
കോഴിക്കോട്: മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍മാരായ സി.കെ. വിനീതും റിനോ ആന്റോയും ഉള്‍പ്പെടുന്ന സംഘം ഒരു യാത്രക്കൊരുങ്ങുകയാണ്. ഫുട്ബോളില്‍ അധികമാരും കടന്നുചെന്നിട്ടില്ലാത്ത വഴിയിലൂടെയാണ് യാത്ര. രാജ്യത്തെ ആദിവാസിമേഖലകളിലേക്ക്. 'തേര്‍ട്ടീന്‍ത്ത് ഫൗണ്ടേഷന്‍' എന്ന കൂട്ടായ്മയ്ക്കു കീഴിലാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ സോക്കര്‍ സഫാരിയെന്നപേരില്‍ ദേശീയപര്യടനത്തിനൊരുങ്ങുന്നത്. ഫെബ്രുവരി ഒന്നിന് കേരളത്തില്‍നിന്ന് തുടങ്ങി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിക്കും. നാലുമാസം നീളുന്ന 'സോക്കര്‍ സഫാരി' ഇതിനിടെ 50,000 കിലോമീറ്റര്‍ പിന്നിടും.
എഫ് 13 അക്കാദമി
ആദിവാസിമേഖലയിലെ 17 വയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ തേര്‍ട്ടീന്‍ത്ത് ഫൗണ്ടേഷന്റെ കീഴില്‍ 2022 നവംബറിലാണ് 'എഫ് 13 അക്കാദമി' തുടങ്ങിയത്. പാലക്കാട് അട്ടപ്പാടിയിലും വയനാട് തിരുനെല്ലിയിലുമായിരുന്നു തുടക്കം. 2023 ജൂലായില്‍ കൊച്ചിയില്‍നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. അട്ടപ്പാടിയില്‍ സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി. തിരുനെല്ലിയില്‍ ഫൗണ്ടേഷന്‍ ഒറ്റയ്ക്കും. ആദിവാസിമേഖലയിലെ ഫുട്‌ബോളര്‍മാരെ കണ്ടെത്താനാകാത്തതും അക്കാദമികള്‍ ഇല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം.
സര്‍വത്ര മാറ്റം
ഫുട്ബോള്‍ പരിശീലനത്തിലൂടെ കുട്ടികളില്‍ ഏറെ മാറ്റമുണ്ടാക്കാനാകും. അക്കാദമിയില്‍ പ്രവേശനം കിട്ടണമെങ്കില്‍ സ്‌കൂളില്‍ പോകണമെന്ന നിബന്ധന ഗുണമായി. പഠനത്തിലും അക്കാദമിയിലും ശ്രദ്ധകേന്ദ്രീകരിച്ചതോടെ പുകവലി, മദ്യപാനം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങളില്‍നിന്ന് മോചനമുണ്ടായി. ഭക്ഷണകാര്യത്തിലും അക്കാദമി ശ്രദ്ധിക്കുന്നു. പാല്‍, മുട്ട തുടങ്ങിയവ ഉള്‍പ്പെടുത്തിയത് ഫിറ്റ്നസ് കൂടാന്‍ സഹായിച്ചു.
എക്സ്പ്ലോറിങ് ഇന്ത്യ
സംസ്ഥാനസര്‍ക്കാര്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുടെ അനുമതിയോടെയാകും യാത്ര. ഓരോ സ്ഥലത്തുമുള്ള മുന്‍താരങ്ങളെയും സമീപിക്കും. സി.കെ. വിനീത്, റിനോ ആന്റോ എന്നിവര്‍ പൂര്‍ണസമയം യാത്രയിലുണ്ടാകും. എന്‍.പി. പ്രദീപ്, മുഹമ്മദ് റാഫി, അനസ് എടത്തൊടിക എന്നിവരും യാത്രയില്‍ ചേരും. മറ്റു കായികതാരങ്ങളും പദ്ധതിയുടെ ഭാഗമാകും. തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള (ഐ.എസ്.എസ്.കെ.) ഉച്ചകോടിയില്‍ പദ്ധതി അവതരിപ്പിക്കും. രാജ്യത്ത് പത്ത് അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം.
യാത്രക്കുള്ള സ്‌കോര്‍പ്പിയോ സ്വന്തം ചെലവിലാണ് വാങ്ങിയത്. മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. ഒട്ടേറെ ചെലവുള്ള യാത്രക്ക് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ ആദിവാസിമേഖലയിലെ ഫുട്ബോള്‍ വളര്‍ച്ചയ്ക്കുള്ള യജ്ഞത്തിന് വേഗംകൂടുമെന്ന് താരങ്ങള്‍ പറയുന്നു. സോക്കര്‍ സഫാരിയുടെ വീഡിയോ ലോഞ്ചിങ് വെള്ളിയാഴ്ച നടക്കും.
ഫുട്ബോളിനുവേണ്ടി
''ഞങ്ങളൊക്കെ ഈനിലയിലെത്താന്‍ കാരണം ഫുട്ബോളാണ്. ആ ഫുട്ബോളിന് തിരികെക്കൊടുക്കാന്‍ ഇതുമാത്രമാണ് കൈവശമുള്ളത്. മറ്റുമേഖലകളില്‍നിന്ന് വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. പിന്നിടാന്‍ ഒട്ടേറെ കടമ്പകളുണ്ട്.'' - സി.കെ. വിനീത് (മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍).
Content Highlights: soccer safari in search of players aim football training in tribal areas
Published: 19 Jan 2024, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented