തിരുവല്ല: മുൻ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ കല്ലൂപ്പാറ കൊച്ചു പാറക്കൽ (അലക്‌സ് വില്ല) കെ.വി. അലക്‌സാണ്ടർ (84) അന്തരിച്ചു. ബുധനാഴ്ച രാവിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

To advertise here,

കായികലോകത്ത് 'അലക്‌സ് സർ' എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യൻ വ്യോമസേനയിലെ 13 വർഷത്തെ സേവനത്തിന് ശേഷമാണ് പൂർണസമയ കായിക പരിശീലകനായി മാറിയത്.

എഴുപതുകളിലും എൺപതുകളിലും വ്യോമസേനാ ബാസ്‌കറ്റ്‌ബോൾ ടീമിനെ ദേശീയ-സർവീസ് ചാമ്പ്യൻഷിപ്പുകളിൽ കിരീടവിജയങ്ങളിലേക്ക് നയിച്ച അദ്ദേഹം കായികരംഗത്തെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ കായികക്ഷമതാ പദ്ധതികൾ പിന്നീട് സൈനിക സ്‌പോർട്‌സ് ക്യാമ്പുകളുടെ ഔദ്യോഗിക പരിശീലന അടിത്തറയായി മാറി. 1973-ൽ ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് അദ്ദേഹം കളത്തിലിറങ്ങിയിരുന്നു.

വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ചേർന്ന അദ്ദേഹം മികച്ച ഒരു തന്ത്രജ്ഞനായി കായിക ചരിത്രത്തിൽ ഇടംനേടി. എറണാകുളം സെന്റ് തെരേസാസ് കോളേജ് (എം.ജി സർവകലാശാല ചാമ്പ്യൻഷിപ്പ് വിജയികൾ), ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് എന്നിവടങ്ങളിലെ അദ്ദേഹത്തിന്റെ പരിശീലന കാലയളവ് വനിതാ കോളേജ് ബാസ്‌കറ്റ്‌ബോൾ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കി.

1984-ൽ കട്ടക്കിൽ നടന്ന സീനിയർ നാഷണൽ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള സീനിയർ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ദേശീയ കിരീടം നേടിക്കൊടുത്തത് അലക്‌സാണ്ടറുടെ പരിശീലന മികവിലായിരുന്നു. പ്രസന്ന ജയശങ്കർ, രാജി തമ്പി തുടങ്ങിയ ഒട്ടെറെ പ്രശസ്ത അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുത്തത് ഇദ്ദേഹമാണ്. കൂടാതെ കേരള പോലീസ് ടീമിന് ആദ്യ ഫെഡറേഷൻ കപ്പ് നേടിക്കൊടുക്കാനും, ഇന്ത്യൻ ജൂനിയർ ടീമിനെ ജപ്പാൻ പര്യടനത്തിൽ പരിശീലിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കൽ കോളേജ് ടീമിനെയും തിരുവല്ല വൈ.എം.സി.എ സമ്മർ ക്യാമ്പുകളെയും അദ്ദേഹം സജീവമായി നയിച്ചു. സെജിൻ മാത്യു, ജോഷ്വ സുനിൽ, അർജുൻ തുടങ്ങിയ നിലവിലെ ദേശീയ ജൂനിയർ താരങ്ങളെ കണ്ടെത്തി വളർത്തിയത് ഇദ്ദേഹമാണ്. കായികരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് ഡിസ്ട്രിക്റ്റ് ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ അദ്ദേഹത്തിന്റെ എൺപതാം ജന്മദിനത്തിൽ ആദരിച്ചിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ആശ, അഞ്ചു. മരുമക്കൾ: അബി, ടെന്നി. പേരക്കുട്ടികൾ എന്നിവരുണ്ട്.