ന്യൂയോർക്ക്: ലോകകപ്പ് നേട്ടത്തോടെ സ്‌പെയിൻ ടീമിന് ലഭിച്ച സമ്മാനത്തുകയെപ്പറ്റി വലിയ ചർച്ചകളാണ് നടന്നത്. 50 ദശലക്ഷം യുഎസ് ഡോളർ അഥവാ ഏകദേശം 482 കോടിയോളം രൂപയാണ് സ്പാനിഷ് ടീമിന് സമ്മാനമായി കിട്ടിയത്. എന്നാൽ, ഈ തുകയുംകൊണ്ട് ടീമിന് നാട്ടിൽ പോകാൻ സാധിക്കില്ല.
തങ്ങൾക്ക് ലഭിച്ച 50 ദശലക്ഷം ഡോളർ സമ്മാനത്തുകയ്ക്ക് മേൽ ഏകദേശം 30 ശതമാനംവരെ സ്‌പെയിൻ, യുഎസിന് നികുതി നൽകണം. യുഎസിൽനിന്ന് അത്‌ലറ്റുകൾ നേടുന്ന പണത്തിന് ഇന്റേണൽ റെവന്യു സർവീസിന് (ഐആർഎസ്) നികുതി നൽകേണ്ടതുണ്ട്. ടീമുകൾ മാത്രമല്ല കളിക്കാരും തങ്ങൾക്ക് ലഭിച്ച വരുമാനത്തിന് യുഎസിൽ നികുതി നൽകണം.
അമേരിക്കയുമായി ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി (ഡബിൾ ടാക്‌സേഷൻ എഗ്രിമെന്റ്-ഡിടിഎ) ഉള്ള രാജ്യങ്ങൾക്ക് ചില ഇളവുകൾ ലഭിക്കും. എന്നാൽ, ലോകകപ്പിന് യോഗ്യത നേടിയ 48 രാജ്യങ്ങളിൽ 18 രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരമൊരു കരാർ അമേരിക്കയുമായി ഉള്ളത്.
സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡ, മെക്‌സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കും അമേരിക്കയുമായി നികുതി ഉടമ്പടിയുണ്ട്. ഈ രാജ്യങ്ങളിലെ ഫുട്‌ബോൾ അസോസിയേഷനുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും യുഎസ് ഫെഡറൽ ടാക്‌സിൽനിന്ന് ഇളവ് ലഭിക്കും.
എന്നാൽ ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കയുമായി നികുതി ഉടമ്പടി ഇല്ലാത്തതിനാൽ അവർ വലിയൊരു തുക നികുതിയായി നൽകേണ്ടിവരും.
കായിക ഇനം ഏതുതന്നെയായാലും യുഎസിൽ സമ്പാദിച്ച തുകയ്ക്ക് അവിടെ നികുതി നൽകണമെന്നതാണ് ചട്ടം. ടീമുകൾ മാത്രമല്ല കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും എന്തിന് റഫറിമാർ പോലും യുഎസിൽനിന്നുള്ള വരുമാനത്തിന് ഇന്റേണൽ റെവന്യു സർവീസിന് നികുതി നൽകണമെന്നാണ് ചട്ടം.
ഇനി രാജ്യങ്ങൾ തമ്മിൽ നികുതി ഉടമ്പടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കളിക്കാർക്ക് ലഭിക്കുന്ന വ്യക്തിഗത വരുമാനത്തിന് അമേരിക്കയിൽ നികുതി നൽകണം. വ്യക്തിഗത വരുമാനത്തിനുമേൽ ഫെഡറൽ ഇൻകം ടാക്‌സ് 37 ശതമാനം വരെയാകാം.
ഫെഡറൽ നികുതിക്ക് പുറമെ ചില സംസ്ഥാനങ്ങൾ അധിക നികുതി ഈടാക്കുന്നു. കാലിഫോർണിയയിൽ 13.3 ശതമാനവും ന്യൂജേഴ്സിയിൽ 10.75 ശതമാനവുമാണ് നികുതി നിരക്ക്. എന്നാൽ, മിയാമി ഉൾപ്പെടുന്ന ഫ്‌ളോറിഡ സംസ്ഥാനത്ത് ഇത്തരം നികുതികളില്ല.
Content Highlights: World Cup prize money earned in the US is subject to federal taxation., Spain faces a 30% tax on prize earnings despite DTA status., Players and staff are personally liable for up to 37% federal income tax., State-level taxes in regions like California and New Jersey add further financial burden., Only 18 out of 48 qualifying nations have DTA agreements with the US.
Published: 22 Jul 2026, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented