
കൊച്ചി: ജർമ്മൻ ഫുട്ബോളിന്റെ പ്രൊഫഷണൽ പരിശീലന മികവ് കേരളത്തിലെ യുവതാരങ്ങളിലേക്ക് എത്തിക്കുന്നതിനായി 'ബുണ്ടസ്ലിഗ x സീ ഫുട്ബോൾ വീക്ക്' ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചിയിൽ നടക്കും. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസും ജർമ്മൻ ഫുട്ബോൾ ലീഗായ ബുണ്ടസ്ലിഗയും ചേർന്ന് ഈഗിൾസ് എഫ്സി കേരളയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡോർട്മുണ്ട് പരിശീലകരുടെ ക്യാമ്പ്
രണ്ട് ദിവസവും രാവിലെ പനമ്പള്ളി നഗറിലെ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ വിദഗ്ധ പരിശീലകർ യുവതാരങ്ങൾക്ക് പരിശീലനം നൽകും. കേരളത്തിലെ ഗ്രാസ്റൂട്ട് പരിശീലകർക്കായി (കോച്ചുകൾക്ക്) അന്താരാഷ്ട്ര പരിശീലന രീതികൾ പരിചയപ്പെടുത്തുന്ന ശിൽപ്പശാലയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രൊഫഷണൽ നിലവാരത്തിലുള്ള പരിശീലനം കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അന്താരാഷ്ട്ര പരിശീലകരിൽനിന്ന് പഠിക്കാനുള്ള അവസരം യുവ താരങ്ങൾക്കും കോച്ചുകൾക്കും പ്രയോജനപ്പെടുമെന്നും ഈഗിൾസ് എഫ്സി ചെയർമാൻ ഷാഫി മേത്തർ പറഞ്ഞു.
പദ്മ സിനിമ 4Kയിൽ 'ഡെർ ക്ലാസിക്കർ'
ഒക്ടോബർ 31-ന് രാത്രി 10 മണിക്ക് നടക്കുന്ന ബയേൺ മ്യൂണിക്ബൊറൂസിയ ഡോർട്മുണ്ട് പോരാട്ടമായ 'ഡെർ ക്ലാസിക്കർ' കൊച്ചി എംജി റോഡിലെ പദ്മ സിനിമ 4Kയിൽ (ഷേണായ് സിനിമാക്സ്) തത്സമയം പ്രദർശിപ്പിക്കും. ബൊറൂസിയ ഡോർട്മുണ്ടിന്റെ മുൻ നായകനും ബുണ്ടസ്ലിഗ ചാമ്പ്യനുമായ മാർസെൽ ഷ്മെൽസറിനൊപ്പം 500-ഓളം ആരാധകർക്ക് മത്സരം കാണാം. ഫുട്ബോൾ ക്വിസും സമ്മാനവിതരണവും ഉൾപ്പെടെയുള്ള പരിപാടികളുമുണ്ടാകും. ടിക്കറ്റുകൾ ടിക്കറ്റ്ജീനി ആപ്പിൽ ലഭ്യമാണ്.
ബുണ്ടസ്ലിഗയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കേവലം മത്സര സംപ്രേഷണത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇന്ത്യയിൽ താഴെത്തട്ടിൽ നിന്ന് ഫുട്ബോളിനെ വളർത്തിയെടുക്കുക, ലോകോത്തര ഫുട്ബോളുമായും താരങ്ങളുമായും ക്ലബ്ബുകളുമായും ആരാധകർക്ക് ആഴത്തിലുള്ള ആത്മബന്ധം സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ ഇത് യാഥാർഥ്യമാകുന്നത് പകലന്തിയോളം ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകർക്കൊപ്പം പരിശീലനം നേടുന്ന യുവതാരങ്ങളിലൂടെയും, രാത്രിയിൽ ഡോർട്ട്മുണ്ടിന്റെ ഇതിഹാസ താരത്തോടൊപ്പം ഒത്തുകൂടി 'ഡെർ ക്ലാസിക്കർ' പോരാട്ടം തത്സമയം ആസ്വദിക്കുന്ന ആരാധകരിലൂടെയുമാണ്. വരാനിരിക്കുന്ന ഇത്തരം നിരവധി ആവേശകരമായ ദിനങ്ങളുടെ ആദ്യ ചുവടുവെപ്പാണിത് - സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് യുണൈറ്റ്8 സ്പോർട്സ് ചീഫ് ബിസിനസ് ഓഫീസർ ഭാവേഷ് ജനാവ്ലേക്കർ പറഞ്ഞു.
കേരളത്തിന് ശക്തമായൊരു ഫുട്ബോൾ സംസ്കാരമുണ്ട്. അതിനാൽ തന്നെ സീയുമായി (Zee) ചേർന്നുള്ള ഞങ്ങളുടെ ഫീൽഡ് തല പരിപാടികൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ വേദിയാണ് കൊച്ചി. ഈ പങ്കാളിത്തത്തിലൂടെ, തത്സമയ മത്സരങ്ങൾക്കപ്പുറം അർഥവത്തായ അനുഭവങ്ങളിലൂടെ ബുണ്ടസ്ലിഗയെ ഇന്ത്യയിലെ ആരാധകരിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലന മികവ് യുവതാരങ്ങളിലേക്ക് എത്തിക്കുന്നതിലൂടെയും, 'ഡെർ ക്ലാസിക്കർ' മത്സരം ഒത്തൊരുമിച്ച് ആസ്വദിക്കാൻ ആരാധകർക്ക് അവസരമൊരുക്കുന്നതിലൂടെയും, ഇന്ത്യയിലെ ഫുട്ബോൾ സമൂഹവുമായി കൂടുതൽ ഊഷ്മളമായൊരു ബന്ധം സ്ഥാപിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', ബുണ്ടസ്ലിഗ ഏഷ്യ പസഫിക് മേധാവി കെവിൻ സിം വ്യക്തമാക്കി.
Published: 30 Oct 2026, 08:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented