കോഴിക്കോട്: പണിയ, കാട്ടുനായ്ക്ക, കുറുമ്പ തുടങ്ങി ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ സംസ്ഥാന കായികമേളയിൽ വളരെ ചെറിയ ശതമാനം മാത്രം. ഇതിൽ ഒരാൾപോലും മെഡൽ നേട്ടത്തിലെത്തുന്നുമില്ല. പരാജയം ആരുടേതാണ്? തീർച്ചയായും അവരുടേതല്ല. അവരെ ഉന്നതിയിലേക്ക് നയിക്കാനായി പ്രവർത്തിക്കുന്ന സംവിധാനങ്ങളുടേതുതന്നെ. അധികൃതരുടെ കൈവശം ഈ വിഭാഗങ്ങളിലെ എത്രപേർ മേളയിൽ പങ്കെടുക്കുന്നു എന്ന കണക്കില്ല.

To advertise here,

ആദിവാസികൾ കൂടുതലുള്ള ജില്ലകളിലൊന്നായ വയനാടുനിന്ന് 18 പേരാണ് സംസ്ഥാന മേളയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ 17 പേർ പണിയ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ കാട്ടുനായ്ക്ക വിഭാഗവുമാണെന്നാണ് അധ്യാപകർ മുഖേന മാതൃഭൂമി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. ഇതിൽ എട്ടുപേർ പങ്കെടുത്തത് ഖോ-ഖോ മത്സരത്തിൽ. സ്പൈക്സ് പോലും വേണ്ടാത്ത ഈയിനത്തിൽ കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നത് സാമ്പത്തികച്ചെലവ് കുറവാണ് എന്ന കാരണത്താലാണ്.

പട്ടികവിഭാഗങ്ങൾ കൂടുതലുള്ള പാലക്കാട്ടു നിന്ന് കുറുമ്പ വിഭാഗത്തിലെ ഒരുകുട്ടിപോലും മേളയിലേക്ക് എത്തിയില്ല. അട്ടപ്പാടി മേഖലയിൽ നിന്ന് നാലുപേർ പങ്കെടുത്തു.

ഇതിൽ രണ്ടുപേർ മെഡൽ നേടി. ഇവർ ഇരുള വിഭാഗത്തിൽപ്പെടുന്നവരാണ്. മല്ലേശ്വര സ്കൂളിലെ മഹേഷ് കബഡിയിലും വോളിബോളിലും വെള്ളി നേടിയ ടീമിൽ ഇടം നേടിയിരുന്നു. ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുക്കേണ്ട ടീമിലും ഇടംനേടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ കണ്ണൂർ ആറളം ഫാമിലെ സ്കൂളിൽനിന്ന് പട്ടിക ജാതി-വർഗ വിഭാഗങ്ങളിലെ ഒരാൾപോലും മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയില്ല. പത്തനംതിട്ട ജില്ലയിൽനിന്ന് പണിയ വിഭാഗത്തിലെ രണ്ടുപേർ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്തു. മറ്റു വിഭാഗങ്ങളിൽ ഒൻപത് പേരും പങ്കെടുക്കാനെത്തി. മറ്റു ജില്ലകളിലും സാഹചര്യം വ്യത്യസ്തമല്ല.