അറ്റ്‌ലാന്റ: ലോകകപ്പ് ഫൈനലിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ച്. ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച വിൻസിച്ച്, ടൂർണമെന്റ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സ്‌പെയിനും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ വിൻസിച്ചായിരുന്നു നിയന്ത്രിച്ചിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ കീഴടക്കി സ്‌പെയിൻ ലോകചാമ്പ്യന്മാരായി.
റഫറിയിങ് കരിയറിന് വിൻസിച്ച് വിരാമമിടുന്നതായി സ്ലൊവേനിയൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ലോകകപ്പ് ഫൈനലുൾപ്പെടെ കരിയറിൽ ഒട്ടേറെ ടൂർണമെന്റുകൾ വിൻസിച്ച് നിയന്ത്രിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലെ മെക്‌സിക്കോ - എക്വഡോർ, ബ്രസീൽ - മൊറോക്കോ, അൾജീരിയ-ജോർദാൻ മത്സരങ്ങളിലെയും റഫറി ഇദ്ദേഹമായിരുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്(ഐഎഫ്എഫ്എച്ച്എസ്), അസോസിയേഷൻ ഓഫ് ഇറ്റാലിയൻ റഫറീസ്(എഐഎ) എന്നിവ ലോകകപ്പിലെ മികച്ച റഫറിയായി തിരഞ്ഞെടുത്തത് വിൻസിച്ചിനെയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും യൂറോപ്പ ലീഗ് ഫൈനലും ഉൾപ്പെടെ നിയന്ത്രിച്ചിട്ടുള്ള റഫറിയാണ്. 2024-ലെ റയൽ മാഡ്രിഡും ബൊറൂസ്സിയ ഡോർട്ട്മുൺഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരവും വിൻസിച്ചാണ് നിയന്തിച്ചത്. അന്ന് അർജന്റീനയെ തോൽപ്പിച്ച് 36 മത്സരങ്ങളിലെ അപരാജിത കുതിപ്പ് സൗദി അവസാനിപ്പിച്ചിരുന്നു. ആ മത്സരത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി അദ്ദേഹം പെനാൽറ്റി നൽകുകയും ലയണൽ മെസ്സി അത് ഗോളാക്കുകയും ചെയ്തിരുന്നു.
റഫറിയിങ് കരിയറിൽ മികച്ചുനിൽക്കുമ്പോഴും വിവാദങ്ങളിലും ഉൾപ്പെട്ടയാളാണ് വിൻസിച്ച്. 2020-ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയിൽ നടന്ന മയക്കുമരുന്ന്-പെൺവാണിഭ സംഘത്തെ പിടികൂടാനുള്ള പോലീസ് റെയ്ഡിനിടെ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിമരുന്ന് ഇടപാടുകളും വേശ്യാവൃത്തി ശൃംഖലയും തടയാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ നടന്നത്. ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടങ്ങുന്ന സംഘത്തിൽ നിന്ന് തോക്കുകളും മയക്കുമരുന്നും വലിയ തുക പണവും പോലീസ് കണ്ടെടുത്തിരുന്നു. കൊക്കെയ്ൻ പാക്കറ്റുകൾ, 10 പിസ്റ്റളുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
Content Highlights: Slavko Vincic retires after officiating the 2026 World Cup final between Spain and Argentina., Recognized as the best referee of the tournament by IFFHS and AIA
Published: 27 Jul 2026, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented