ഹെയ്തിയുടെ ജേഴ്‌സി വെള്ളയായിട്ടും ബ്രസീൽ എന്തുകൊണ്ട് അവരുടെ സ്ഥിരം മഞ്ഞജേഴ്‌സിയിൽ ഇറങ്ങിയില്ല? ഹെയ്തി-ബ്രസീൽ കളി കണ്ട പലരും സംശയിച്ചിട്ടുണ്ടാകും. കാരണം ഇതാണ്, -ഹെയ്തി അവരുടെ ഒന്നാമത്തെ ജേഴസിയായ വെള്ളയിലാണ് ഇറങ്ങിയതെങ്കിലും അവരുടെ ഗോൾ കീപ്പർ ജോണി പ്ലാസിഡിന്റെ ജേഴ്‌സി നിറം മഞ്ഞയായിരുന്നു. അതിനാൽ ബ്രസീലിന് ആ ജേഴ്‌സിയിൽ ഇറങ്ങാനാകുമായിരുന്നില്ല. പകരം നേവി ബ്ലൂ നിറത്തിലുള്ള ജേഴ്‌സിയിലേക്കുമാറി.

To advertise here,

ലോകകപ്പിൽ ഓരോ ടീമിനും രണ്ടുനിറത്തിലുള്ള ജേഴ്‌സിയുണ്ട്. മത്സരം തുടങ്ങുംമുൻപ് ഓരോ ടീമും അവരുടെ ജേഴ്‌സി നിറങ്ങൾ ഫിഫയെ അറിയിക്കണം. ഫിഫ അംഗീകരിക്കുന്ന ജേഴ്‌സികളാണ് ടീമുകൾക്ക് അണിയാനാവുക. സ്വന്തം രാജ്യത്ത് കളിക്കുന്ന ടീമുകൾക്ക് അവരുടെ മുഖ്യജേഴ്‌സി അണിയാനുള്ള അനുവാദമുണ്ട്. എതിർ ടീമിന്റേതും സമാന ജേഴ്‌സിയെങ്കിൽ അവർ രണ്ടാംനിറത്തിലേക്കു മാറണം. മഞ്ഞനിറത്തിലുള്ള ടി-ഷർട്ടും ഇളംനീലനിറത്തിലുള്ള ഷോട്‌സുമാണ് ബ്രസീലിന്റെ പ്രധാനജേഴ്‌സി. നേവി ബ്ലൂ നിറത്തിലുള്ളതാണ് രണ്ടാമത്തേത്. ഗോൾ കീപ്പർമാർക്ക് മറ്റൊരു നിറത്തിലുള്ള ജേഴ്‌സിയുണ്ടാകും.

വെള്ള ജേഴ്‌സി ബ്രസീലുകാർക്ക് പൊതുവേ ‘അലർജി’യാണ്. അതിന് കാരണമുണ്ട്. 1950-ൽ ലോകകപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ, ബ്രസീൽ യുറഗ്വായിയോട് (2-1) തോറ്റു. ആ തോൽവി ‘മാറക്കാനാസോ’ എന്നറിയപ്പെടുന്നു. നീല കോളറുള്ള സ്വന്തം വെള്ള ജേഴ്‌സിയോടായി അതിന്റെ കലി മുഴുവൻ. ഇനി വെള്ള ജേഴ്‌സി തൊടില്ലെന്നു ശപഥംചെയ്ത ബ്രസീൽ പുതിയ ജേഴ്‌സിക്കായി ഒരു മത്സരം സംഘടിപ്പിച്ചു. അതിൽ 19-കാരനായ ആൽഡിർ ഗാർസ്യ തയ്യാറാക്കിയ ഡിസൈനാണ് ലോകപ്രശസ്തമായ മഞ്ഞജേഴ്‌സിയായത്.