‘എനിക്ക് പ്രാന്തായതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ...’ നടൻ സലിംകുമാറിന്റെ ഈ ഡയലോഗ് പോലെയായിരിക്കും സൊമാലിയൻ റഫറി ഒമർ അർത്തന്റെ മനസ്സിലും. അമേരിക്ക വിസ നിഷേധിച്ചതുകാരണം ലോകകപ്പിലെ ഒരു മത്സരംപോലും നിയന്ത്രിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നത് നന്നായെന്നേ ഒമർ കരുതുന്നുണ്ടാകൂ.

To advertise here,

നാട്ടിലെത്തിയപ്പോൾ ലോകകപ്പുനേടി വന്ന താരത്തെപ്പോലെ വലിയ സ്‌റ്റേഡിയത്തിൽ സ്വീകരണം, സൊമാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച, യുവേഫ സൂപ്പർകപ്പിൽ റഫറിയായി വിളിക്കുന്നു...ഇതിനെല്ലാം പുറമേ ഇപ്പോൾ എക്‌സിൽ ഒമറിന്റെ പേരിൽ ഒരു ഫാൻ പേജും ഉണ്ടായിരിക്കുന്നു. പതിനായിരം ഫോളോവേഴ്‌സ് ആയിക്കഴിഞ്ഞു.

അഞ്ചുമുറികളുള്ള വലിയൊരു വീട് സൊമാലിയൻ പ്രസിഡന്റ് ഒമറിന് സമ്മാനിക്കുമെന്നാണ് പുതിയ വാർത്ത. ലോകകപ്പ് നിയന്ത്രിച്ചില്ലെങ്കിലും മുഴുവൻ ടൂർണമെന്റ് ഫീസും ഫിഫ നൽകുമെന്നും കേൾക്കുന്നു. സത്യത്തിൽ ഇതല്ലേ ശരിക്കും രാജയോഗം..!

അതേസമയം ഒമർ അർത്താന യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും. ഓഗസ്റ്റ് 12-ന് പി.എസ്.ജി.യും ആസ്റ്റൺ വില്ലയും തമ്മിലുള്ള ഫൈനലിലാണ് അർത്താന എത്തുന്നത്. ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി യുവേഫ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന സൂപ്പർ കപ്പ് നിയന്ത്രിക്കാൻ ഒമർ അർത്താനയെ നിയമിച്ചത്.

നിർഭാഗ്യകരം - ഇൻഫാന്റിനോ

സൊമാലിയൻ റഫറി ഒമർ അബ്ദുൾഖാദിർ അർത്താന് യു.എസ്.എ. വിസ നിഷേധിച്ചത് നിർഭാഗ്യകരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. രാജ്യങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ ഇടപെടാനാവില്ലെന്നും അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.