
ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജ്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടക്കാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവുകൂടിയാണ് അബ്ദുല്ല അബൂബക്കര്‍.
ഇതോടൊപ്പം വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്രയും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി.
23-കാരിയായ ജ്യോതി യാരാജി 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞത്. ഫൈനലില്‍ ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13 സെക്കന്‍ഡ്), ഓക്കി മസൂമി (13.26 സെക്കന്‍ഡ്) എന്നിവരെ മറികടന്നാണ് ജ്യോതിയുടെ മെഡല്‍ നേട്ടം. കഴിഞ്ഞ മാസം നടന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 12.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് ജ്യോതിയുടെ ദേശീയ റെക്കോഡ്. എന്നാല്‍ ബാങ്കോക്കിലെ സുപചലസായ് സ്റ്റേഡിയത്തില്‍ പെയ്ത കനത്ത മഴയില്‍ ട്രാക്ക് നനഞ്ഞത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു.

പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ മൂന്നാം മെഡലാണിത്. 2017-ല്‍ ഭുവനേശ്വറില്‍ സ്വര്‍ണവും 2019-ല്‍ ദോഹയില്‍ വെള്ളി മെഡലും അജയ് കുമാര്‍ നേടിയിരുന്നു.
ട്രിപ്പിള്‍ ജമ്പില്‍ 16.92 മീറ്റര്‍ കണ്ടെത്തിയാണ് അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണമണിഞ്ഞത്. ജപ്പാന്റെ ഇകെഹാത ഹികാരു (16.73 മീ), കൊറിയയുടെ ജാങ്വൂ കിം (16.59 മീറ്റര്‍) എന്നിവരെ മറികടന്നായിരുന്നു അബൂബക്കറിന്റെ നേട്ടം. ആദ്യ ശ്രമം തന്നെ ഫൗളായെങ്കിലും നാലാം ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ അബൂബക്കര്‍ സ്വര്‍ണം ഉറപ്പിച്ചു.
ബുധനാഴ്ച പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവുമായി അഭിഷേക് പാലാണ് ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്നത്.
Content Highlights: Jyothi Yarraji Aboobacker Ajay Kumar win gold in Asian Athletics Championships
Published: 13 Jul 2023, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented