വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയമായ ഇന്ത്യയുടെ ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കെതിരേ ആരാധകരുടെ രോഷം. ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സിന് ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡായ പൃഥ്വി ഷാ രണ്ടാമിന്നിങ്‌സില്‍ നേടിയത് 18 റണ്‍സ് മാത്രമാണ്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ ടോം ലാഥം ക്യാച്ചെടുക്കുകയായിരുന്നു. 

പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ന്യൂസീലന്‍ഡിനെതിരേ അഞ്ചു ഇന്നിങ്‌സുകള്‍ കളിച്ച ഷായ്ക്ക് ഒരൊറ്റ തവണ മാത്രമേ മുപ്പതിന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വി ഷാ പുറത്തിരുന്ന് കളി പഠിക്കട്ടേയെന്ന് ഒരു ആരാധകന്റെ ട്വീറ്റില്‍ പറയുന്നു. 

അതേസമയം പൃഥ്വി ഷായുടെ സഹഓപ്പണറായ മായങ്ക് അഗര്‍വാള്‍ രണ്ടിന്നിങ്‌സിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സ് നേടിയ അഗര്‍വാള്‍ രണ്ടാമിന്നിങ്‌സില്‍ 99 പന്തില്‍ 58 റണ്‍സ് അടിച്ചു. 

രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്കായി ആരു ഓപ്പണ്‍ ചെയ്യുമെന്ന്‌ പരമ്പരയ്ക്കു മുമ്പ് ആശയക്കുഴപ്പമുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമില്‍ നിലവിലുള്ള ഓപ്പണര്‍മാര്‍. ഇതില്‍ മായങ്ക്-ഷാ സഖ്യം പരാജയമായി. ഏകദിനത്തിലും ഈ സഖ്യത്തിന് മികവിലേക്കുയരാനായിരുന്നില്ല.

Content Highlights: Fans Fume After Prithvi Shaw's Twin Failures In First Test Against New Zealand