ബ്രസീലിയ: 2026 ലോകകപ്പ് ബ്രസീലിന് അത്ര നല്ല ഓർമകളല്ല സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ നോർവേയോട് തോറ്റ് പുറത്തുപോകാനായിരുന്നു ബ്രസീലിന്റെ വിധി. എന്നാൽ ലോകകപ്പിനു ശേഷം ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. തന്റെ പുതിയ ലുക്കാണ് താരം ഇപ്പോൾ വാർത്തകളിൽ നിറയാൻ കാരണം.

To advertise here,

തന്റെ മുഖത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനായി വിനീഷ്യസ് ചിൻ ഹാർമണൈസേഷൻ സർജറിക്ക് വിധേയനായതായാണ് റിപ്പോർട്ടുകൾ. മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയയാണിത്. ലോകകപ്പിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിനീഷ്യസ് ബ്രസീലിലെ ഗോയാനിയയിൽ വെച്ച് 'ചിൻ ഹാർമണൈസേഷൻ' എന്ന സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുഖത്തിന്റെ ആകൃതിക്ക് കൂടുതൽ വ്യക്തത നൽകുന്നതിനും താടിയെല്ലിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനുമായാണ് 26-കാരനായ താരം ഈ ശസ്ത്രക്രിയക്ക് വിധേയനായത്. മൂക്ക്, ചുണ്ട്, താടിയെല്ല് എന്നിവയുമായി താടിയുടെ വലിപ്പവും സ്ഥാനവും പൊരുത്തപ്പെടുത്തി മുഖത്തിന് മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നൽകുന്ന രീതിയാണിത്.

താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിന്റെ മുഖരൂപത്തിൽ പ്രകടമായ മാറ്റം വന്നതായും അദ്ദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയതായും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു.