റിയാദ്: സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്ന് കളിക്കാരുടെയും പരിശീലകരുടെയും ഒഴുക്ക് തുടരുന്നു. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡാണ് ഇക്കൂട്ടത്തിലെ പുതിയ പേരുകാരന്‍. ജെറാര്‍ഡിനെ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഇത്തിഫാഖ് പരിശീലകനായി നിയമിച്ചു. ക്ലബ്ബ് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

To advertise here,

കഴിഞ്ഞ ജൂണില്‍ ക്ലബ്ബില്‍നിന്നുള്ള വാഗ്ദാനം 43-കാരനായ ജെറാര്‍ഡ് നിരസിച്ചതാണ്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവര്‍പൂളിന്റെയും മധ്യനിരയിലെ പ്രധാനതാരമായിരുന്ന ജെറാര്‍ഡ്, വിരമിച്ച ശേഷം ലിവര്‍പൂളിന്റെ യൂത്ത് ടീമുകളെയും സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സ്, ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ല എന്നിവയെയും പരിശീലിപ്പിച്ചിട്ടുണ്ട്. റേഞ്ചേഴ്സിനൊപ്പം സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് നേടി.

രണ്ടുതവണ സൗദി പ്രോ ലീഗ് ജയിച്ച ക്ലബ്ബാണ് അല്‍ ഇത്തിഫാഖ്. കഴിഞ്ഞ സീസണില്‍ പക്ഷേ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീം അല്‍ നസറിലെത്തിയതിന് പിന്നാലെ യൂറോപ്പിലെ പല വമ്പന്‍ താരങ്ങളും ആ വഴി പിന്തുടര്‍ന്നിരുന്നു. കരീം ബെന്‍സേമ, റൂബന്‍ നെവെസ്, കലിദു കൗലിബലി, എന്‍ഗോളോ കാന്റെ, എഡ്വേര്‍ഡ് മെന്‍ഡി, ഹക്കീം സിയെച്ച് തുടങ്ങിയവരെല്ലാം സൗദിയിലെ വിവിധ ക്ലബ്ബുകളുമായി ധാരണയിലെത്തിയിട്ടുണ്ട്.