ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാമെന്ന് കാട്ടി കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ നിരക്കുകൾ 2026 ഒക്ടോബർ 15 മുതൽ നിലവിൽവരും.

To advertise here,

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് എംഡിആർ ഈടാക്കുക. എന്നാൽ, 75,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയുടെ ഇടപാടുകൾക്ക് ഈടാക്കാവുന്ന പരമാവധി എംഡിആർ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികൾ തങ്ങളുടെ അക്വയറിങ് ബാങ്കുകൾക്കാണ് ഈ തുക നൽകേണ്ടത്. ഈ ചാർജ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ വ്യാപാരികൾക്ക് അനുവാദമില്ല. കൂടാതെ, യുപിഐ ആപ്പുകൾ പ്ലാറ്റ്‌ഫോം ഫീയോ മറ്റ് നിരക്കുകളോ ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്.

3,000 രൂപയുടെ യുപിഐ ഇടപാടിൽ വ്യാപാരി 0.4 ശതമാനം നിരക്കിൽ 12 രൂപ എംഡിആർ നൽകണം. 50,000 രൂപയുടെ ഇടപാടിൽ ഇത് 200 രൂപയായിരിക്കും. ഒരുലക്ഷം രൂപയുടെ ഇടപാടിൽ 0.4 ശതമാനം കണക്കാക്കുമ്പോൾ 400 രൂപ വരുമെങ്കിലും, പരമാവധി പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ 300 രൂപ മാത്രമേ നൽകേണ്ടതുള്ളൂ.

ചില പ്രത്യേക മേഖലകളിലെ വ്യാപാരികൾക്ക് ഫ്ലാറ്റ് നിരക്കിലുള്ള എംഡിആർ ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം ഇടപാടൊന്നിന് 5 രൂപ നിരക്കിൽ എംഡിആർ ഈടാക്കും.

പെട്രോൾ പമ്പ് ഉടമകൾ 2,000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന പേയ്‌മെന്റുകൾക്ക് ഫ്ലാറ്റ് നിരക്കായി 5 രൂപ എംഡിആർ നൽകണം. 2,000 രൂപയിൽ താഴെയുള്ള ഇന്ധന പേയ്‌മെന്റുകൾക്ക് എംഡിആർ ബാധകമല്ല. 2,000 രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് പ്രീമിയം അടവുകൾക്കും ഫ്ലാറ്റ് നിരക്കായ 5 രൂപ എംഡിആർ ബാധകമാണ്. വൈദ്യുതി, കുടിവെള്ളം, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് തുടങ്ങിയ സർക്കാർ സേവനങ്ങൾക്കും 2,000 രൂപയ്ക്ക് മുകളിൽ ഫ്ലാറ്റ് നിരക്കായ 5 രൂപ എംഡിആർ നൽകേണ്ടിവരും.

മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്ക് ബ്രോക്കർമാർ, ഡീലർമാർ, നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് 0.02 ശതമാനം എംഡിആർ ബാധകമായിരിക്കും. ഇതിന്റെ പരമാവധി പരിധി 300 രൂപയാണ്. അതേസമയം, വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ഈ പുതിയ എംഡിആർ ഘടന ബാധകമല്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പണം അയക്കുന്നതും സ്വന്തം ബാങ്ക് അക്കൗണ്ടുകൾക്കിടയിലുള്ള പണമിടപാടുകളും പൂർണമായും സൗജന്യമായി തുടരും.

കൂടാതെ, പേഴ്‌സൺ ടു പേഴ്‌സൺ മർച്ചന്റ് വിഭാഗത്തിൽപ്പെടുന്ന ചെറു വ്യാപാരികൾക്കും ഈ നിരക്കുകളിൽനിന്ന് ഇളവുണ്ട്. യുപിഐ ക്യുആർ കോഡ് വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാസത്തിൽ ഒരുലക്ഷം രൂപ വരെ ലഭിക്കുന്ന ചെറുകിട കച്ചവടക്കാരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത്തരക്കാർക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഒറ്റപ്പെട്ട ഇടപാടുകൾ ലഭിച്ചാലും എംഡിആർ ബാധകമാകില്ല.

വ്യാപാരികളിൽനിന്ന് എംഡിആർ ഈടാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയെങ്കിലും 95 ശതമാനത്തിലധികം ഇടപാടുകളും സൗജന്യ പരിധിയിലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പേഴ്‌സൺ ടു മർച്ചന്റ് യുപിഐ ഇടപാടുകളുടെ ആകെ എണ്ണത്തിന്റെ 95 ശതമാനത്തിലധികവും 2,000 രൂപയിൽ താഴെയുള്ളവയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.