ന്യൂഡല്‍ഹി: ആഘോഷത്തിന് രോഹിത് ശര്‍മയുടെ ശൈലി സ്വീകരിച്ച് ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ടി20 ലോകകപ്പുമായി രോഹിത് സഹതാരങ്ങള്‍ക്കിടയിലേക്ക് നടന്നടുക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ചെസ് താരങ്ങളുടെയും ആഘോഷപ്രകടനം. ബുദാപെസ്റ്റ് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 

To advertise here,

പോഡിയത്തില്‍ ത്രിവര്‍ണപ്പതാകയ്ക്ക് പിറകിലായി നില്‍ക്കുന്ന ചെസ് താരങ്ങള്‍ക്ക് മുന്‍പിലേക്ക് ഡി. ഗുകേഷും താനിയ സച്‌ദേവും ട്രോഫിയുമായി രോഹിത് ശര്‍മ സ്‌റ്റൈലില്‍ എത്തുന്നതാണ് വീഡിയോ. 2022 ഫിഫ ലോകകപ്പ് കിരീടധാരണത്തിന് പിന്നാലെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയാണ് ഈ ശൈലി ആദ്യമായി സ്വീകരിച്ചത്. തുടര്‍ന്ന് ഈവര്‍ഷം ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയും ഇത് അനുകരിച്ചു.

ഗുകേഷും സച്‌ദേവും ഇരുവശങ്ങളില്‍നിന്നുമായി വന്ന് ട്രോഫികള്‍ പിറകിലുള്ളവര്‍ക്ക് കൈമാറുന്നതും എല്ലാവരും ചേര്‍ന്ന് വിജയം ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. ചെസ് ഒളിമ്പ്യാഡില്‍ ഗുകേഷിന്റെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണ മെഡലാണിത്. പത്ത് മത്സരങ്ങളില്‍നിന്ന് ഒന്‍പത് വിജയവും ഒരു സമനിലയുമായി തോല്‍വിയറിയാതെയുള്ള ഗുകേഷിന്റെ പോരാട്ടമാണ് ഇന്ത്യയെ സ്വര്‍ണ മെഡലിലെത്തിച്ചത്. അര്‍ജുന്‍ എറിഗാസി 11 മത്സരങ്ങളില്‍നിന്ന് പത്ത് വിജയവും നേടി. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വങ്കിത അഗര്‍വാള്‍, താനിയ സച്‌ദേവ്, അഭിജിത് കുന്‍തെ എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയ വനിതാ ടീമംഗങ്ങള്‍.