ദോഹ: ഖത്തറിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗയ്‌സിയോട് തോറ്റതിൽ കുപിതനായി ചെസ് ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസൻ. ദോഹയിൽ നടന്ന ഫിഡെ ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിലാണ് എറിഗൈസിയുടെ ജയം. തോൽവിക്ക് ശേഷം മേശയിൽ ശക്തിയായി ഇടിച്ച കാൾസൻ, തുടർന്ന് എറിഗയ്‌സിക്ക് കൈനൽകി പിരിയുകയായിരുന്നു. കാൾസനേയും നോദിർബെക് അബ്ദുസാട്ടോറോവിനേയും തകർത്ത് ഒൻപത് പോയിന്റുകളോടെ എറിഗയ്‌സി ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം തുടരുന്നു.

To advertise here,

നിലവിലെ ചാമ്പ്യനായ കാൾസൻ, കരിയറിലെ ഒൻപതാമത്തെ ലോക ബ്ലിറ്റ്‌സ് കിരീടം ലക്ഷ്യമിട്ടാണ് ഖത്തറിലെത്തിയത്. ചാമ്പ്യൻഷിപ്പിൽ മുന്നേറാൻ ഇനിയും അവസരങ്ങളുണ്ടെങ്കിലും എറിഗയ്‌സിയോടേറ്റ തോൽവി, കാൾസന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. തോൽവിക്ക് ശേഷം മേശയിൽ ശക്തിയായി ഇടിച്ചു. തുടർന്ന് എറിഗയ്‌സിക്ക് കൈകൊടുത്ത് കോപം നിയന്ത്രിക്കുന്നുമുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ഈവർഷംതന്നെ വിവിധ ഫോർമാറ്റുകളിൽ കാൾസനെ എറിഗയ്‌സി തോൽപ്പിച്ചിരുന്നു. നോർവേ ചെസ്സിലും ഇപ്പോൾ ബ്ലിറ്റ്‌സിലും എറിഗയ്‌സന് മുന്നിൽ തോൽക്കാനായിരുന്നു കാൾസന്റെ വിധി. തോൽവിയിൽ കാൾസൻ പ്രകോപിതനാകുന്നത് ഇതാദ്യമല്ല. ജൂണിൽ നോർവെ ചെസ്സിൽ നിലവിലെ ലോകചാമ്പ്യനായ ഡി. ഗുകേഷിനോട് തോറ്റപ്പോൾ നിയന്ത്രണം വിട്ട് പെരുമാറിയിരുന്നു.