കോഴിക്കോട്: ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി ഈ സെപ്റ്റംബറോടെ അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം കായികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സെപ്റ്റംബറിനു ശേഷം താരത്തെ വീണ്ടും ക്രിക്കറ്റ് മൈതാനങ്ങളില്‍ കാണാനുള്ള വഴിയൊരുങ്ങി. തിരിച്ചുവരവിനെ കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ശ്രീശാന്ത്.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള വരവ്

ടീമിലേക്ക് പരിഗണിക്കുമെന്നതിന്റെ സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. ഇനി ഫിറ്റ്‌നസ് ടെസ്റ്റ് ക്ലിയര്‍ ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ ഏകദിനം അല്ലെങ്കില്‍ ട്വന്റി 20  മത്സരങ്ങളായിരിക്കും തുടക്കത്തില്‍ ഉണ്ടാകുക. ചതുര്‍ദിന മത്സരങ്ങള്‍ പെട്ടെന്ന് തുടങ്ങാനുള്ള സാധ്യത കുറവാണ്. ഇക്കാലയളവില്‍ ദിവസവും ക്രിക്കറ്റ് പരിശീലിച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലായിരുന്നു. ദൈവമേ ഫസ്റ്റ് മാച്ച് ഫസ്റ്റ് ഓവര്‍ മെയ്ഡനാവണേ എന്നാണ് ആഗ്രഹം.

ലോങ് ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവ്

എന്റെ മൈന്‍ഡ് സെറ്റിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല. അത് മുന്‍പത്തേക്കാളൊക്കെ സ്‌ട്രോങ്ങാണ്. 2013-ല്‍ ഒരു പരിക്കിനു ശേഷം കേരളത്തിനായി ആദ്യമായി കളിച്ചപ്പോള്‍ 14 ഓവര്‍ സ്‌പെല്‍ ഞാന്‍ എറിഞ്ഞിട്ടുണ്ട്. ഏഴ് മുതല്‍ ഒമ്പത് ഓവര്‍ വരെ ഒരു സ്‌പെല്ലില്‍ എനിക്ക് ഇപ്പോഴും എറിയാനാകും. പിന്നീടുള്ളത് വെയിലിന്റെ കാര്യമാണ്. തുടര്‍ച്ചയായി ഒരു എട്ടോ ഒമ്പതോ മണിക്കൂര്‍ വെയിലത്ത് നിന്നിട്ട് കുറേ വര്‍ഷങ്ങളായി. പണ്ടും എന്റെ മെയിന്‍ ഫോക്കസ് ലോങ് ഫോര്‍മാറ്റ് തന്നെയായിരുന്നു. ഇപ്പോള്‍ ബാറ്റിങ്ങും ഇംപ്രൂവ് ആയിട്ടുണ്ട്. പണ്ട് കണ്ണട വെച്ചിരുന്നു. ഇപ്പോള്‍ ലെന്‍സ് ഉപയോഗിക്കുന്നുണ്ട്. പണ്ട് +3.75 ആയിരുന്നു പവര്‍. ഇപ്പോഴത് +1 ആയി കുറഞ്ഞിട്ടുണ്ട്. അത് ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മാറ്റത്തിന് കാരണമായിട്ടുണ്ട്.

പണ്ടത്തെ അതേ അഗ്രഷന്‍ തന്നെ പ്രതീക്ഷിക്കാമോ

പണ്ട് കോതമംഗലത്തെ മതിരപ്പള്ളിയില്‍ നാട്ടിലെ ചേട്ടന്‍മാരുടെ കൂടെ റബ്ബര്‍ പന്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കാലം തൊട്ട് ഒപ്പം കൂടിയതാണ് ഈ അഗ്രഷന്‍. പണ്ട് ബോള്‍ പെറുക്കി എന്നായിരുന്നു എന്റെ പേര് തന്നെ. പണ്ട് നിനക്ക് പന്ത് കണ്ടുപിടിക്കാന്‍ നല്ല കഴിവാണെന്നൊക്കെ പറഞ്ഞ് ചേട്ടന്‍മാര്‍ എന്നെ പന്ത് പോകുന്ന സ്ഥലത്ത് നിര്‍ത്തുമായിരുന്നു. അന്നൊക്കെ അത് മാത്രമായിരുന്നു എന്റെ പണി. പിന്നീട് അവരുടെ കൂടെ കളിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ ഔട്ടാക്കിയാല്‍ അത് ആഘോഷിക്കാന്‍ തുടങ്ങി. പിന്നീട് ടെന്നീസ് ബോള്‍ ജനറേഷന്‍ വന്നപ്പോഴും വിക്കറ്റെടുത്താലുള്ള ആഘോഷം മാറിയില്ല. അത് ഇപ്പോഴും തുടരുന്നു.

മാറിനില്‍ക്കേണ്ടി വന്ന സമയത്തെ കുറിച്ച്

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എനിക്ക് നാല് സിനിമകള്‍ ചെയ്യാന്‍ പറ്റി. ഇപ്പോള്‍ ഒരു വെബ് സീരീസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നെ ഒരു മറാത്തി സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കൂടി തീര്‍ക്കാനുണ്ട്. നെഗറ്റീവായ കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല. പോസിറ്റീവായ കാര്യങ്ങളാണ് ആലോചിക്കുന്നതൊക്കെയും. കുടുംബവും കൂട്ടുകാരുമാണ് ഈ ഘട്ടത്തില്‍ പിന്തുണ നല്‍കിയത്.

Content Highlights: Sreesanth talking about his return to kerala team and life on ban period