ഫ്രീകിക് വെറുമൊരു ഫുട്‌ബോൾ മാന്ത്രികതയല്ല. ഇതിനു പിന്നിൽ ഫിസിക്സിലെ മാഗ്‌നസ് പ്രഭാവം എന്ന ശാസ്ത്രതത്വമുണ്ടെന്ന് എത്രപേർക്കറിയാം?
ഫുട്‌ബോൾ മൈതാനത്തെ ഏറ്റവും മനോഹരമായ ദൃശ്യവിരുന്നുകളിലൊന്നാണ്, കൃത്യതയും ചാരുതയും ഒത്തിണങ്ങിയ ഫ്രീകിക്കുകൾ. 'ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം' എന്ന പ്രയോഗം തന്നെ ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്കുമായി ബന്ധപ്പെട്ട് ഫുട്‌ബോളിലുണ്ട്. പന്തിന് വായുവിൽ അസാധാരണമായ വളവ് (curve) നൽകി, പ്രതിരോധമതിൽ മറികടന്ന് വലയിലെത്തിക്കുന്ന ബെക്കാമിന്റെ ശൈലി, ഫ്രീകിക് സൗന്ദര്യശാസ്ത്രത്തിലെ ക്ലാസിക് മാതൃകയാണ്. 1997-ൽ ഫ്രാൻസിനെതിരെ റോബർട്ടോ കാർലോസ് തൊടുത്ത ഫ്രീകിക്, ഫുട്‌ബോൾ ചരിത്രത്തിലെ വിസ്മയമാണ്.
എന്നാൽ, അമിത വേഗത്തെക്കാൾ സർജിക്കൽ പ്രിസിഷനാണ് (അതിസൂക്ഷ്മമായ കൃത്യത) മെസ്സിയുടെ പ്രത്യേകത. ഗോൾകീപ്പർമാർക്ക് ചെറുവിരലനക്കാൻ സമയം നൽകാതെ വലയുടെ ടോപ്കോർണറുകളിലേക്ക് പന്ത് പറത്തിവിടുന്ന ചാരുതയാണ്, ലയണൽ മെസ്സിയുടേത്. 'നക്കിൾബോൾ' (Knuckleball) ടെക്‌നിക്കിന് പേരുകേട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പന്തിന് വലിയ സ്പിൻ നൽകാതെ അടിച്ചുകയറ്റുമ്പോൾ വായുവിൽ അപ്രതീക്ഷിത ദിശാമാറ്റങ്ങൾ വന്ന് ഗോൾകീപ്പർമാരെ കാഴ്ചക്കാരാക്കുന്ന ശൈലി.
അദ്ഭുതകരമായി സംഭവിക്കുന്ന പന്തിന്റെ സഞ്ചാരപാതയിലെ വളവിനുകാരണം, സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന മാഗ്‌നസ് പ്രഭാവം എന്ന ശാസ്ത്രപ്രതിഭാസമാണെന്ന് എത്രപേർക്കറിയാം?
മാഗ്‌നസ് പ്രഭാവത്തിന് കാരണമാകുന്ന രണ്ട് ഘടകങ്ങളാണ്, ഫ്രീകിക്കിലുള്ളത്:
കളി നടക്കുന്ന ഗ്രൗണ്ടിലെ വായുവും ഫുട്‌ബോളിന്റെ കേന്ദ്രത്തെ അച്ചുതണ്ടാക്കിയുള്ള അതിന്റെ കറക്കവും.
കിക്കെടുക്കുന്നയാളുടെ മിടുക്ക്
ശാസ്ത്രാടിസ്ഥാനമുണ്ടെങ്കിലും ഫ്രീകിക്കിലൂടെ, എതിരാളികൾക്ക് പ്രവചനാതീതമായ പാതയിലൂടെ ഫുട്‌ബോൾ സഞ്ചരിച്ച്, ലക്ഷ്യത്തിലേക്കെത്തിക്കുകയെന്നത്, കിക്കെടുക്കുന്നയാളുടെ മിടുക്കുതന്നെയാണ്. പന്തിന്റെ ഒരു വക്കിൽ, ഒരു പ്രത്യേകവശത്തുള്ള ബലപ്രയോഗം (ചവിട്ട്), പന്ത് മുന്നോട്ട് ചലിക്കുന്നതോടൊപ്പം പന്തിനെ അതിന്റെ കേന്ദ്രത്തിന് ചുറ്റും കറങ്ങാൻ സഹായിക്കും. ഫ്രീകിക്കെടുക്കുന്നയാൾക്ക്, പന്തിന്റെ വേഗവും പന്തിന് ലഭ്യമാകേണ്ട കറക്കവേഗവും കൃത്യമായി നൽകി എതിരാളികളുടെ പന്തിന്റെ ദിശയെ സംബന്ധിച്ച കണക്കുകൂട്ടലിനെ അസ്ഥാനത്താക്കി, പന്തിനെ ഗോൾപോസ്റ്റിലേക്കെത്തിക്കാം.
മാഗ്‌നസ് പ്രഭാവമെന്ന ശാസ്ത്രതന്ത്രം
ഏതൊരു വസ്തുവിന്റെയും സഞ്ചാരദിശയ്ക്ക് ലംബമായി അനുഭവപ്പെടുന്ന ബലമാണ്, മാഗ്‌നസ് ബലം. മാത്രവുമല്ല, ആ വസ്തുവിന്റെ ദിശ, അതിന്റെ കറക്കത്തെ ആശ്രയിച്ചുമിരിക്കും.
ഇനി, ഫ്രീകിക്കെടുക്കുന്നത് മനസ്സിൽ കാണുക. അയാൾ പന്തിൽ ആഞ്ഞടിക്കുമ്പോൾ പന്തിൽ ബലം പ്രയോഗിക്കപ്പെടുന്നു. അതായത്, പന്തിന്റെ തെറിക്കലും കറക്കവും അയാളുടെ ആഞ്ഞുള്ള ചവിട്ടലിലൂടെ ഒരേസമയം നടക്കുന്നു. പിന്നീടുള്ളത്, പന്തിന്റെ സഞ്ചാരപാതയിലെ ദിശാമാറ്റമാണ്. ഇത് സാധ്യമാക്കുന്നത് ഗ്രൗണ്ടിലെ വായുവാണ്.
വായുവിലൂടെ പന്ത് മുന്നോട്ട് നീങ്ങുമ്പോൾ, അതിനെ ചുറ്റിയുള്ള വായു, പന്തിനെ ഉരസിക്കൊണ്ട് പിന്നോട്ട് നീങ്ങും. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പന്തിനെ സംബന്ധിച്ചിടത്തോളം പന്തിന്റെ ഒരുവശത്ത് വായു ഉരസുന്നത്, കറക്കത്തിന്റെ ദിശയിലും, മറുവശത്ത് കറക്കത്തിന്റെ എതിർദിശയിലുമായിരിക്കും. എന്നാൽ, കറങ്ങാതെ ചലിക്കുന്ന പന്തിനെ സംബന്ധിച്ചിടത്തോളം രണ്ടുവശത്തും ഈ ഉരസിനീങ്ങൽ ഒരേ വേഗത്തിൽത്തന്നെയായിരിക്കും.
പന്തിന്റെ കറങ്ങുന്ന വശത്തിന് വിപരീതദിശയിൽ ഉരസിനീങ്ങുന്ന വായുവിന്, ഘർഷണംകാരണം വേഗം കുറയും. വായുപ്രവാഹത്തിന് വേഗം കുറഞ്ഞ ഭാഗത്ത് വേഗം കൂടിയ ഭാഗവുമായി താരതമ്യംചെയ്യുമ്പോൾ മർദം കൂടുതലായിരിക്കും. കറങ്ങിക്കൊണ്ട് മുന്നോട്ടുനീങ്ങുന്ന പന്തിനെ സംബന്ധിച്ചിടത്തോളം, പന്തിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത മർദമാണ് അനുഭവപ്പെടുക. ഈ മർദവ്യത്യാസത്തിന്റെ ഭാഗമായി, മർദം കൂടിയ ഭാഗം പന്തിനെ മർദം കുറഞ്ഞ ഭാഗത്തേക്ക് സ്വാഭാവികമായും തള്ളും. ഇതുതന്നെയാണ്, ദിശാമാറ്റത്തിന് കാരണവും. പന്തിന്റെ ദിശയെ മാറ്റുന്ന ബലം പ്രയോഗിക്കുന്നത് വായുവാണെന്ന് ചുരുക്കം. മുകളിൽനിന്ന് നോക്കുമ്പോൾ ഘടികാരദിശയിൽ കറങ്ങുന്ന പന്ത് വലത്തേക്കും എതിർദിശയിൽ കറങ്ങുന്ന പന്ത് ഇടത്തേക്കും വളയുന്നത് നമുക്ക് കാണാം.
പന്തിന്റെ സഞ്ചാരപാതയിലെ വളവ് നിർണയിക്കുന്നത്:
- പന്തിന്റെ വലുപ്പം
- പന്തിന്റെ ഭാരം
- ഗ്രൗണ്ടിലെ വായുവിന്റെ സാന്ദ്രത
- പന്തിന്റെ കറക്കം
- പന്തിന്റെ വേഗം
ഇതിൽ പന്തിന്റെ കറക്കവേഗവും പന്തിന്റെ വേഗവും കൃത്യമായി നിർണയിച്ച്, ലക്ഷ്യസ്ഥാനത്ത് പന്തെത്തിക്കുന്ന കളിക്കാരനാണ്, ഹീറോ.
ഫ്രീകിക്കെടുക്കുന്നയാൾ ഫുട്‌ബോളിന്റെ അച്ചുതണ്ട് കേന്ദ്രമാക്കി നൽകുന്ന കറക്കവും ഗ്രൗണ്ടിൽ വായുവിന്റെ സാന്നിധ്യവുമില്ലെങ്കിൽ പന്തിന്റെ ദിശ മാറില്ല.
Content Highlights: Football free kicks rely on the Magnus Effect, a scientific principle of physics., The curve of the ball is caused by pressure differences created by air friction and the ball's spin.
Published: 20 Nov 2026, 09:57 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented