തിരുവനന്തപുരം: ലോങ് ജമ്പിൽ തന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്ന മലയാളി താരം ആൻസി സോജന് അഭിനന്ദനങ്ങൾ നേർന്ന് അഞ്ജു ബോബി ജോർജ്. 22 വർഷങ്ങൾക്കുശേഷം ആ ബാറ്റൺ കൈമാറുന്നതിൽ ആവേശമുണ്ട്. കുട്ടിക്കാലംമുതലുള്ള താങ്കളുടെ യാത്ര അറിയുന്നതിനാൽ ഈ വിജയത്തിന് വലിയ സവിശേഷതയുണ്ട്. ഏഴുമീറ്ററെന്ന മാന്ത്രിക ലക്ഷ്യം ആൻസിയുടേതായിരിക്കുമെന്നും അഞ്ജു പറഞ്ഞു.

To advertise here,

'ആൻസി സോജന് അഭിനന്ദനങ്ങൾ. താങ്കൾ ലോങ്ജമ്പിൽ പുതിയ അധ്യായം തുറന്നിരിക്കുന്നു. 22 വർഷത്തെ സംതൃപ്തി ആസ്വദിച്ചുകഴിഞ്ഞ്, ആ ബാറ്റൺ താങ്കൾക്ക് കൈമാറുന്നതിൽ ആവേശഭരിതയാണ്. കുട്ടിക്കാലംമുതലുള്ള താങ്കളുടെ യാത്ര അറിയുന്നതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാക്കുന്നു. ഏഴുമീറ്ററെന്ന ആ മാന്ത്രിക അടയാളം താങ്കളുടേതാകും. ലോക അത്‌ലറ്റിക്‌സ് വേദിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ദിവസം ഇപ്പോഴും ഓർക്കുന്നു. നീരജ് ചോപ്ര വരുന്നതുവരെ ഞാൻ ഒറ്റയ്ക്കായിരുന്നു. ഭാവിയിൽ കൂടുതൽ ഇതിഹാസങ്ങളെ വളർത്തുന്നതിനായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്ററുമായി ചേർന്ന് കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ ആ ലക്ഷ്യത്തിന് വളരെ അടുത്തെത്തിയിരിക്കുന്നു' - അഞ്ജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടിയാണ് തൃശ്ശൂർ സ്വദേശിയായ ആൻസി സോജൻ ചരിത്രംകുറിച്ചത്. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവുകൂടിയാണ് ആൻസി. 2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്‌സ് ലോങ്ജമ്പ് ഫൈനലിൽ അഞ്ചാംസ്ഥാനം നേടിയായിരുന്നു അഞ്ജു ബോബി ജോർജിന്റെ ചരിത്രനേട്ടം. അന്ന് 6.83 മീറ്റർ ചാടിയായിരുന്നു റെക്കോഡ് കുറിച്ചത്.