തിരുവനന്തപുരം: ഒരു ചാട്ടം കൂടി പിഴച്ചാൽ സ്വർണം നഷ്ടപ്പെടുമെന്നുറപ്പ്. ജോയൽ ജോസഫ് നേരെ പോയത് ട്രാക്കിന് പുറത്തുനിൽക്കുന്ന മധുസാറിന്റെ അടുത്തേക്കാണ്. മധു സാർ എന്തൊക്കെയോ പറഞ്ഞു. അതെന്താണെന്ന് ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ കൂടി നിന്നവരിൽ ഒട്ടുമിക്കവർക്കും മനസിലായില്ല. എന്നാൽ ജോയലിന് അത് മനസിലായെന്നത് വ്യക്തം. അതിന് കഴുത്തിലെ സ്വർണപതക്കം തന്നെ നേർസാക്ഷ്യം. ജോയലിന് ഒപ്പം മധു സാർ വളർത്തിയെടുത്ത ജോംസണും വെള്ളിയോടെ മിന്നി. പോൾ വോൾട്ടിൽ മധു സാർ ഡബിൾ ഹാപ്പി.

To advertise here,

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കമാണ് മാർ ബേസിൽ എച്ച്എസ്എസ്സിലെ ജോയൽ ജോസഫ് ജൂനിയർ ആൺകുട്ടികളുടെ പോൾ വോൾട്ടിൽ സ്വർണം നേടുന്നത്. മാർ ബേസിൽ സ്കൂളിലെ തന്നെ ജോംസൺ ചെറിയാനാണ് കടുത്ത വെല്ലുവിളി ഉയർത്തിയത്. ഇരുവരും 3.40 മീറ്റർ ഉയരം രണ്ടാമത്തെ ശ്രമത്തിലാണ് മറികടക്കുന്നത്. എന്നാൽ 3.50 മീറ്റർ ആദ്യം മറികടന്നത് ജോംസൺ ആണ്. മൂന്നാമത്തെ ശ്രമത്തിലാണ് ജോയൽ ഈ ഉയരം മറികടക്കുന്നത്. അതേസമയം 3.60 മീറ്ററിൽ മത്സരത്തിന്റെ ഗതി മാറി. ജോയൽ ആദ്യശ്രമത്തിൽ തന്നെ ഇതു മറികടന്നപ്പോൾ ജോംസണ് മൂന്നു ശ്രമത്തിലും മറികടക്കാനായില്ല. അതോടെ ജോയൽ ജോസഫ് സ്വർണം നേടി. പൊൻതിളക്കത്തിന് പിന്നാലെ ജോയൽ പിന്നേയും റെക്കോഡ് ലക്ഷ്യമിട്ട് ചാടാനിറങ്ങി. 3.70 മീറ്ററും മറികടന്നു കുതിച്ചു. വീണ്ടും ചാടിയെങ്കിലും 3.80 മീറ്ററിൽ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും നല്ലരീതിയിലുള്ള ഒരു പരിശീലനം കിട്ടാത്തതിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും പരിശീലകൻ മധു പറഞ്ഞു. റെക്കോഡ് പ്രതീക്ഷിച്ചാണ് ജോംസണും ജോയലും മത്സരിച്ചത്. എന്നാൽ പരിക്ക് ജോംസണിന്റെ പ്രകടനത്തെ ബാധിച്ചു. തന്റെ കീഴിൽ മാസങ്ങൾ മാത്രമാണ് ജോയൽ പരിശീലിച്ചതെന്നും എന്നിട്ടും സ്വർണം നേടാനായതായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിനിടയിൽ ചാട്ടം ഫൗളാകുമ്പോഴൊക്കെ ജോയലും ജോംസണും പുറത്തുനിൽക്കുന്ന മധു സാറിന്റെ അടുത്ത് പോയി നിർദേശം സ്വീകരിക്കുന്നത് സ്റ്റേഡിയത്തിൽ കാണാമായിരുന്നു. ശരിയായി ചാടാനുള്ള ടെക്നിക് പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മറുപടി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് മധു സാറിനൊപ്പം ഇരുവരും പരിശീലനം നടത്തുന്നത്. രാവിലെ മുതൽ രാത്രി വരെ ഒട്ടേറെ കുട്ടികൾക്ക് മധു സാർ പരിശീലനം നൽകുന്നുണ്ട്. സ്വർണം കിട്ടാൻ കാരണം മധു സാറാണെന്നും അതിൽ സന്തോഷമുണ്ടെന്നും ജോയൽ പ്രതികരിച്ചു. ജോയലിന്റെ അച്ഛൻ ജോസഫും ആ സന്തോഷത്തിൽ പങ്കുചേർന്നു. അവൻ ശരിക്കും അധ്വാനിച്ചു. ആറുമാസമായി വീട്ടിൽ വന്നിട്ട്. ജോയലിന്റെ ഇഷ്ടത്തിനൊപ്പം ഞാനുമുണ്ട്. ആലപ്പുഴയിലെ പെരുമ്പളം ദ്വീപിൽ നിന്നാണ് ഞങ്ങൾ വരുന്നത്. എറണാകുളത്തൊക്കെ ബോട്ടിലാണ് പോകുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ട്. എന്നിരുന്നാലും ജോയലിന് എല്ലാ പിന്തുണയുമായി കൂടെയുണ്ടെന്നും ജോയലിന്റെ പിതാവ് പറയുന്നു.