ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെയാണ്‌ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിവാഹത്തിനായി കാത്തിരിക്കുന്നത്. ശനിയാഴ്ച മെദീരയിൽ നടക്കുന്ന ചടങ്ങിൽ ക്രിസ്റ്റിയാനോ ജോർജിനയെ ജീവിതസഖിയാക്കും. പത്ത് വർഷം ഒരുമിച്ച് താമസിച്ച ശേഷമാണ് ഇരുവരും വിവാഹത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്.

To advertise here,

ഇതിന് പിന്നാലെ ആരെല്ലാം അതിഥികളായെത്തുമെന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറഞ്ഞിരിക്കുകയാണ്. ഫുട്‌ബോൾ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, സിനദിൻ സിദാൻ, വെയ്ൻ റൂണി, വിനീഷ്യസ് ജൂനിയർ എന്നിവരെല്ലാം വിവാഹത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ക്രിസ്റ്റ്യാനോയുടെ വിവാഹ വീഡിയോകളും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. എല്ലാം എഐ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണെന്നുമാത്രം.

അക്കൂട്ടത്തിൽ മലയാളികൾക്കിടയിൽ ഏറെ വൈറലായിരിക്കുന്ന ഒരു വിവാഹ വീഡിയോയുമുണ്ട്. കേരളത്തിന്റെ നൊസ്റ്റാൾജിക് കാലഘട്ടമായ നയന്റീസിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സെറ്റ് സാരിയുടുത്ത ജോർജിനയും കസവ് മുണ്ടും ഷർട്ടും ധരിച്ച ക്രിസ്റ്റിയാനോയേയും വീഡിയോയിൽ കാണാം. വിവാഹ പന്തലിൽ മെസ്സിയും എംബാപ്പെയും സംസാരിച്ചു നിൽക്കുന്നതും ഹാളണ്ടും സലയും യമാലും പന്തലിലിരുന്ന് സദ്യ കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഫിഫ അധ്യക്ഷൻ ഇൻഫന്റീനോ എത്തുമ്പോൾ ആളുകൾ സ്വീകരിക്കുന്നതും സ്‌കലോണിയുമായി ഇൻഫന്റീനോ സംസാരിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ചെക്കനും പെണ്ണിനുമൊപ്പം ഫോട്ടോ എടുക്കുന്ന നെയ്മറിനേയും കാണാം.

യുട്യൂബറും ഗായകനുമായ ഐഷോസ്പീഡും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. റൊണാൾഡോയുടെ അടുത്ത സുഹൃത്തായ ഐഷോസ്പീഡിനെ ജോർജിനയുടെ സഹോദരനായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നതെന്നാണ് ആളുകളുടെ കണ്ടെത്തൽ. വിവാഹം കഴിഞ്ഞ് റൊണാൾഡോയ്‌ക്കൊപ്പം കാറിൽ പോകുമ്പോൾ ജോർജിന കരയുകയും അത് കണ്ട് ഐഷോസ്പീഡ് കണ്ണുതുടയ്ക്കുന്നുമുണ്ട്.

ചെക്കന്റെ കല്ല്യാണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ ഇതുവരെ 4.4 മില്ല്യൺ ആളുകളാണ് കണ്ടത്. അഹമ്മദ് ഫയാസ് എന്ന എഐ വിദഗ്ദ്ധനാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. ഫയാസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും.