നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകൾ ചേർത്തുപിടിച്ച ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇറ്റാലിയൻ ഫുട്ബോൾ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും വിവാഹ കാര്യം സ്ഥിരീകരിച്ചു

To advertise here,

2016-ൽ ഗുച്ചി ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റ് ആയിരുന്നപ്പോഴാണ് ജോർജിനയെ ക്രിസ്റ്റിയാനോ കണ്ടുമുട്ടുന്നത്. അതിന് മുമ്പ് ക്രിസ്റ്റ്യാനോയ്ക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ജോർജിനയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും ആ ബന്ധം വളരുകയും ചെയ്തു. ഇപ്പോൾ 10 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11 ന് റോഡ്രിഗസ് ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിവാഹം നടന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച പോർച്ചുഗലിലെ മെദീരിയയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് താരത്തിന്റെ സഹോദരിമാർ രംഗത്തെത്തിയെങ്കിലും വിവാഹമുണ്ടാകുമെന്ന് തെറ്റിദ്ധരിച്ച് ആയിരക്കണക്കിന് ആരാധകരാണ് മെദീരയയിലെ പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇതും വലിയ വാർത്തയായിരുന്നു.