മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ സുനിൽ ഛേത്രി ലോകോത്തര ബോക്‌സർ മേരി കോമിനെ അക്ഷരാർഥത്തിൽ കരയിപ്പിച്ചു. വ്യാഴാഴ്ച, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് ബ്രാൻഡ് അംബാസിഡർമാരായി ഇരുവരേയും പ്രഖ്യാപിക്കുന്ന വേളയിലാണ് സംഭവം. നാലുകുട്ടികളുടെ അമ്മയായിട്ടും ബോക്‌സിങ് രംഗത്തേക്ക് തിരിച്ചെത്തി വിജയിച്ചതെങ്ങനെ എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മേരി കോം.

To advertise here,

‘‘ജയിക്കാനുള്ള ദാഹമായിരുന്നു എനിക്കെപ്പോഴും. അങ്ങനെയാണെങ്കിൽ വിജയം നമ്മെ തേടിയെത്തും. അതിന് കഠിനപ്രയത്നം ആവശ്യമാണ്. അതുകൊണ്ടാണ് നാലുകുട്ടികളുടെ അമ്മയായിട്ടും എനിക്ക് ആറുതവണകൂടി ചാമ്പ്യനാകാൻ കഴിഞ്ഞത്. മറ്റുള്ളവർക്ക് ഒരു ഉദാഹരണമാകണമെന്നൊന്നും എനിക്ക് ആഗ്രഹമില്ലായിരുന്നു. പക്ഷേ, ഇപ്പോൾ പെൺകുട്ടികളോട് അമ്മമാർ ചോദിക്കുന്നത് മേരി കോമിന് കഴിയുമെങ്കിൽ എന്തുകൊണ്ട് നിനക്കായിക്കൂടാ എന്നാണ്.’’ -മേരി കോം പറഞ്ഞുനിർത്തിയപ്പോൾ അടുത്തചോദ്യത്തിനായി ഛേത്രി മൈക്ക് കൈയിലെടുത്തു.

‘‘ഏകദേശം ആറുവർഷംമുൻപാണ്, വിദേശത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്ന സമയം. ഓരോ രാജ്യത്തെ അത്‌ലറ്റുകൾക്കും താമസിക്കാൻ വെവ്വേറെ കെട്ടിടങ്ങളാണ്. ഞങ്ങൾ ഫുട്‌ബോൾ ടീം നേരത്തേ എത്തിയിരുന്നു. ഒരു രാത്രി ഒരു വനിതാ അത്‌ലറ്റ് പെട്ടികളും മറ്റുമായി ഗേറ്റിൽ വന്നപ്പോൾ ഞങ്ങൾ എട്ടൊൻപതുപേർ താഴേക്കിറങ്ങി. അവരുടെ പെട്ടികളും ബാഗുകളുമെല്ലാം എടുത്ത് മുറിയിലെത്തിച്ചു. അവരാണ് ഈ മേരി കോം.’’ -ഉയർന്ന കൈയടിക്കിടയിൽ ഛേത്രി തുടർന്നു. ‘‘പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്ന് വലിയ ശബ്ദം തുടർച്ചയായി കേട്ടാണ് ഞങ്ങൾ ഉണർന്നത്. താഴെ പോയിനോക്കുമ്പോൾ ഇവർ വിയർത്തുകുളിച്ച് പരിശീലനത്തിലാണ്. തലേന്ന് രാത്രിവന്ന് പിറ്റേന്ന് പുലർച്ചെ കഠിനപരിശീലനം. അതാണ് മേരി കോം.’’ -ഛേത്രി നിർത്തിയതും സദസ്സാകെ എഴുന്നേറ്റുനിന്ന് കൈയടിച്ചപ്പോൾ മേരി കോം കണ്ണിരിലാഴ്ന്നു. മിനിറ്റുകളോളം അവർ കണ്ണീർ തുടച്ചുകൊണ്ടിരുന്നു, തോളിൽത്തട്ടി ആശ്വസിപ്പിച്ച് ഛേത്രിയും.

ഏറെക്കഴിഞ്ഞാണ് അവർ കരഞ്ഞതിന്റെ കാരണം പറഞ്ഞത്: ‘‘പലരും സെലിബ്രിറ്റിയായിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറിപ്പോകാറുണ്ട്. എന്റെ സഹോദരൻ (ഛേത്രി) അങ്ങനെയല്ല. വാക്കുകൾ ഹൃദയത്തിൽ തൊട്ടു.’’ -മേരി കോമിന്റെ വാക്കുകളിൽ കണ്ണീരിന്റെ നനവ് വിട്ടിരുന്നില്ല.