ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐയുടെ മുന്‍ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. 

To advertise here,

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാര്‍ഖണ്ഡ് പോലീസില്‍ ഐ.ജി.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനില്‍ സജീവമായി പ്രവര്‍ത്തിച്ച അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി പ്രയത്‌നിച്ചു. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ആസ്ഥാനം ജംഷേദ്പുരില്‍ നിന്ന് റാഞ്ചിയിലേക്ക് മാറ്റിയതും അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലാണ്. ബി.സി.സി.ഐയുടെ ജോയന്റ് സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചു. 

2005-ലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായിരുന്നു അമിതാഭ് ചൗധരി. ഈ സമയത്താണ് നായകന്‍ സൗരവ് ഗാംഗുലിയും പരിശീലകന്‍ ഗ്രെഗ് ചാപ്പലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അന്ന് ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചാപ്പല്‍ ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാറിന് ഇ മെയില്‍ അയച്ചിരുന്നു. ഈ പ്രശ്‌നത്തെത്തുടര്‍ന്ന് അമിതാഭ് ചൗധരി അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.