ലണ്ടന്‍: അടുത്ത പതിനൊന്നു ദിവസത്തിനുള്ളില്‍ എതിരാളികളായെത്തുന്നത് മൂന്ന് വമ്പന്‍ ടീമുകള്‍. ഈ മത്സരങ്ങളിലെ ഫലമാകും ഓള്‍ഡ് ട്രാഫഡില്‍ എറിക് ടെന്‍ഹാഗ് തുടരണമോയെന്നകാര്യം തീരുമാനിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുകയും ചാമ്പ്യന്‍സ് ലീഗില്‍ പുറത്താകലിന്റെ വക്കത്തുനില്‍ക്കുകയും ചെയ്യുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും പരിശീലകന്‍ ടെന്‍ഹാഗിനും ഇനിയുള്ള ദിവസങ്ങള്‍ അഗ്‌നിപരീക്ഷയുടേതാണ്.

To advertise here,

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച ചെല്‍സിയും 17-ന് ലിവര്‍പൂളുമാണ് യുണൈറ്റഡിന്റെ എതിരാളി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ 13-ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് നേര്‍ക്കുനേര്‍വരും. മൂന്ന് മത്സരങ്ങളില്‍ തോല്‍വിനേരിട്ടാല്‍ ടെന്‍ഹാഗിന് പുറത്തേക്കുള്ള വഴിതെളിയും. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ടീം ആദ്യനാലുസ്ഥാനങ്ങളിലില്ല. എട്ടുതോല്‍വിയും നേരിട്ടു.

ടീമിന്റെ ഡ്രസിങ് റൂം അന്തരീക്ഷം മോശമായെന്നാണ് പുറത്തുവരുന്ന വിവരം. ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തിനുശേഷം മുന്നേറ്റനിരതാരം ആന്റണി മാര്‍ഷ്യലും ടെന്‍ ഹാഗുമായുള്ള ബന്ധം മോശമായിട്ടുണ്ട്. യുവതാരം ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനും പരിശീലകന്റെ ഗുഡ് ലിസ്റ്റിലില്ല. മര്‍ക്കസ് റാഷ്ഫോഡിനും ആന്റണിക്കും ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയ്ക്കും ഫോം കണ്ടെത്താനുമാകുന്നില്ല. അതിനൊപ്പം പരിക്കുകളും ടീമിനെ നന്നായി അലട്ടുന്നുണ്ട്.

സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ യുണൈറ്റഡിന് ഇതുവരെയായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ 14 കളിയില്‍ എട്ടുജയവും ആറുതോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. 24 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. ഇതേകളി തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ടീമിന് നഷ്ടമാകും. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലും ടീമിന്റെ പ്രകടനം ദയനീയമാണ്. ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ്.

ക്ലബ്ബിന്റെ 25 ശതമാനം ഓഹരികള്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ് സ്വന്തമാക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. റാറ്റ്ക്ലിഫ് ക്ലബ്ബിന്റെ ഉടമസ്ഥതയിലേക്കുവന്നാല്‍ വലിയതോതില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതും ടെന്‍ഹാഗിന് തിരിച്ചടിയാണ്.