
ചെന്നൈ: ഇന്റർനെറ്റ് തകരാർ മൂലം താറുമാറായ 2020 ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് ഫൈനലിനൊടുവിൽ ഇന്ത്യയെയും റഷ്യയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളാകുന്നത്.
മലയാളി താരം നിഹാൽ സരിൻ അടക്കം ഇന്ത്യയുടെ മൂന്ന് താരങ്ങൾക്ക് സാങ്കേതിക കാരണങ്ങളാൽ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു. ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയാണെന്ന് അന്താരാഷ്ട്ര ചെസ് സംഘനയുടെ പ്രസിഡന്റ് അർക്കാഡി ഡ്വോർക്കോവിച്ച് പറഞ്ഞു.
വനിതകളിലെ ലോക ചാമ്പ്യൻകൂടിയായ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് എന്നിവരാണ് സെർവർ തകരാർ കാരണം മത്സരത്തിനിടെ ലോഗ് ഔട്ട് ആയ മറ്റ് ഇന്ത്യൻ താരങ്ങൾ. ലോകത്താകമാനം ഇന്റർനെറ്റ് സേവനം തടസ്സം നേരിട്ടതിന്റെ ഭാഗമായിരുന്നു ഇതും.
ആദ്യ റൗണ്ടിലെ ആറു മത്സരങ്ങളിൽ മൂന്നുപോയന്റ് വീതം നേടി തുല്യനിലയിലായിരുന്നു ഇന്ത്യയും റഷ്യയും. ആറു മത്സരങ്ങളും സമനിലയായി. ഇന്ത്യയുടെ വിദിത്ത് സന്തോഷ്, പി. ഹരികൃഷ്ണ, ഡി. ഹരിക, ആർ. പ്രഗ്നാനന്ദ, ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി എന്നിവരാണ് സമനില നേടിയത്.
രണ്ടാം റൗണ്ടിൽ ഹരികൃഷ്ണ, പ്രഗ്നാനന്ദ എന്നിവർക്ക് പകരം ഇന്ത്യ നിഹാൽ സരിനെയും വി. ആനന്ദിനെയും കളിപ്പിച്ചു. ഇന്ത്യ പിന്നിൽ നിൽക്കെയാണ് ഇന്റർനെറ്റ് കണക്ഷനിൽ പ്രശ്നം വന്നത്. വനിതകളുടെ റാപ്പിഡ് ചാമ്പ്യൻ കൊനേരു ഹംപിയും ബ്ലിറ്റ്സ് ചാമ്പ്യനായ റഷ്യയുടെ കാതെറീന ലാഗ്നോയും തമ്മിലുള്ള മത്സരം ആവേശകരമായിരുന്നു. ഹംപി ജയപ്രതീക്ഷ ഉണർത്തിയെങ്കിലും ഒടുവിൽ സമനിലയായി.
Content Highlights: India and Russia declared joint winners of Online Chess Olympiad
Published: 31 Aug 2020, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented