കൊച്ചി: മകൾ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം നേടുമ്പോൾ അമ്മ ഇതൊന്നുമറിയാതെ തൊഴിലുറപ്പ് ജോലിയിലായിരുന്നു. കിണർ വലകൾ വിറ്റ് ഉപജീവനം നടത്തുന്ന അച്ഛനും അറിഞ്ഞിരുന്നില്ല, മകളുടെ നേട്ടം. കാര്യങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയുന്ന വാട്സാപ്പ് സംവിധാനങ്ങളുള്ള ഫോണും കൈയിലില്ല. ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, ചെറിയ മകളാണ് അമ്മയെ വിവരം അറിയിക്കുന്നത്. അമ്മേ അനിഷയ്ക്ക് നൂറു മീറ്ററിൽ ഒന്നാംസ്ഥാനമുണ്ടെന്ന്. പലരും വിളിച്ച് അഭിനന്ദിച്ചെന്നും അറിയിച്ചപ്പോൾ അമ്മ നിയന്ത്രണമടക്കാനാവാതെ ആ അമ്മ കരഞ്ഞുപോയി. 

To advertise here,

ഭിന്നശേഷി വിഭാ​ഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ കെ. അനിഷയ്ക്കാണ് സ്വർണം. എസ്. അബിനയാണ് ​ഗൈഡ് റണ്ണറായി ഓടിയത്. ജന്മനാ കാഴ്ച പരിമിതിയുണ്ട് അനിഷയ്ക്ക്. ശസ്ത്രക്രിയയൊക്കെ ചെയ്ത് ഇപ്പോൾ 75 ശതമാനം കാഴ്ച ശക്തിയാണുള്ളത്. കാഴ്ചപരിമിതിയുള്ളവരുടെ തോതുകൾ വ്യത്യസ്തമായതിനാൽ ഒരു ഏകോപന സ്വഭാവം കൈവരുത്തുന്നതിന് എല്ലാവരുടെയും കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക. ​ഗൈഡ് റണ്ണറായി ഒരാളുമുണ്ടാകും. മത്സരാർഥിയുടെ കൈ, ​ഗൈഡ് റണ്ണറുടെ കൈയിൽ കൂട്ടിക്കെട്ടിയാണ് ഓട്ടമത്സരം. 

അനിഷ സുഹൃത്തിന്റെ ബൂട്ട് കടംവാങ്ങിയാണ് സംസ്ഥാന സ്കൂൾ കായി‌കമേളയിൽ മത്സരിക്കാനെത്തിയത്. അമ്മയ്ക്ക് തൊഴിലുറപ്പിൽനിന്ന് കിട്ടുന്ന സമ്പാദ്യവും അച്ഛന് വല വിറ്റു കിട്ടുന്ന സമ്പാദ്യവും കൊണ്ട് അഞ്ച് പേരടങ്ങുന്ന കുടുംബം പോറ്റാൻതന്നെ കഴിയില്ല. സുഹൃത്ത് നൽകിയ പഴയ ബൂട്ട് ഉപയോ​ഗിച്ചാണ് ട്രെയിനിങ്ങിൽ പങ്കെടുത്തതും സംസ്ഥാന കായികമേളയ്ക്ക് എത്തിയതും. പല തവണ ബൂട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും വാങ്ങിനൽകാനുള്ള സാമ്പത്തിക സാഹചര്യമുണ്ടായിരുന്നില്ലെന്ന് അമ്മ പറയുന്നു. അച്ഛനും കാഴ്ചപരിമിധി നേരിടുന്നുണ്ട്. തലശ്ശേരിയിൽ കിണർ വല വിറ്റ് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോൾ കാഴ്ചാ പ്രശ്നം കാരണം പോവാൻ പ്രയാസമാണ്.