മഡ്രിഡ്: അർജന്റീന നായകൻ ലയണൽ മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിവരവ് തടഞ്ഞത് ക്ലബ്ബ് പ്രസിഡന്റ് ജോൺ ലാപോർട്ടായിരുന്നുവെന്ന് മുൻ താരവും പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാവി ലാപോർട്ടയ്‌ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചത്. ലോകകപ്പ് ജയത്തിന് ശേഷം 2023 ൽ മെസ്സി ബാഴ്‌സയിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ക്ലബ്ബ് പ്രസിഡന്റ് ഇത് അംഗീകരിച്ചില്ലെന്നും സാവി വെളിപ്പെടുത്തി.

To advertise here,

മെസ്സിയുടെ വരവ് സംബന്ധിച്ച് ലാപോർട്ട മുൻപ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാവി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ബാഴ്‌സയും മെസ്സിയും തമ്മിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അത്  പരിഹരിക്കാൻ തയ്യാറാണെന്നും ഭാവിയിൽ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ലാപോർട്ട് അന്നൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഇത് അസത്യമാണെന്നും മെസ്സിയുടെ ട്രാൻസ്ഫർ തടഞ്ഞതിന്റെ കാരണക്കാരൻ ലാപോർട്ടയാണെന്നും സാവി പറഞ്ഞു.

ലോകകപ്പ് നേടിയതിന് ശേഷം 2023 ജനുവരിയിൽ ഞങ്ങൾ മെസ്സിയുമായി ബന്ധപ്പെട്ടു. അദ്ദേഹം തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. ഞാൻ കാണുകയും ചെയ്തു. അതിനുശേഷം ലാപോർട്ട മെസ്സിയുടെ പിതാവുമായി കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു. ലാ ലിഗയിൽ നിന്ന് അനുമതിയും ലഭിച്ചു. പിന്നീട് ലാപോർട്ട ഇത് ഉപേക്ഷിക്കുകയായിരുന്നു. - സാവി പറഞ്ഞു.

മെസ്സി തിരിച്ചുവന്നാൽ അദ്ദേഹത്തിന്റെ ശമ്പളത്തെ സംബന്ധിച്ച് തർക്കങ്ങളുണ്ടാകുമെന്നും അത് താങ്ങാനാവില്ലെന്നും ലാപോർട്ട എന്നോട് പറഞ്ഞു. പിന്നീട് മെസ്സി എന്റെ ഫോൺ കോളുകൾ എടുക്കാതെയായി. കാരണം ട്രാൻസ്ഫർ നടക്കില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു. - സാവി കൂട്ടിച്ചേർത്തു. ലാപോർട്ടയ്ക്ക് താത്പര്യമില്ലാത്തതിനാലാണ് മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരാതിരുന്നത്. ലാ ലിഗയോ, യോർഗെ മെസ്സി പണം ചോദിച്ചതോ അല്ല അതിന് പിന്നിൽ. അതെല്ലാം കള്ളമാണെന്നും സാവി പറഞ്ഞു.

2021 ലാണ് ബാഴ്‌സയ്‌ക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോയത്. രണ്ട് വർഷങ്ങൾക്ക് ശേഷം താരം വീണ്ടും തട്ടകം മാറി. എംഎൽഎസ് ക്ലബ്ബ് ഇന്റർ മയാമിയിലേക്കാണ് കൂടുമാറ്റം നടത്തിയത്. നിലവിൽ മയാമിയിൽ തുടരുന്ന മെസ്സി ക്ലബ്ബിനായി ട്രോഫികളും നേടിക്കൊടുത്തു. ജൂണിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പാണ് ഇനി അർജന്റീന നായകന് മുന്നിലുള്ള വലിയ ടൂർണമെന്റ്.