ബാങ്കോക്ക്: 2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു. 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടി ഷോട്ട്പുട്ട് താരം ആഭ ഖട്ടുവ ദേശീയ റെക്കോഡോടെ വെള്ളി നേടി.
ആഭയ്ക്ക് പുറമേ ജ്യോതി യാരാജി, പാറുള്‍ ചൗധരി, പ്രിയങ്ക ഗോസ്വാമി, ഡി.പി മനു എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി അവസാന ദിനം വെള്ളി മെഡലുകള്‍ സ്വന്തമാക്കി. മന്‍പ്രീത് കൗര്‍, അങ്കിത, വികാസ് സിങ് വെങ്കലം നേടി. ഇന്ത്യയുടെ പുരുഷ-വനിതാ റിലേ ടീമുകളും മെഡലുകള്‍ നേടി. ആറ് സ്വര്‍ണവും 12 വെള്ളിയും ഒന്‍പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 2017-ല്‍ ഭുവനേശ്വറില്‍ വെച്ച് നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ 27 മെഡലുകള്‍ നേടിയിരുന്നു.
16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്ക നാലാം സ്ഥാനവും ഖത്തര്‍ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
28 കാരിയായ ആഭ 18.06 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് വെള്ളി കഴുത്തിലണിഞ്ഞത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൈനയുടെ സോങ് ജിയായുവാന്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ തന്നെ മന്‍പ്രീത് കൗറിനാണ് വെങ്കലം.
വനിതാ വിഭാഗം 200 മീറ്ററിലാണ് ജ്യോതി യാരാജി വെള്ളി നേടിയത്. നേരത്തേ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരം സ്വര്‍ണം നേടിയിരുന്നു. 23.13 സെക്കന്‍ഡിലാണ് താരം രണ്ടാമതെത്തിയത്. സിങ്കപ്പൂരിന്റെ വെറോണിക്ക ശാന്തി പെരേര ഈ ഇനത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടി. ജ്യോതിയ്ക്ക് പുറമേ പാറുള്‍ ചൗധരിയും ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മെഡല്‍ സ്വന്തമാക്കി. 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ സ്വര്‍ണം നേടിയ പാറുള്‍ 5000 മീറ്ററില്‍ വെള്ളി നേടി. ഇന്ത്യയുടെ തന്നെ അങ്കിത ഈ ഇനത്തില്‍ വെങ്കലം നേടി. പുരുഷന്മാരുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെങ്കലം സ്വന്തമാക്കി.
ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ അഭാവത്തില്‍ പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ മത്സരിച്ച ഇന്ത്യയുടെ ഡി.പി മനു 81.01 മീറ്റര്‍ കണ്ടെത്തി വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞു. 4*400 മീറ്റര്‍ പുരുഷ റിലേയില്‍ ഇന്ത്യ വെള്ളിയും വനിതാ റിലേയില്‍ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. 20 കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് സിങ് വെങ്കലവും വനിതാ വിഭാഗത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളിയും നേടി.
Content Highlights: India finish 3rd with 27 medals in Asian Athletics Championships
Published: 16 Jul 2023, 10:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented