
ശാന്തമായി ഒഴുകുന്ന നദിപോലെയായിരുന്നു ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ സ്പാനിഷ് ഫുട്‌ബോൾ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പുൽമൈതാനത്തെ പുൽകി താൻ ഒഴുകി നീങ്ങുന്നത് പലപ്പോഴും ആ പന്ത് പോലും അറിയാറില്ല. സിംഫണി സംഗീതം പോലെ അത് മൈതാനത്തങ്ങനെ ഒഴുകി നടക്കും. മൈതാനത്ത് സൃഷ്ടിക്കപ്പെടുന്ന ഒരു മാജിക്കാണത്. എതിരാളികളുടെ കാലിൽ പന്തുകൊടുക്കാത്ത പൊസഷൻ ഫുട്‌ബോളും കുറിയ പാസുകളുമുള്ള ടിക്കി ടാക്കയെന്ന ഫുട്‌ബോൾ രസതന്ത്രമാണ് എക്കാലവും അവരെ നയിച്ചിരുന്നത്. 2008-ലെ യൂറോ കപ്പും 2010-ലെ ലോകകപ്പും 2012-ലെ യൂറോ കപ്പുമെല്ലാം സ്പാനിഷ് സംഘം തങ്ങളുടെ ഷെൽഫിലെത്തിച്ചത് ഇങ്ങനെയായിരുന്നു. ബാഴ്‌സലോണയും റയൽ മാഡ്രിഡുമായിരുന്നു അന്നെല്ലാം സ്‌പെയിൻ ടീമിന്റെ എഞ്ചിനായി പ്രവർത്തിച്ചിരുന്നത്. കാർലോസ് പ്യുയോൾ, സാവി ഹെർണാണ്ടസ്, ആന്ദ്രേസ് ഇനിയെസ്റ്റ, ജെറാർഡ് പിക്വെ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ഡേവിഡ് വിയ്യ, പെഡ്രോ, ജോർഡി ആൽബ, ഐകർ കസിയസ്, സെർജിയോ റാമോസ്, റൗൾ ആൽബിയോൾ, സാബി അലോൺസോ എന്നിങ്ങനെ പോകുന്നു സ്‌പെയിനിന്റെ ഹൃദയമായിരുന്ന ബാഴ്‌സലോണ, റയൽ താരങ്ങളുടെ പട്ടിക. എന്നാൽ എതിരാളികൾ ടിക്കി ടാക്കയ്ക്കുള്ള മറുമരുന്ന് കണ്ടു പിടിച്ചതോടെ അവർക്ക് അടിതെറ്റി. 2014-ൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായ ടീം 2018-ലും 2022-ലും ക്വാർട്ടറിൽ വീണു. കാലം മാറിയിട്ടും ടിക്കി ടാക്കയെന്ന ഫുട്‌ബോൾ ഫിലോസഫി മുറുകെ പിടിച്ചതിന് അവർക്ക് കിട്ടിയ തിരിച്ചടി.
പാസിങ് ഗെയിമിന്റെ പേരിൽ പഴിയേറെ കേട്ട ടീമാണ് സ്‌പെയിൻ. എതിരാളികൾക്ക് പന്തുനൽകാതെ കുറിയ പാസുകളിലൂടെ മുന്നേറുന്ന അവരുടെ ടിക്കി ടാക്ക ശൈലിക്കെതിരേ ആരാധകരടക്കം രംഗത്തെത്തി. എന്നാൽ വിൻസെന്റ് ഡെൽബോസ്‌കും ജുലെൻ ലോപ്‌റ്റെഗുയിയും ലൂയിസ് എന്റിക്വെയുമെല്ലാം കളിപഠിപ്പിച്ച സ്പെയിനിന്റെ കടിഞ്ഞാൺ ലൂയിസ് ഡെലാ ഫുഎൻഡെയിലേക്കെത്തിയപ്പോൾ ടീം അടിമുടി മാറി. 2024-ലെ യൂറോ കപ്പ് നേടിയാണ് ഡെലാ ഫുഎൻഡെയുടെ ടീം തങ്ങളുടെ കരുത്തുകാട്ടിയത്. യൂറോ കപ്പ് ജയിച്ച സ്പാനിഷ് സംഘത്തിലെ മിക്ക താരങ്ങളും ഡെലാ ഫുഎൻഡെയുടെ ഇത്തവണത്തെ ലോകകപ്പ് ടീമിലുണ്ട്. ഗോൾകീപ്പർ ഉനായ് സിമോൺ, ഐമെറിക് ലപോർട്ടെ, മാർക്ക് കുക്കുറെയ്യ, റോഡ്രി, ഫാബിയാൻ റൂയിസ്, ലമിൻ യമാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, ഡേവിഡ് റായ, അലെഹാൻഡ്രോ ഗ്രിമാൾഡോ, മാർട്ടിൻ സുബിമെൻഡി, അലക്സ് ബയേന, മിക്കെൽ മെറീനോ, മൈക്കൽ ഒയാർസബാൽ, ഫെറാൻ ടോറസ് എന്നിവരെല്ലാം ആ പട്ടികയിലുണ്ട്. ഇതിൽ പലരും സ്‌പെയിനിന്റെ യൂത്ത് ടീം കോച്ചായിരുന്ന കാലത്തു തന്നെ ഡെലാ ഫുഎൻഡെയുടെ കീഴിൽ കളിച്ചവരാണ്.
ഇക്കഴിഞ്ഞ യൂറോയിൽ നമ്മൾ കണ്ടത് മാറിയ കാലത്തെ മാറിയ സ്‌പെയിനിനെയായിരുന്നു. വെറുതെ പന്തിൽ അള്ളിപ്പിടിച്ചിരിക്കാതെ ഗോളുകൾ സ്‌കോർ ചെയ്യാനും ഒന്നിച്ച് പ്രതിരോധിക്കാനിറങ്ങാനും ഒട്ടും മടിയില്ലാത്ത സംഘം. യൂറോയിൽ ക്രൊയേഷ്യയേയും ഇറ്റലിയേയും ജർമനിയേയും ഫ്രാൻസിനെയും ഫൈനലിൽ ഇംഗ്ലണ്ടിനെയുമെല്ലാം തകർത്തുവിട്ട സ്പാനിഷ് സംഘം തങ്ങളുടെ കരുത്ത് അടയാളപ്പെടുത്തിയാണ് ജർമനിയിൽ നിന്നും മടങ്ങിയത്.
ഇത്തവണത്തെ ലോകകപ്പിന് കോച്ച് ലൂയിസ് ഡെലാ ഫുഎൻഡെ തിരഞ്ഞെടുത്ത ടീമിനെ നോക്കാം:
ഗോൾകീപ്പർമാർ: ഉനായ് സിമോൺ, ഡേവിഡ് റായ, ജൊവാൻ ഗാർസിയ.
പ്രതിരോധം: മാർക്ക് കുക്കുറെയ്യ, അലെഹാൻഡ്രോ ഗ്രിമാൾഡോ, പാവു കുബാർസി, ഐമെറിക് ലാപോർട്ടെ, മാർക്ക് പുബിൽ, എറിക് ഗാർസിയ, മാർക്കോസ് ലോറെന്റെ, പെഡ്രോ പോറോ.
മധ്യനിര: പെഡ്രി, ഫാബിയാൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി, ഗാവി, റോഡ്രിഗോ, അലക്സ് ബയേന, മിക്കെൽ മെറീനോ.
മുന്നേറ്റനിര: മൈക്കൽ ഒയാർസബാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാൻ ടോറസ്, ബോർഹ ഇഗ്ലേഷ്യസ്, വിക്ടർ മുനോസ്, ലമിൻ യമാൽ.
ലോകകപ്പ് ടീമിൽ ഇത്തവണ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഒറ്റത്താരം പോലുമില്ല എന്നതു തന്നെയാണ് ശ്രദ്ധേയമായ കാര്യം. ഫുട്‌ബോൾ ലോകത്ത് ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ബാഴ്സലോണയുടെ എട്ട് താരങ്ങളും ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകത. ആഴ്സണൽ, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയിൽനിന്ന് മൂന്നു വീതം താരങ്ങളും ടീമിലുണ്ട്. ടീമിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റയൽ മാഡ്രിഡിൽനിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമിൽ ഇടംനേടാതിരിക്കുന്നത്.
ടീമിലുണ്ടാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഡീൻ ഹൗസൻ, അൽവാരോ കരേരാസ്, ഫ്രാൻ ഗാർസിയ എന്നിവരെ ഒഴിവാക്കിയത് വലിയ ചർച്ചയായിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡാനി കർവാഹലിന് കഴിഞ്ഞ കുറച്ച് സീസണുകളിലായി നേരിട്ട പരിക്കുകൾ തിരിച്ചടിയായി. പ്രതിരോധ നിരയിലെ വിടവ് നികത്താൻ ഇവർക്ക് കഴിയുമെന്ന് കരുതിയിരുന്നെങ്കിലും പരിശീലകൻ മാറി ചിന്തിക്കുകയായിരുന്നു.
പതിവുപോലെ സ്പാനിഷ് ടീമിൽ ഇത്തവണയും ബാഴ്സലോണ താരങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ലമിൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർസിയ, ഫെറാൻ ടോറസ്, ജൊവാൻ ഗാൽസിയ എന്നീ ഏഴ് ബാഴ്സ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.
2024-ൽ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച മുൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്ക് ഇത്തവണ ടീമിൽ ഇടംലഭിച്ചില്ല. കാൽവിരലിന് പൊട്ടലേറ്റ ബാഴ്സ മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസിന് പരിക്ക് തിരിച്ചടിയാകുകയായിരുന്നു. ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, യുറഗ്വായ് എന്നിവർക്കൊപ്പമാണ് സ്പെയിനിന്റെ സ്ഥാനം. ജൂൺ 14-ന് കേപ് വെർദെയ്‌ക്കെതിരെയാണ് സ്പെയിന്റെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഇറാഖ്, പെറു എന്നീ ടീമുകളുമായി സ്പെയിൻ സന്നാഹ മത്സരങ്ങൾ കളിക്കും.
ശൈലിയിലെ മാറ്റം തന്നെയാണ് സ്‌പെയിനിനെ ഈ ലോകകപ്പിലെ ഫേവറിറ്റുകളാക്കുന്നത്. മത്സരങ്ങളിൽ സ്ഥിരമായി 1000 പാസുകൾ തികച്ചിരുന്ന കാലത്തു നിന്ന് ടീം മാറി. 2024 യൂറോ കപ്പിൽ ക്രൊയേഷ്യയ്ക്കെതിരായ സ്പെയിനിന്റെ ആദ്യ ഗോളിന് വേണ്ടിവന്നത് മൂന്നേ മൂന്ന് പാസുകളും ആറ് ടച്ചുകളും മാത്രമായിരുന്നു എന്നതു തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. സ്പാനിഷ് ഫുട്ബോളിലെ മാറുന്ന കാലത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ആ ഗോൾ.
എങ്കിലും അവർ അവരുടെ ഫുട്ബോൾ ആദർശങ്ങളായ പാസിങ്ങും പൊസഷനും വേണ്ടെന്ന് വെയ്ക്കുന്നുമില്ല. മറിച്ച് അതുപയോഗിച്ചുള്ള കളിക്ക് കുറച്ചുകൂടി ലക്ഷ്യബോധം നൽകുകയാണ് പരിശീലകൻ ചെയ്തത്. കുറിയ പാസുകളിലൂടെ എതിരാളികൾക്ക് പന്തു നൽകാതെ വെറുതെ മൈതാനത്ത് അലഞ്ഞുതിരിയുന്ന ഒരു കൂട്ടമല്ല ഇപ്പോൾ ഈ ടീം. മറിച്ച് ഓരോ പന്തുകളും ഓരോ പാസുകളും ഗോൾവലയെ മാത്രം ലക്ഷ്യമിട്ടുള്ളതാകുന്നു.
തന്റെ മുൻഗാമികളിൽ നിന്ന് കൂറേക്കൂടി പ്രായോഗികവാദിയാകുകയാണ് ഫുഎൻഡെ ചെയ്തത്. ലമിൻ യമാൽ, നിക്കോ വില്യംസ്, ഫെറാൻ ടോറസ് തുടങ്ങി വേഗമേറിയ താരങ്ങളുള്ള ഒരു ടീം എന്തിന് വെറുതെ പാസിങ് ഗെയിമിൽ അള്ളിപ്പിടിച്ചിരിക്കണമെന്ന് ഫുഎൻഡെ ചിന്തിച്ചതിന്റെ ഫലമാണ് ഈ മാറ്റം.
എപ്പോഴും പ്ലേമേക്കർമാരെ ചുറ്റിപ്പറ്റിയായിരുന്നു സ്പെയിനിന്റെ നീക്കങ്ങൾ. ഒരു കാലത്ത് സെർജിയോ ബുസ്‌കെറ്റ്സും ആന്ദ്രേ ഇനിയെസ്റ്റയും സാവി ഹെർണാണ്ടസുമെല്ലാം നയിച്ച സ്പാനിഷ് മധ്യനിരയിലേക്ക് കഴിഞ്ഞ ഖത്തർ ലോകകപ്പിലെത്തിയത് ബാഴ്സലോണയുടെ മിഡ്ഫീൽഡ് മെഷീനുകളായ പെഡ്രിയും ഗാവിയുമായിരുന്നു. യൂറോ കപ്പിലേക്കെത്തിയപ്പോൾ പെഡ്രിക്കൊപ്പം മാഞ്ചെസ്റ്റർ സിറ്റിയുടെ റോഡ്രിയും ഫാബിയാൻ റൂയിസുമായിരുന്നു മധ്യനിരയിലെ പ്രധാനികൾ.
വിങ്ങർമാരായ യമാലും നിക്കോ വില്യംസുമാണ് ഫുഎൻഡെയുടെ തുറുപ്പുചീട്ടുകൾ. നിക്കോയുടേയും യമാലിന്റേയും മുന്നേറ്റം തടയുക എന്നത് എതിരാളികൾക്ക് കടുപ്പമാകും.
നിലവിലെ 26 അംഗ സംഘത്തിൽ നിന്ന് ഫസ്റ്റ് ഇലവനെ നിശ്ചയിക്കുക എന്നതാകും ഡെലാ ഫുഎൻഡെ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉനായ് സിമോൺ, ഡേവിഡ് റായ, ജൊവാൻ ഗാർസിയ എന്നീ മൂന്ന് ഗോൾകീപ്പർമാരിൽ നിന്ന് ആരെ തിരഞ്ഞെടുക്കും? സിമോൺ, ഡെലാ ഫുഎൻഡെ സ്‌പെയിനിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തിന് അറിയുന്ന താരമാണ്. കഴിഞ്ഞ യൂറോയിലും കോച്ച് വിശ്വാസമർപ്പിച്ചതും ഉനായ് സിമോണിൽ തന്നെ. എന്നാൽ ആഴ്‌സനലിനായി തകർത്ത് കളിക്കുന്ന ഡേവിഡ് റായയേയും ബാഴ്‌സലോണയുടെ വിജയങ്ങളിൽ നിർണായക സാന്നിധ്യമായ ജൊവാൻ ഗാർസിയയേയും എങ്ങനെ ഒഴിവാക്കും. അനുഭവ സമ്പത്തും ബിഗ് ഗെയിം പ്ലെയർ എന്ന ലേബലും കണക്കിലെടുക്കുമ്പോൾ സിമോൺ തന്നെയാകും ഇത്തവണ ഗോൾവല കാക്കുക.
സെന്റർ ബാക്ക് പൊസിഷനിൽ ഐമെറിക് ലാപോർട്ടെ തന്നെയാകും കോച്ചിന്റെ പ്രഥമ പരിഗണന. ലാപോർട്ടെയുടെ കൂട്ടിന് ആരാകും എന്നതാണ് അടുത്ത തലവേദന. ബാഴ്‌സലോണയുടെ സെന്റർ ബാക്കായ പാവു കുബാർസിയാണ് ഒരു ഓപ്ഷൻ. സെന്റർ ബാക്കായും ഫുൾ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായുമെല്ലാം കളിക്കാൻ സാധിക്കുന്ന ബാഴ്‌സയുടെ തന്നെ എറിക് ഗാർസിയയാണ് മറ്റൊരു ഓപ്ഷൻ. ലെഫ്റ്റ് ബാക്കായി മാർക്ക് കുക്കുറെയ്യ അല്ലാതെ മറ്റൊരു താരത്തെ കുറിച്ച് കോച്ച് ചിന്തിക്കാൻ ഇടയില്ല. ഇക്കഴിഞ്ഞ യൂറോയിലടക്കം സ്‌പെയിനിനായി ഈ പൊസിഷനിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് കുക്കുറെയ്യ. റൈറ്റ് ബാക്ക് പൊസിഷനിൽ സാധ്യത പെഡ്രോ പോറോയ്ക്കാണ്. കഴിഞ്ഞ യൂറോയിലടക്കം റയൽ മാഡ്രിഡിന്റെ ഡാനി കാർവഹാലായിരുന്നു സ്‌പെയിനായി ഈ പെസിഷനിൽ തകർത്ത് കളിച്ചിരുന്നത്. ഇത്തവണ പരിക്കും മോശം ഫോമുമാകാം താരത്തിന് ലോകകപ്പ് ടീമിലെ ഇടം നഷ്ടപ്പെടുത്തിയത്.
മധ്യനിരയിൽ റോഡ്രിയും പെഡ്രിയും ഫാബിയാൻ റൂയിസും തന്നെയാകും ഡെലാ ഫുഎൻഡെയുടെ തിരഞ്ഞെടുപ്പ്. ഫോർമേഷൻ മാറുന്നതിനനുസരിച്ച് ഡാനി ഓൽമോയ്ക്ക് അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ അവസരം ലഭിക്കും. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന്റെ കടിഞ്ഞാൺ ലമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും കൈകളിൽ ഭദ്രം. മൈക്കൽ ഒയാർസബാലോ ഫെറാൻ ടോറസോ സ്‌ട്രൈക്കറായും വന്നേക്കും.
2014-ൽ ബ്രസീലിലും 2018-ൽ റഷ്യയിലുമെല്ലാം തിരിച്ചടി കിട്ടിയ ടിക്കി ടാക്കയെ പരിഷ്‌കരിക്കാൻ പിന്നീടുള്ള സ്പാനിഷ് പരിശീലകരൊന്നും തന്നെ മെനക്കെടാതിരുന്നതിന്റെ ഫലമായിരുന്നു 2022-ൽ ഖത്തറിലും സ്പാനിഷ് നിര തകർന്നടിയാൻ കാരണമായത്. അതോടെ പൊളിച്ചെഴുതേണ്ട കളിശൈലിയാണ് ടിക്കി ടാക്കയെന്ന് വിദഗ്ധരും സ്പാനിഷ് ആരാധകരും ഒന്നടങ്കം വിധിയെഴുതി. ഗോളടിക്കാൻ സാധിക്കാതെ പന്ത് പിടിച്ചിരുന്നിട്ടും പാസിങ്ങിൽ മികവ് കാണിച്ചിട്ടും കാര്യമെന്തെന്ന് അവർ ചോദിച്ചു. അവിടെയാണ് ലൂയിസ് ഡെലാ ഫുഎൻഡെ സ്‌പെയിനിനെ അപ്പാടെ പൊളിച്ചുപണിതത്.
ഇക്കഴിഞ്ഞ യൂറോയിൽ ക്രൊയേഷ്യയ്ക്കെതിരേ സ്‌പെയിൻ പന്ത് കൈവശം വെച്ചത് 46 ശതമാനം സമയം മാത്രമാണ്. ആകെ പിറന്നത് 457 പാസുകൾ മാത്രവും. എന്നാൽ മൂന്നു കിടിലൻ ഗോളുകൾ ക്രോട്ടുകളുടെ വലയിലെത്തിക്കാൻ അവർക്കായി. മറുവശത്ത് 54 ശതമാനം പന്തടക്കത്തിലും 517 പാസുകളിലും ക്രൊയേഷ്യ സ്പാനിഷ് ടീമിന് മുകളിലായിരുന്നു. പക്ഷേ ഫലമുണ്ടായില്ല. കടുത്ത പ്രതിരോധമുയർത്തിയ ഇറ്റലിക്കെതിരായ മത്സരം എന്നാൽ ഇത്തിരി വ്യത്യസ്തമായിരുന്നു. 58 ശതമാനം പന്ത് കൈവശംവെച്ച സ്പെയിൻ ഗോളിലേക്ക് പായിച്ചത് 20 ഷോട്ടുകളായിരുന്നു. ഒമ്പത് എണ്ണം ലക്ഷ്യം കാണുകയും ചെയ്തു. മുൻ വർഷങ്ങളിൽ തങ്ങളുടെ പരമ്പരാഗത ശൈലിക്ക് നേരിട്ട തിരിച്ചടി പുതിയ ശൈലി അവലംബിക്കാൻ അവരെ നിർബന്ധിതരാക്കിയെന്ന് വേണം പറയാൻ.
പാസിങ് ഗെയിം വിട്ട് ഇന്ന് സ്പെയിൻ പ്രായോഗികതയെ കൂട്ടുപിടിച്ചിരിക്കുന്നു. നിക്കോ വില്യംസും ഫെറാൻ ടോറസും ലമിൻ യമാലുമെല്ലാം പുതിയ സ്പാനിഷ്‌കാലത്തിന്റെ മുന്നണിപ്പോരാളികളാകുന്നു. ടിക്കി ടാക്കയുടെ സുവർണകാലത്തെ ഓർമപ്പെടുത്തി റോഡ്രിയും പെഡ്രിയും മധ്യനിരയിൽ പന്തുതട്ടുന്നു. ലഭിക്കുന്ന ഓരോ പന്തും മുന്നോട്ട് മുന്നോട്ടെന്ന പോലെ കുതിക്കുന്ന ഫാബിയാൻ റൂയിസും അവർക്കൊപ്പം കൂടുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ ആവേശത്തോടെ കളിക്കുന്ന വിങ്ബാക്ക് കുക്കുറെയ്യയും ആക്രമണം മാത്രം കൈമുതലായുള്ള താരമാണ്. മാറിയ ശൈലിയിൽ ഫലവും വന്നതോടെ ആരാധകർ പ്രതീക്ഷയിലാണ്. ആ പഴയ സ്പാനിഷ് ഫുട്ബോളിന്റെ സുവർണകാലം മടങ്ങിയെത്തുകയാണെന്ന പ്രതീക്ഷ. ഇത്തവണ ന്യൂ ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിന്ന് ആ സംഘം പുഞ്ചിരിയുമായി മടങ്ങുമെന്ന പ്രതീക്ഷ.
Content Highlights: Shift from possession-only Tiki-Taka to a more direct, goal-oriented tactical approach., Luis de la Fuente's squad selection emphasizes speed and efficiency over pure ball retention., First time in 92 years that no Real Madrid players are included in the World Cup squad., Strong reliance on young talents like Lamine Yamal and Nico Williams for offensive breakthroughs., Spain enters the 2026 World Cup as favorites following their successful Euro 2024 campaign.
Published: 03 Jun 2026, 10:31 am IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inRelated Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented