ലണ്ടന്‍: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പിന്നിട്ട് നൂറു ദിവസങ്ങള്‍ക്കു ശേഷം പ്രീമിയര്‍ ലീഗ് തിരിച്ചെത്തിയപ്പോള്‍ അത് ഫുട്‌ബോള്‍ ലോകത്തിന് ആവേശമായത് പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രമായിരുന്നില്ല, മറിച്ച് ലോകത്തിന് വലിയ ഒരു സന്ദേശം നല്‍കിക്കൊണ്ടുകൂടിയായിരുന്നു. 

To advertise here,

55,000-ഓളം കാണികള്‍ നിറഞ്ഞുകവിയാറുള്ള എത്തിഹാദ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം വെറും 300 പേര്‍ മാത്രമാണ് പ്രവേശിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്. എന്നാല്‍ ലോകമെമ്പാടുമുള്ള ടിവി സ്‌ക്രീനുകളിലും മറ്റും താരങ്ങളുടെ ജേഴ്‌സി കണ്ടവര്‍ ഞെട്ടി. ജേഴ്‌സിക്കു പിന്നില്‍ താരങ്ങളുടെ പേരിന് പകരം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ () എന്നായിരുന്നു എഴുതിയിരുന്നത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിന്റെ ഭാഗമായി ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാമ്പെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു ഈ പ്രവൃത്തി.

വര്‍ണവെറിക്കെതിരായ ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഇന്നും പലപ്പോഴും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ വര്‍ണവെറിക്ക് ഇരയാകുന്നുണ്ട്. ഇറ്റലിയുടെ മാരിയോ ബലോട്ടെല്ലിയും സിറ്റിയുടെ തന്നെ ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിങ്ങും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവുമെല്ലാം ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

മാത്രമല്ല മത്സരത്തിനിടെ മൈതാന മധ്യത്ത് റഫറിമാരും താരങ്ങളുമടക്കം മുട്ടുകുത്തിയിരുന്ന് കറുത്തവര്‍ഗക്കാര്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗ് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം എത്തിഹാദ് സ്റ്റേഡിയം വേദിയായത്. 

''നൂറ്റാണ്ടുകളായി കറുത്ത വര്‍ഗക്കാര്‍ക്കെതിരേ തുടര്‍ന്നുവരുന്ന മോശം പെരുമാറ്റങ്ങള്‍ക്ക് അവരോട് വെള്ളക്കാര്‍ ക്ഷമ ചോദിക്കേണ്ടതുണ്ട്. ലോകമെമ്പാടും കറുത്ത വര്‍ഗക്കാര്‍ക്കെതിരേ ചെയ്ത പ്രവൃത്തികളില്‍ എനിക്ക് ലജ്ജ തോന്നുന്നു'', സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോള പ്രതികരിച്ചു.

''ഇത്തരമൊരു പ്രതിഷേധത്തിന് അവസരമൊരുക്കിയ പ്രീമിയര്‍ ലീഗിന്റെ നടപടി വലിയൊരു ചുവടുവെയ്പ്പായാണ് ഞാന്‍ കാണുന്നത്. ചെറിയ ചെറിയ മാറ്റങ്ങള്‍ കാണാനുണ്ട്. നമ്മള്‍ ശരിയായ ദിശയിലാണെന്നാണ് ഇത് കാണിക്കുന്നത്'', ഫുട്‌ബോളിലെ വര്‍ണവെറിയുടെ ഇരകളില്‍ ഒരാളായ റഹീം സ്‌റ്റെര്‍ലിങ്ങിന്റെ തന്നെ വാക്കുകളാണിത്.

ബുധനാഴ്ച ആസ്റ്റണ്‍ വില്ലയും ഷെഫീല്‍ഡ് യുണൈറ്റഡും തമ്മില്‍ നടന്ന മത്സരത്തിലും ഇരു ടീമുകളിലെയും താരങ്ങള്‍ ജേഴ്‌സിക്കു പിന്നില്‍ പേരിന് പകരം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന വാചകവുമായാണ് കളത്തിലിറങ്ങിയത്.

Content Highlights: Black Lives Matter Manchester City, Arsenal players solidarity gesture