
ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് കേപ് വെർദെ എന്ന ആഫ്രിക്കൻ രാജ്യത്തെക്കുറിച്ച് എത്രപേർക്കറിയാമായിരുന്നു? ടൂർണമെന്റിലെ ഏറ്റവും ചെറിയ രാഷ്ട്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട കുറാസോയ്ക്ക് ലഭിച്ച മാധ്യമശ്രദ്ധ പോലും ഈ കൊച്ചുരാജ്യത്തിന് കിട്ടിയിരുന്നില്ല. എന്നാൽ, തങ്ങളുടെ കന്നി ലോകകപ്പിലെ ആദ്യ മത്സരത്തിൽത്തന്നെ സ്‌പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് അവർ ലോകത്തെ ഞെട്ടിച്ചു. അതോടെ ഫുട്‌ബോൾ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ കേപ് വെർദെയിലേക്കായി.
കേപ് വെർദെയുടെ ഈ അവിശ്വസനീയമായ കുതിപ്പിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട പേരാണ് വൊസിന്യ. അവരുടെ ഗോൾപോസ്റ്റിന്റെ കാവൽക്കാരൻ. സ്‌പെയിന് പിന്നാലെ യുറഗ്വായും സൗദി അറേബ്യയും ഇപ്പോൾ അർജന്റീനയും ആ 40-കാരന്റെ കരുത്തറിഞ്ഞു. ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാമതും കേപ് വെർദെ 64-ാമതുമാണ്. എന്നാൽ റാങ്കിങ്ങിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ നേർക്കുനേർ വന്ന ആവേശമാണ് മത്സരം സമ്മാനിച്ചത്. കേവലം ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് അർജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടത്.
അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയും വൊസിന്യയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന 39-കാരനായ മെസ്സിയും 40-കാരനായ വൊസിന്യയും തമ്മിലുള്ള ഈ 'സീനിയർ' പോരാട്ടം മത്സരത്തിന്റെ ആവേശം വാനോളമുയർത്തി. 29-ാം മിനിറ്റിൽ മെസ്സിതന്നെയാണ് അർജന്റീനയ്ക്കായി ആദ്യം രക്ഷയ്‌ക്കെത്തിയത്.. പ്രതിരോധ നിരയെ മുഴുവൻ അമ്പരപ്പിച്ച്, ബോക്‌സിലേക്ക് വന്ന ഒരു പാസ് അവിശ്വസനീയമായ വേഗത്തിൽ മെസ്സി സ്വന്തമാക്കി. പന്ത് നിയന്ത്രണത്തിലാക്കിയ അദ്ദേഹം, വൊസിന്യയ്ക്ക് ചിന്തിക്കാൻപോലും ഇടനൽകാതെ വലയുടെ മുകൾഭാഗത്തേക്ക് തട്ടിയിട്ടു.
വൊസിന്യ എന്ന മതിൽ മുന്നിലില്ലായിരുന്നെങ്കിൽ മെസ്സിക്ക് കുറഞ്ഞത് രണ്ടോ മൂന്നോ ഗോളുകൾ കൂടി നേടാമായിരുന്നു. 63-ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് കുതിച്ചുപാഞ്ഞ മെസ്സിയെ തടയാൻ കേപ് വെർദെയുടെ ഒരു പ്രതിരോധതാരം മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഒട്ടും ഭയമില്ലാതെ മുന്നോട്ട് കയറിവന്ന വൊസിന്യ, മെസ്സിയുടെ വലംകാൽ ഷോട്ട് ഉജ്ജ്വലമായി തടുത്തിട്ടു.
73-ാം മിനിറ്റിൽ ബോക്സിന് തൊട്ടുവെളിയിൽ ലഭിച്ച ഫ്രീകിക്കെടുക്കാൻ മെസ്സി ഒരുങ്ങുമ്പോൾ, കേപ് വെർദെ പ്രതിരോധ മതിലൊരുക്കിയതായിരുന്നു. എന്നാൽ ഡിഫെൻഡർമാരെ അമ്പരപ്പിച്ചുകൊണ്ട് മെസ്സി തന്റെ ഇടംകാലുകൊണ്ട് പന്ത് ഗോൾവലയുടെ മുകളിൽ വലത് കോണിലേക്ക് വളച്ചുവിട്ടു. എന്നാൽ അസാമാന്യമായൊരു ഡൈവിലൂടെ വൊസിന്യ അത് തട്ടിയകറ്റി. മത്സരത്തിൽ ആകെ എട്ട് ഗംഭീര സേവുകളാണ് വൊസിന്യ നടത്തിയത്. അതിൽ നാലും മെസ്സിയുടേതാണ്. ആദ്യ ശ്രമത്തിൽ തട്ടിയകറ്റിയ പന്തുകൾ വീണ്ടും ഭീഷണിയായി പാഞ്ഞടുത്തപ്പോഴും അസാധ്യമായ മെയ്‌വഴക്കത്തോടെ അദ്ദേഹം കോട്ട കാത്തു.
ഗോൾമുഖത്തെ വൊസിന്യയുടെ ശാന്തതയാണ് പലപ്പോഴും കേപ് വെർദെയ്ക്ക് കരുത്തായത്. സാക്ഷാൽ മെസ്സി മുന്നിലുള്ളപ്പോൾപോലും ഒട്ടും പരിഭ്രമമില്ലാതെ പന്ത് കൈകാര്യം ചെയ്തു എന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണ്. പന്ത് കൈക്കലാക്കിയ ശേഷം അർജന്റൈൻ ഫോർവേഡുകളെ തന്റെ അടുത്തേക്ക് ക്ഷണിക്കുകയും, അവർ അരികിലെത്തിയപ്പോൾ വളരെ ശാന്തമായി പന്ത് പുറത്തേക്ക് തട്ടിമാറ്റുകയും ചെയ്ത വൊസിന്യ ആരാധകരുടെ മനസ്സ് കീഴടക്കിയാണ് ഈ ലോകകപ്പിൽനിന്ന് മടങ്ങുന്നത്.
Content Highlights: Vozinha recorded 18 saves during the FIFA World Cup 2026., The 40-year-old goalkeeper stood out for his composure against Lionel Messi., Cabo Verde's defensive discipline frustrated Argentina despite a 2-3 loss.
Published: 04 Jul 2026, 11:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented