‘നമ്മൾ മാറഡോണയുടെ കളി കണ്ടു. മെസ്സിയുടെയും റൊണാൾഡോയുടെയും കളി കണ്ടു. ഇപ്പോഴിതാ അവരൊക്കെ കളിച്ച ലോകകപ്പിലാണ് തഹ്‌സിനും കളിക്കുന്നത്.’ വളപട്ടണത്തെ തഹ്സിന്റെ വീടിന്റെ സമീപത്തുനിന്ന് ഇങ്ങനെ പറയുമ്പോൾ ഹനീഫയുടെ മുഖത്ത് ആവേശവും സന്തോഷവും തളംകെട്ടി നിൽപ്പുണ്ടായിരുന്നു. ‘അത് അവന്റെ കഠിനപ്രയ്‌നത്തിന്റെ ഫലമാണ്. അടുത്ത തവണയായിരിക്കും ഖത്തറിനായി തഹ്‌സിൻ ലോകകപ്പ് കളിക്കുകയെന്നാണ് കരുതിയിരുന്നത്. എന്നാൽ 20 വയസ്സിന് മുൻപ് തന്നെ ലോകകപ്പ് കളിക്കുന്നു.’- ചെറുപ്രായത്തിൽ വളപട്ടണത്തെ വയലിലും റോഡിലുമൊക്കെ പന്തുതട്ടിയ തഹ്സിൻ മുഹമ്മദ് വിശ്വവേദിയിൽ പന്തുതട്ടാൻ പോകുന്നുവെന്ന വാർത്തയറിഞ്ഞതു മുതൽ ആവേശത്തിലാണ് നാട് മുഴുവൻ. വളപട്ടണം ഫുട്ബോൾ അക്കാദമി പ്രസിഡന്റും തഹ്സിന്റെ കുടുംബ സുഹൃത്തുമായ ഹനീഫയുടെ വാക്കുകളിലത്രയും ആ പത്തൊൻപതുകാരൻ എത്തിപ്പിടിച്ച നേട്ടത്തിന്റെ തിളക്കമാണ്.

To advertise here,

‘ഖത്തർ സീനിയർ ടീമിൽ ഇടംകിട്ടിയതുമുതൽ ലോകകപ്പ് കളിക്കണമെന്ന ആഗ്രഹത്തിലായിരുന്നു തഹ്‌സിൻ. നാല് വർഷം മുൻപ് ഖത്തറിൽ ലോകകപ്പ് കാണാൻ പോയ സമയത്ത് മാതാപിതാക്കളുടെ മുന്നിൽ വെച്ച് ഞാൻ പറഞ്ഞിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കുന്ന മലയാളി തഹ്‌സിനാവട്ടെയെന്ന്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പിൽ കളിക്കുക മാത്രമല്ല, ഗോളടിക്കുന്ന ആദ്യ മലയാളിയാകുമെന്നും കരുതുന്നു. ടൂർണമെന്റിൽ തഹ്സിന്റെ കളി കാണുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കണം. ആ മുഹൂർത്തത്തിനായാണ് കാത്തിരിക്കുന്നത്.’- ഹനീഫ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ജനിച്ചത് ഖത്തറിലാണെങ്കിലും ചെറുപ്രായത്തിൽ വളപട്ടണത്തെ റോഡിലും മൈതാനത്തും പന്തുതട്ടിയിട്ടുണ്ട് തഹ്‌സിൻ. കാൽപ്പന്തുകളിയോടായിരുന്നു അന്ന് മുതലേ തഹ്സിന്റെ താത്പര്യം. വളപട്ടണവും കണ്ണൂരും കേരളവും കടന്ന് ഖത്തറിലും ആ ഇഷ്ടം വിട്ടില്ല. പന്തുതട്ടി പന്തുതട്ടി തഹ്സിൻ വിസ്മയിപ്പിച്ചുതുടങ്ങിയതോടെ ഖത്തറിലും മലയാളിപ്പയ്യൻ തരംഗമായി. ഖത്തറിന്റെ ദേശീയ കുപ്പായമണിഞ്ഞ തഹ്സിൻ അണ്ടർ-16, അണ്ടർ-17 ടീമുകളുടെ ഭാഗമായി. പിന്നീട് ഖത്തറിന്റെ സീനിയർ ടീമിലേക്കുള്ള വിളിയും കാത്തിരിപ്പായിരുന്നു. വിങ്ങുകളിലൂടെ അതിവേഗം കുതിക്കുന്ന തഹ്സിന്റെ സീനിയർ അരങ്ങേറ്റവും അത്രതന്നെ വേഗത്തിലായിരുന്നു. ഒടുക്കം ലോകകപ്പ് ടീമിലും ഇടംപിടിച്ചതോടെ ചരിത്രനിമിഷം.

‘തഹ്‌സിന്റെ പിതാവ് ജംഷീദും ഫുട്‌ബോൾ താരമായിരുന്നു. ചെറുപ്പത്തിൽ ഉപ്പയുടെ കൈയ്യും പിടിച്ചാണ് തഹ്‌സിൻ മൈതാനത്ത് പോകാറുള്ളത്. ഇന്ത്യക്ക് വേണ്ടി അണ്ടർ-19 തലത്തിൽ കളിച്ചിട്ടുള്ളയാളാണ് ജംഷീദ്. ജോപോൾ അഞ്ചേരിക്കൊപ്പം കളിച്ചിട്ടുണ്ട്. ഉയരങ്ങളിൽ എത്തേണ്ട താരമായിരുന്നു. എന്നാൽ പരിക്ക് കാരണം കൂടുതൽ മുന്നോട്ടുപോവാനായില്ല. തനിക്ക് സാധിക്കാത്തത് മകനിലൂടെ സാധിക്കുകയാണ് ജംഷീദ്. തഹ്‌സിന് ലോകകപ്പിൽ കളിക്കുകയും ഗോളടിക്കുകയും ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷ. മെസ്സിയെയും നെയ്മറിനെയും പോലെ തഹ്‌സിനെയും പിന്തുണയ്‌ക്കേണ്ടതുണ്ട്.’ - ഹനീഫ പറഞ്ഞു.

‘എല്ലാവരും നല്ല ആവേശത്തിലാണ്. നാടും നാട്ടുകാരും ഇതിനായി ഒരുങ്ങിയിരിക്കുകയാണ്. എല്ലായിടത്തും ഫ്‌ളക്‌സ് ബോർഡുകളുണ്ട്. എല്ലാവരും പ്രാർഥിക്കണം. ലോകകപ്പിൽ തഹ്‌സിൻ ഒരു ഗോളെങ്കിലും അടിക്കണമെന്നാണ്’ ആഗ്രഹമെന്ന് ബന്ധുവായ സാബിത്ത് പറയുന്നു. ലോകകപ്പ് ടീമിലിടം നേടിയതിന്റെ സന്തോഷം ബന്ധുവായ പർവീണും മറച്ചുവെച്ചില്ല. ഒരു കുടുംബാംഗമെന്ന നിലയിൽ അഭിമാന നിമിഷമാണിത്. ടൂർണമെന്റിൽ ഗോളടിക്കട്ടെ. തഹ്‌സിൻ മികച്ച താരമായി മാറട്ടെ. വളപട്ടണംകാർക്ക് മാത്രമല്ല, ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

‘തഹ്‌സിൻ ഖത്തറിന്റെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഇനിയും നല്ല നിലയിൽ എത്തട്ടേയെന്ന് പ്രാർഥിക്കുന്നു. മൂന്ന് നാല് വർഷം മുൻപ് ഇവിടെ (വളപട്ടണം) വന്നിരുന്നു. ആ സമയം മഴയത്ത് നിൽക്കുന്നത് കണ്ട് ഞാൻ അവനോട് പനിക്കില്ലേ എന്ന് ചോദിച്ചു. കളിക്കുമ്പോൾ സ്ഥിരമായി മഴ കൊള്ളുന്നതാണെന്ന് മറുപടി പറഞ്ഞു. മാതാപിതാക്കളടക്കം എല്ലാവരും അതിയായ സന്തോഷത്തിലാണ്. ആദ്യ മത്സരത്തിൽ തന്നെ മൈതാനത്തിറങ്ങി ഗോളടിക്കണമെന്നാണ് ആഗ്രഹം. ഇനിയുള്ള എല്ലാ ലോകകപ്പിലും കളിക്കാനാവട്ടെയെന്ന് ആഗ്രഹിക്കുന്നു.’ - ബന്ധുവായ സിറാജ് പറഞ്ഞു.

കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെയും ഷൈമയുടേയും മകനായ തഹ്‌സിൻ മുഹമ്മദ് കഴിഞ്ഞവർഷം നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുണ്ടായിരുന്നു. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടിയാണ് കളിക്കുന്നത്.