ദെഹ്‌റാദൂൺ: അന്തരിച്ച ഷൂട്ടിങ് പരിശീലകൻ ജസ്പാൽ റാണയ്്ക്ക് നിറകണ്ണുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് ഒളിമ്പിക് മെഡൽ താരം മനു ഭാക്കർ. അദ്ദേഹം വിടവാങ്ങിയെന്നത് വിശ്വസിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. പരിശീലകൻ എന്നതിലുപരി തന്റെ മാർഗദർശിയും വഴികാട്ടിയും തന്നെ നന്നായി മനസ്സിലാക്കിയ വ്യക്തിയുമായിരുന്നുവെന്ന് മനു ഭാക്കർ പറഞ്ഞു.

To advertise here,

'എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല; ഉൾക്കൊള്ളാനുമാവുന്നില്ല. അദ്ദേഹം എന്റെ പരിശീലകൻ മാത്രമായിരുന്നില്ല. മാർഗദർശി, വഴികാട്ടി, ഒരുപാട് പേരെക്കാൾ എന്നെ മനസ്സിലാക്കിയ സുഹൃത്ത്... എല്ലാമായായിരുന്നു' - മനു ഭാക്കർ പറഞ്ഞു.

തന്റെ ഏറ്റവും മികച്ച പ്രകടനം എപ്പോഴും പുറത്തെടുക്കാൻ അദ്ദേഹം ഒരു വഴി കണ്ടെത്തിയിരുന്നു. പരിഭ്രാന്തനായിരിക്കുന്നതും ആത്മവിശ്വാസത്തോടെയിരിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമുള്ള സമയവും ഒക്കെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും മനു അനുസ്മരിച്ചു.

തന്റെ ഓരോ മെഡലും ഓരോ വിജയവും പോഡിയത്തിലെ ഓരോ നിമിഷവും അദ്ദേഹത്തെ ഓർമിപ്പിക്കും. ആ വിജയങ്ങളിൽ ഒരു പങ്ക് അദ്ദേഹത്തിനുള്ളതാണ്. കാരണം കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടങ്ങളിൽപ്പോലും തന്നിലുള്ള വിശ്വാസം അദ്ദേഹം കൈവെടിഞ്ഞില്ലെന്നും മനു ഭാക്കർ കൂട്ടിച്ചേർത്തു.