ലണ്ടന്‍: വളര്‍ത്തുപൂച്ചയെ അടിക്കുകയും തൊഴിക്കുകയും ചെയ്ത വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്ബോള്‍ താരം കുര്‍ട് സൗമ കൂടുതല്‍ കുരുക്കിലേക്ക്. താരത്തിന്റെ ഫുട്‌ബോള്‍ കരിയര്‍ തന്നെ അവസാനിച്ചേക്കും. 

To advertise here,

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡിനെതിരായ മത്സരത്തില്‍ വെസ്റ്റ്ഹാം സൗമയെ കളത്തിലിറക്കിയിരുന്നില്ല. ഇനിയുള്ള മത്സരങ്ങളിലും അതേ തീരുമാനം തന്നെയാകും ടീമിന്റെ ഭാഗത്തു നിന്നുണ്ടാകുക. താനൊരു മൃഗസ്‌നേഹിയാണെന്നാണ് പരിശീലകന്‍ ഡേവിഡ് മോയസ് ഇതിനോട് പ്രതികരിച്ചത്. താരത്തില്‍ നിന്ന്  പരമാവധി തുക പിഴയീടാക്കിയതായി വെസ്റ്റ്ഹാം അറിയിച്ചു. 

ഫ്രാന്‍സിലും സൗമ നടപടി നേരിടാനിരിക്കുകയാണ്. സൗമയുടെ പ്രവൃത്തി ഞെട്ടിച്ചെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് പറഞ്ഞു. ഫ്രഞ്ച് ടീമില്‍ മേലില്‍ സൗമയെ ഉള്‍പ്പെടുത്തരുതെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സൗമയുമായുള്ള എല്ലാ കരാറുകളും അഡിഡാസ് റദ്ദാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഡിഫന്‍ഡറുടെ ഔദ്യോഗിക കിറ്റ് നല്‍കുന്നത് അഡിഡാസാണ്. ഇന്‍ഷുറന്‍സ്-ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ വൈറ്റാലിറ്റി, സൗമയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചു. മറ്റുചില കരാറുകളും റദ്ദായിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും കരാര്‍ റദ്ദാക്കുകയാണെന്നും അഡിഡാസ് പ്രസ്താവനയില്‍ അറിയിച്ചു. സൗമക്കെതിരേ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. താരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടുലക്ഷം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. മൃഗസ്‌നേഹികളുടെ സംഘടനകളും സജീവമായി രംഗത്തുണ്ട്.

പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ സൗമ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ താരം മാപ്പുചോദിച്ചു രംഗത്തെത്തിയിരുന്നു.

Content Highlights: Adidas drop Kurt Zouma as sponsors’ backlash over cat attack video