ലണ്ടന്‍: ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ഉറപ്പായി. ഇന്ത്യ പതിവായി വൻ മെഡൽവേട്ട നടത്തിയിരുന്ന ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, സ്‌ക്വാഷ്, ഷൂട്ടിങ് തുടങ്ങിയ മത്സരങ്ങൾ ഗെയിംസിൽ നിന്ന് ഒഴിവാക്കാൻ സംഘാടകർ ഔദ്യോഗികമായി തന്നെ തീരുമാനിച്ചു. ചെലവുകുറയ്ക്കലാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണമായകമായ ഈ മത്സരയിനങ്ങൾ ഒഴിവാക്കുന്നതിനുള്ള കാരണമായി സംഘാടകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. 2022ൽ ബർമിങ്ങാമിൽ ഇരുപത് മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ  ബർമിങ്ങാം ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ നേടിയ 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോള്‍ ഒഴിവാക്കിയ കായിക ഇനങ്ങളില്‍ നിന്നായിരുന്നു.

To advertise here,

ഗുസ്തിയില്‍  49 സ്വര്‍ണം ഉള്‍പ്പെടെ ഇതുവരെ 114 ഉം ബാഡ്മിന്റണില്‍ 10 സ്വര്‍ണം ഉള്‍പ്പെടെ 31 ഉം ഷൂട്ടിങ്ങില്‍ 63 സ്വര്‍ണം അടക്കം 135 ഉം ബാഡ്മിന്റണില്‍ 31 ഉം ഹോക്കിയിൽ ആറും സ്‌ക്വാഷില്‍ അഞ്ചും  ക്രിക്കറ്റില്‍ ഒരു വെള്ളി മെഡലുമാണ് ഇതുവരെയായി ഇന്ത്യ നേടിയത്.

2026 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഗെയിംസ് നടത്താനുള്ള സാമ്പത്തിക ചെലവിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതിനെ തുടര്‍ന്ന് ഗെയിംസിന്റെ നടത്തിപ്പ് തന്നെ അവതാളിത്തിലായിരുന്നു. ഇന്ത്യ അടക്കം പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചെലവ് കാരണം എല്ലാവരും പിൻവാങ്ങി. ഇതോടെ ഗെയിംസിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഈ സാഹചാര്യത്തിലാണ് അവസാന നിമിഷം സ്‌കോട്ട്‌ലന്‍ഡ് രംഗത്തുവന്നത്. 2014 ന് ശേഷം ഇത് രണ്ടാംവട്ടമാണ് ഗ്ലാസ്‌ഗോയില്‍ ഗെയിംസിന് ആതിഥേത്വം വഹിക്കുന്നത്. ഇത് നാലാം തവണയാണ് സ്കോട്ട്ലൻഡ് ഗെയിംസിന് വേദിയാകുന്നത്. പത്ത് വർഷത്തെ ഇടവേളയിൽ ഗ്ലാസ്കോ ഗെയിംസിന് വേദിയാകുന്നത് രണ്ടാമത്തെ തവണയും.