ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാലാണ് താരം കളിക്കളം വിടാനൊരുങ്ങുന്നതെന്ന് കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്‌ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.
ഇതിനു പിന്നാലെ താരത്തിന് മൂന്നുമാസം കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ബാഴ്‌സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താരം കളിക്കളത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ ഫെബ്രുവരിയോടെ തീരുമാനമുണ്ടാകുമെന്നാണ് പറയുന്നത്.
Content Highlights: sergio aguero could have to retire from football due to heart problem
Published: 12 Nov 2021, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented