കൊച്ചി: ഐ.എസ്.എൽ. ഫുട്‌ബോളിൽ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങുന്നതിനിടെ സ്‌റ്റേഡിയം വാടകയുടെ കാര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സിനുമുന്നിൽ വീണ്ടും പ്രതിസന്ധി. ഉടമകളായ ജി.സി.ഡി.എ. അയച്ച കത്താണ് ബ്ലാസ്റ്റേഴ്‌സിനെ വെട്ടിലാക്കിയത്. മുൻവർഷങ്ങളിലെ വാടകയുടെ പകുതിയെങ്കിലും തരാതെ സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്നാണ് ജി.സി.ഡി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചത്.

To advertise here,

മുൻവർഷങ്ങളിൽ ഒരു മത്സരത്തിന് 8.4 ലക്ഷം രൂപയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്റ്റേഡിയംവാടകയായി നൽകിയിരുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇത്തവണ കൊച്ചിവിട്ട് കോഴിക്കോട്ടേക്കുപോകാൻ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചപ്പോൾ ജി.സി.ഡി.എ. ചെയർമാൻ വാടകയിൽ കുറവുവരുത്തി സഹായിച്ചിരുന്നു.

രണ്ടുലക്ഷംരൂപ മതിയെന്നാണ് ജി.സി.ഡി.എ. ചെയർമാൻ പറഞ്ഞതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്.സി.ക്കെതിരേ കളിക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് പുതിയ അറിയിപ്പുവന്നത്. മത്സരത്തിന് രണ്ടുദിവസംമാത്രം ശേഷിക്കേ വാടകയുടെകാര്യത്തിൽ മാറ്റംവന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ചെന്നൈയിൻ എഫ്.സി., ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ്.സി. തുടങ്ങിയ ടീമുകൾക്ക് അതത് സ്റ്റേഡിയങ്ങൾ സൗജന്യമായി നൽകിയകാര്യവും ബ്ലാസ്‌റ്റേഴ്‌സ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.