വാഷിങ്ടണ്‍: വേണ്ടിവന്നാല്‍ 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരങ്ങള്‍ എവിടെ കളിക്കണമെന്നുള്ളത് തങ്ങള്‍ തീരുമാനിക്കുമെന്ന് നേരത്തേ ഫിഫ കര്‍ശന നിലപാടെടുത്തിരുന്നു.
തനിക്ക് തോന്നിയാൽ ആതിഥേയ നഗരങ്ങളിലൊന്നായ ബോസ്റ്റണിൽ നിന്ന് മത്സരങ്ങൾ മാറ്റുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. അതിന് സാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫിഫ പ്രസിഡന്റുമായി സംവദിച്ച് ഇക്കാര്യം നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു. ബോസ്റ്റണിലെ ജനങ്ങളെ ഇഷ്ടമാണെന്നും എന്നാൽ മേയർ അത്ര നല്ലയാളല്ലെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
“ആരെങ്കിലും മോശമായി പ്രവർത്തിക്കുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ടെന്ന് എനിക്ക് തോന്നുകയും ചെയ്താൽ, ഞാൻ ഫിഫയുടെ തലവനായ ജിയാനി ഇൻഫന്റിനോയെ വിളിക്കും. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. എന്നിട്ട് നമുക്കിത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന് പറയും. അദ്ദേഹം അത് ചെയ്യുകയും ചെയ്യും” - ട്രംപ് വ്യക്തമാക്കി.
അതേസമയം ഒളിമ്പിക്സിന്റെ കാര്യത്തിലും ഇത് തന്നെ പറയാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോസ് ആഞ്ജലീസ് ശരിയായി തയ്യാറെടുത്തിട്ടില്ലെന്ന് എനിക്ക് തോന്നിയാൽ, ഞാൻ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റും. - അദ്ദേഹം പറഞ്ഞു.
അടുത്തിടെ ട്രംപിന്റെ ഭരണകൂടം ഡെമക്രാറ്റിക് പാർട്ടി ഭരിക്കുന്ന യുഎസ് നഗരങ്ങളിലേക്ക് സൈനികരെ വിന്യസിച്ചിരുന്നു. കുറ്റകൃത്യങ്ങളെയും ഇടതുപക്ഷ പ്രവർത്തനങ്ങളെയും നേരിടാൻ സൈനികരെ ആവശ്യമാണെന്ന് പറഞ്ഞാണ് ഈ നടപടി. അതിന് പിന്നാലെയാണ് ഇപ്പോൾ ബോസ്റ്റണിൽ നിന്ന് ലോകകപ്പ് മത്സരങ്ങൾ മാറ്റുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നത്.
അടുത്ത വർഷത്തെ ലോകകപ്പിലെ ഏഴ് മത്സരങ്ങൾക്കാണ് ബോസ്റ്റൺ ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റിൽ സാൻഫ്രാൻസിസ്കോയും സിയാറ്റിലും ആറ് മത്സരങ്ങൾക്ക് വീതവും ലോസ് ആഞ്ജലീസ് എട്ട് മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നുണ്ട്. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് 2026 ഫിഫ ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്.
Content Highlights: trump threatens to pull World Cup games from Boston
Published: 15 Oct 2025, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented