ട്യൂറിനിലെ ഭൂഗര്‍ഭ റെയില്‍പ്പാതയിലൂടെ മെട്രോ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ നിനച്ചിരിക്കാതെ ഒരു ഇറ്റാലിയന്‍ സുഹൃത്തിനെ വീണുകിട്ടി ചന്ദ്രേട്ടന്. കയ്യിലെ സ്‌പോര്‍ട്‌സ് മാഗസിനിലൂടെ അലസമായി കണ്ണോടിച്ച്, ഒന്നും മിണ്ടാതെ തൊട്ടടുത്ത സീറ്റില്‍ ചാരിയിരിക്കുകയാണ് അയാള്‍. അനുസരണയില്ലാതെ നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന മുടി. ഒറ്റനോട്ടത്തിലറിയാം അത് വിഗ്ഗാണെന്ന്. അതോ ഹെയര്‍ ട്രാന്‍സ്പ്ലാന്റോ?
 
തീക്ഷ്ണമായ വെള്ളാരംകണ്ണുകള്‍. ചെമ്പന്‍ നിറമുള്ള താടിരോമങ്ങള്‍. എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം എന്ന് തോന്നി ആദ്യം. പിന്നെ സ്വയം പറഞ്ഞു: ഏയ്, അതിനു വഴിയില്ല. റോമില്‍ വന്നിറങ്ങിയിട്ട് കഷ്ടിച്ച് രണ്ടാഴ്ചയാകുന്നതേ ഉള്ളൂ. ഇതുപോലുള്ള നൂറുനൂറു മുഖങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം. ആരോര്‍ത്തുവെക്കുന്നു അവയെല്ലാം?

To advertise here,

സഹയാത്രികന്റെ കയ്യിലെ പുസ്തകത്തിലേക്ക് ഒളികണ്ണിട്ടു നോക്കിയപ്പോള്‍ കൗതുകം തോന്നി. നിറയെ ഫുട്ബാളര്‍മാരുടെ ചിത്രങ്ങള്‍. ഒന്നുകില്‍ പഴയ പന്തുകളിക്കാരനായിരിക്കണം ഇയാള്‍. ഇല്ലെങ്കില്‍ കടുത്ത കളിക്കമ്പക്കാരന്‍. 'ഫുട്ബാള്‍ ഇഷ്ടമാണ്. അല്ലേ?', സകല ധൈര്യവും  സംഭരിച്ച്, അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിച്ചപ്പോള്‍, അത്ഭുതത്തോടെ കുറച്ചുനേരം ചന്ദ്രേട്ടന്റെ മുഖത്തു നോക്കിയിരുന്നു ആ മനുഷ്യന്‍. എന്നിട്ട് പറഞ്ഞു: 'അതെ. വളരെ ഇഷ്ടമാണ്. കളിച്ചിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ്'  ചുരുക്കം വാക്കുകളില്‍ ഉത്തരം. പിന്നെ മൗനം.

മലപ്പുറത്തുകാരന്റെ വിശ്രുതമായ പന്തുകളിക്കമ്പം മുഴുവന്‍ സിരകളില്‍ കൊണ്ടുനടക്കുന്ന എടപ്പാള്‍കാരന്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക്   സുദീര്‍ഘമായ ഒരു സംഭാഷണം `കിക്കോഫ്' ചെയ്യാന്‍ ഇംഗ്ലീഷിലുള്ള ആ മറുപടി ധാരാളമായിരുന്നു. അരീക്കോട്ടെയും മമ്പാട്ടെയും വളപട്ടണത്തെയും സെവന്‍സ് ടൂര്‍ണമെന്റുകളില്‍ കളിച്ചുനടന്ന കാലം ഓര്‍മയില്‍നിന്ന് ആവേശത്തോടെ പൊടിതട്ടിയെടുക്കുന്നു ചന്ദ്രേട്ടന്‍. എം.ആര്‍.സി.യുടെ മുന്നേറ്റനിരയിലെ ശിങ്കമായ കാമാച്ചിയുമായി കളിക്കളത്തില്‍ അടിയുണ്ടാക്കിയ കഥ; നീരുവെച്ചുവീര്‍ത്ത കാലുമായി  വണ്ടൂരില്‍ ഫൈനല്‍ കളിച്ച് ടീമിനെ ജയിപ്പിച്ച കഥ. അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍. ഭാഷയ്ക്കും സംസ്‌കാരങ്ങള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും എല്ലാം അതീതമാണ് ഫുട്ബാള്‍ എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.

ഒരു മാസത്തെ വിദേശ പരിശീലനം കഴിഞ്ഞ് ദുബായിലെ ഇറ്റാലിയന്‍ കമ്പനിയില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചശേഷം വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു: 'എന്റെ വീരവാദങ്ങള്‍ കേട്ട് ബോറടിച്ചിട്ടുണ്ടാവണം. എന്നിട്ടും ക്ഷമയോടെ എല്ലാം കേട്ടിരുന്നു അയാള്‍. മറുപടിയായി ഇടയ്‌ക്കൊരു തലയാട്ടല്‍; ഒരു ചിരി. വല്ലപ്പോഴുമൊരു ചോദ്യം. അത്രമാത്രം.''  

ഇറങ്ങേണ്ട സ്ഥലമെത്താറായപ്പോള്‍ എഴുന്നേറ്റുനിന്ന് കൈകൂപ്പി ചന്ദ്രേട്ടന്‍. 'സന്തോഷം. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും കാണാം. ഒരിക്കല്‍ ഇന്ത്യയില്‍ വരണം. സുന്ദരമായ രാജ്യമാണ്',  നിമിഷനേരത്തെ മൗനത്തിനു ശേഷം ഇറ്റാലിയന്‍ കൂട്ടുകാരന്റെ മുഖത്തു നോക്കി തെല്ലു ജാള്യതയോടെ അദ്ദേഹം പറഞ്ഞു: 'ഇത്രയും സംസാരിച്ചിട്ടും നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ. എന്റെ പേര് ചന്ദ്രശേഖരന്‍. താങ്കളുടേതോ?'' വെള്ളാരംകണ്ണുകളില്‍ നേര്‍ത്ത പുഞ്ചിരിയുടെ തിളക്കം. ചന്ദ്രശേഖരനെ ആപാദചൂഡം ഒന്ന് നോക്കി സഹയാത്രികന്‍ പറഞ്ഞു: 'സാല്‍വദോര്‍ സ്‌കില്ലാച്ചി. ടോട്ടോ എന്നും വിളിക്കും ചിലര്‍..' അത്രമാത്രം. മടിയില്‍ നിവര്‍ത്തിവെച്ച പുസ്തകത്തിലേക്ക് തിരിച്ചുപോകുന്നു അയാള്‍.

ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങേണ്ടിവന്ന പാവം ഗോള്‍കീപ്പറുടെ അവസ്ഥയിലായിരുന്നു ചന്ദ്രേട്ടന്‍. ഗോള്‍ മടക്കിയേ പറ്റൂ; സമയമൊട്ടില്ല താനും. ഏറെ ആരാധിക്കുകയും ഒരിക്കലെങ്കിലും കാണണമെന്ന് മോഹിക്കുകയും ചെയ്ത കളിക്കാരനാണ് തൊട്ടുമുന്നില്‍ കയ്യെത്തും ദൂരത്ത്.  ദുബായിലെ ഒറ്റമുറി ഫ്‌ളാറ്റിന്റെ ചുമരില്‍ തലങ്ങും വിലങ്ങും പതിച്ചിരുന്ന പോസ്റ്ററുകളില്‍ ഒന്നില്‍നിന്ന്,  വാപൊളിച്ച് കണ്ണുതുറിച്ചു നില്‍ക്കുന്ന ഒരു നീലക്കുപ്പായക്കാരന്‍ പെട്ടെന്ന് ഓര്‍മയിലേക്ക് ഇറങ്ങിവന്നു അപ്പോള്‍. ശൂന്യാകാശത്തില്‍നിന്ന് പൊട്ടിവീണ് 1990-ലെ ലോകകപ്പിലെ സൂപ്പര്‍ ഹീറോ ആയി മാറിയ താരം. ഇറ്റലിയുടെ ഗോളടിയന്ത്രം. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, അവിശ്വസനീയതയോടെ പ്രിയതാരത്തെ നോക്കിനില്‍ക്കേ, ചന്ദ്രേട്ടന്റെ മനസ്സില്‍ മിന്നിമറഞ്ഞ ചിത്രങ്ങള്‍ എത്രയെത്ര... പക്ഷേ, വൈകിപ്പോയിരുന്നു. തിടുക്കത്തില്‍ ട്രെയിനിറങ്ങി പുറത്തെ ജനപ്രളയത്തില്‍ അലിയുമ്പോള്‍, സ്‌കിലാച്ചിയില്‍നിന്ന് ഒരു ഓട്ടോഗ്രാഫുപോലും വാങ്ങാനായില്ലല്ലോ എന്ന ദുഃഖം ബാക്കി. ഒപ്പമിരുന്നൊരു ഫോട്ടോയെടുക്കാത്തതിലുള്ള നഷ്ടബോധവും. 

കണ്ടത് കിനാവല്ലെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു മരണംവരെ ചന്ദ്രേട്ടന്‍. 'സ്‌കില്ലാച്ചിയെപോലൊരു താരം സാധാരണക്കാര്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുക എന്നതുതന്നെ അദ്ഭുതമല്ലേ? ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല. ഇറ്റലിക്കാര്‍ക്ക് എങ്ങനെ ടോട്ടോയെ മറക്കാന്‍ കഴിഞ്ഞു! ഒരൊറ്റ ലോകകപ്പില്‍ ആറുഗോളടിച്ച് ലോകത്തെ ഞെട്ടിച്ച കളിക്കാരനെ? '' 

1990-ലെ ലോകകപ്പിന് മുന്‍പ് അധികമാരും കേട്ടിട്ടുണ്ടാവില്ല ടോട്ടോയെ പറ്റി. സത്യത്തില്‍ ലോകകപ്പിന് ഒരുവര്‍ഷംമുന്‍പ് മാത്രമാണ് സ്‌കില്ലാച്ചി ഉന്നതനിലവാരത്തിലുള്ള ഫുട്ബാള്‍ കളിച്ചുതുടങ്ങിയതുതന്നെ. സെരീ ബി ടീമായ മെസീനയില്‍നിന്ന് 1989-ല്‍ ജുവന്റസിലെത്തിയ ഈ സിസിലിക്കാരന്‍ അരങ്ങേറ്റ സീസണില്‍ അടിച്ചുകൂട്ടിയത് 15 ഗോള്‍. ഒരു തുടക്കക്കാരനെ സംബന്ധിച്ച് അത്ര മോശമല്ലാത്ത റെക്കോര്‍ഡ്. ജുവന്റസിന്റെ കോപ ഇറ്റാലിയ, യുവേഫാ കപ്പ് വിജയങ്ങളില്‍ പങ്കാളിയായിരുന്ന സ്‌കില്ലാച്ചിയെ ദേശീയടീമിലെടുക്കുമ്പോള്‍, ബെഞ്ചില്‍ ഇരുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ കോച്ച് അസെലിയോ വിസീനി. റോബര്‍ട്ടോ ബാജിയോ, ജിയാന്‍ലൂക്കാ വിയല്ലി, റോബര്‍ട്ടോ മാന്‍സീനി, ആന്ദ്രിയ കാര്‍നിവെയ്ല്‍, ആള്‍ഡോ സെറീന തുടങ്ങി മുന്നേറ്റനിരയില്‍ പ്രതിഭകളുടെ പടതന്നെ ഊഴംകാത്ത് നിരന്നുനില്‍ക്കുമ്പോള്‍ ആര്‍ക്കുണ്ട് ഒരു പുതുമുഖത്തെക്കുറിച്ച് ഓര്‍ക്കാന്‍ സമയം?

പക്ഷേ, ആസ്ട്രിയക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ വിസീനിയുടെ പദ്ധതി പാളി. മുന്‍ നിരയിലെ പോരാളികളായ വിയാലി-കാര്‍നിവെയ്ല്‍ സഖ്യത്തെ ആദ്യത്തെ ഒരു മണിക്കൂര്‍ വരച്ച വരയില്‍ നിര്‍ത്തിക്കളഞ്ഞു ആസ്ട്രിയന്‍ മാര്‍ക്കര്‍മാര്‍. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുന്നത് കണ്ട് അക്ഷമരായി തുടങ്ങിയിരുന്നു റോം ഒളിമ്പിക് സ്റ്റേഡിയത്തിലെ നാട്ടുകാരായ കാണികള്‍. ആ ഘട്ടത്തില്‍ കാര്‍നിവെയലിനെ പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല വിസീനിയുടെ മുന്നില്‍. പകരക്കാരനായി, കഷണ്ടി കയറിത്തുടങ്ങിയ സാല്‍വദോര്‍ സ്‌കില്ലാച്ചി നാട്യങ്ങളൊന്നും കൂടാതെ മൈതാനത്തേക്ക് കുതിച്ചു ചെല്ലുന്നത് വീര്‍പ്പടക്കി കണ്ടുനിന്നു നിറഞ്ഞ സ്റ്റേഡിയം.

നാലേ നാലു മിനിറ്റേ വേണ്ടിവന്നുള്ളൂ സ്‌കില്ലാച്ചിയുടെ കയ്യിലിരിപ്പ്-അതോ കാലിലിരുപ്പോ-വെളിച്ചത്തു വരാന്‍. വലതുപാര്‍ശ്വത്തില്‍നിന്ന് പെനാല്‍റ്റി ഏരിയയിലേക്ക് വിയാലിയുടെ ഒരു ക്രോസ് ഫീല്‍ഡ് പാസ്. ബോക്‌സിന്റെ ഒത്ത നടുവിലേക്ക് എങ്ങുനിന്നോ പറന്നെത്തിയ  സ്‌കില്ലാച്ചി ഒരുപറ്റം ഡിഫന്‍ഡര്‍മാര്‍ക്ക് മുകളില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്നു. ഗോള്‍! വിസീനിക്കും ഗാലറിയിലെ അസൂറിപ്പടയ്ക്കും ശ്വാസം നേരെവീണത് അപ്പോഴാണ്. സ്‌കില്ലാച്ചിയുടെ സുവര്‍ണനിമിഷം.

അത്തരം അവിസ്മരണീയ നിമിഷങ്ങളുടെ പരമ്പര തുടങ്ങിയിരുന്നതേയുള്ളൂ സ്‌കില്ലാച്ചിയുടെ ഫുട്ബാള്‍ ജീവിതത്തില്‍. യു.എസിനെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തില്‍ കാര്‍നിവെയ്ലിന്റെ പകരക്കാരനായി വന്ന സ്‌കില്ലാച്ചി ഗോളടിച്ചില്ലെങ്കിലും ഗാലറിയുടെ മനംകവര്‍ന്നു. ചെക്കോസ്ലോവാക്യക്കെതിരായ അവസാന മത്സരത്തില്‍ വിയാലി-കാര്‍നിവെയ്ല്‍ സഖ്യത്തെ പിന്‍വലിച്ച് ആദ്യ ഇലവനില്‍തന്നെ ബാജിയോ-സ്‌കില്ലാച്ചിമാരെ മുന്നേറ്റനിരയില്‍ പരീക്ഷിക്കാന്‍ വിസീനിക്ക് ധൈര്യം ലഭിച്ചത് അങ്ങനെയാണ്. അതിന്റെ ഗുണവും കണ്ടു. ഒന്‍പതാം മിനിറ്റില്‍ തന്നെ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ചെക്ക് ഗോള്‍കീപ്പര്‍ യാന്‍ സ്റ്റെയ്‌സ്‌ക്കലിന്റെ ആത്മവിശ്വാസം തകര്‍ത്തുകളഞ്ഞു സ്‌കില്ലാച്ചി. എഴുപത്തെട്ടാം മിനിറ്റില്‍ ബാജിയോ ആണ് പട്ടിക തികച്ചത്. (2-0).  

പ്രീക്വാര്‍ട്ടറില്‍ പരുക്കന്‍ കളിക്ക് പേരുകേട്ട യുറഗ്വായ്‌ക്കെതിരേ നേടിയ ഗോളായിരുന്നു സ്‌കിലാച്ചിയുടെ ക്ലാസിക്. എതിര്‍ ഗോള്‍ക്കീപ്പറുടെ ദുര്‍ബലമായ ക്ലിയറന്‍സ് മുതലെടുത്ത് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് തീപാറുന്ന ഒരു ഷോട്ട്. ഇറ്റലി 2-0നു ജയിച്ച ആ മത്സരത്തോടെ   ഇതിഹാസ താരങ്ങളായ പൗലോ റോസിയുടേയും ജുസപ്പെ മസീനിയുടെയും പിന്‍ഗാമിയായി ടോട്ടോയെ വാഴ്ത്താന്‍ തുടങ്ങി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. ജാക്ക് ചാള്‍ട്ടന്റെ അയര്‍ലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ആരാധകരെ നിരാശരാക്കിയില്ല സ്‌കില്ലാച്ചി. ഗോള്‍ക്കീപ്പര്‍ പാറ്റ് ബോണറുടെ പിഴവില്‍നിന്ന് മറ്റൊരു എണ്ണം പറഞ്ഞ ഗോള്‍. നാലുമത്സരങ്ങളില്‍നിന്ന് നാലാമത്തേത്. കണ്ണ് തിരുമ്മി, അന്തം വിട്ടു നോക്കിയിരിക്കുകയായിരുന്നു ഫുട്ബാള്‍  ലോകം.

ഡീഗോ മാറഡോണയുടെ അര്‍ജന്റീനക്കെതിരായ സെമിഫൈനലിലും കണ്ടു സ്‌കിലാച്ചിയുടെ ഇന്ദ്രജാലം. വിയാലിയുടെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് സ്‌കില്ലാച്ചി ഇറ്റലിയെ മുന്നിലെത്തിക്കുമ്പോള്‍ പതിനേഴു മിനിട്ട് പിന്നിട്ടിരുന്നതേയുള്ളൂ മത്സരം. പക്ഷേ, രണ്ടാം പകുതിയില്‍, സ്വന്തം ടീമിന് വേണ്ടി ആര്‍ത്തുവിളിച്ചു കൊണ്ടിരുന്ന നേപ്പിള്‍സിലെ പതിനായിരങ്ങളെ നിരാശരാക്കി ക്ലോദിയോ കനീജിയ അര്‍ജന്റീനക്ക് വേണ്ടി സമനില വരുത്തി. മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ സ്‌കോര്‍ 1-1. ഷൂട്ടൗട്ടില്‍ ഡോണഡോണിയും സെറീനയും തുലച്ചു കളഞ്ഞ കിക്കുകള്‍ ഇറ്റലിയുടെ വിധിയെഴുതുന്നു. അര്‍ജന്റീന ഫൈനലില്‍. പക്ഷെ സ്‌കില്ലാച്ചിയുടെ ഗോള്‍ ദാഹം ശമിച്ചിരുന്നില്ല. മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ-ഓഫില്‍ ഇംഗ്ലണ്ടിനെതിരെ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ആറ്  ഗോളുമായി ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകവും  മികച്ച  പ്രകടനത്തിനുള്ള  സ്വര്‍ണപ്പന്തും സ്വന്തമാക്കുന്നു സ്‌കില്ലാച്ചി. മണ്ണും ചാരി നിന്നവന്‍  പെണ്ണും കൊണ്ടു പോയി എന്നു പറഞ്ഞപോലെ. ചെക്ക് സ്‌ട്രൈക്കര്‍ ടോമാസ് സ്‌കുറാവിയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങളാണ് തകര്‍ന്നു തരിപ്പണമായത്.

ഇറ്റാലിയന്‍ ജനതയുടെ കണ്ണില്‍ മറ്റൊരു പൗലോ റോസി ആയി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ടോട്ടോ. ചെല്ലുന്നിടത്തെല്ലാം രാജകീയ സ്വീകരണങ്ങള്‍; പ്രണയചുംബനങ്ങള്‍; ചൂടന്‍ ഗോസിപ്പുകള്‍. മായാലോകത്ത് വിഹരിക്കുന്നതിനിടെ കാലില്‍ നിന്ന് പന്ത് ഒഴിഞ്ഞുപോകുന്നത് മാത്രം അറിഞ്ഞില്ല സ്‌കില്ലാച്ചി. ഉദയം പോലെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു അസ്തമനവും. അടുത്ത രണ്ടു വര്‍ഷം ഇന്റര്‍മിലാന്റെ ജേഴ്‌സിയണിഞ്ഞ  സ്‌കില്ലാച്ചിയ്ക്ക്  കളിക്കളത്തില്‍ ഒരിക്കലും പഴയ തകര്‍പ്പന്‍  ഫോം വീണ്ടെടുക്കാനായില്ല; ഗോളടിമികവും. പകരക്കാരനായി കുതിച്ചെത്തി  താരമായി മാറിയ സ്‌കില്ലാച്ചി,  കുനിഞ്ഞ ശിരസ്സുമായി ബെഞ്ചിലേക്ക് തിരിച്ചുപോയത് കണ്ണുചിമ്മി തുറക്കുന്ന വേഗത്തിലാണ്. ലോകകപ്പിന് ശേഷം ദേശീയ ടീമിന് വേണ്ടി ഒരൊറ്റ തവണ കൂടിയേ ലക്ഷ്യം കണ്ടുള്ളൂ സ്‌കില്ലാച്ചി. ഏഴാമത്തെയും അവസാനത്തെയും ഗോള്‍.

ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടാതായതോടെ ടോട്ടോ പുതിയൊരു ഫുട്ബാള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍  ജപ്പാനിലേക്ക് യാത്രയാകുന്നു. അവിടെ ജൂബിലോ ഇവാത്തക്ക് വേണ്ടി ഒരു സീസണ്‍. 1997ല്‍ കളിക്കളം  വിട്ട ശേഷം സ്വന്തം നാടായ സിസിലിയില്‍ തിരിച്ചെത്തിയ സ്‌കില്ലാച്ചി നവമുകുളങ്ങള്‍ക്ക് വേണ്ടി  ഒരു അക്കാദമി തുടങ്ങിയെങ്കിലും ക്ലച്ചു  പിടിച്ചില്ല. ഓരോ ലോകകപ്പും കടന്നുവരുമ്പോള്‍ ടി വി ടോക് ഷോകളില്‍  അതിഥിയായി പ്രത്യക്ഷപ്പെടുക എന്നതിലൊതുങ്ങുന്നു  പഴയ സൂപ്പര്‍ സ്‌കോററുടെ ഇന്നത്തെ ഫുട്ബാള്‍ ബന്ധം. 'പലര്‍ക്കും ആയുഷ്‌കാലം മുഴുവന്‍ പന്ത്കളിച്ചു നടന്നാലും കിട്ടാത്ത ഭാഗ്യമാണ് ഒരൊറ്റ മാസം കൊണ്ട് ലോകകപ്പ് എനിക്ക് സമ്മാനിച്ചത്.  പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ രാത്രികള്‍ എന്നെ പിന്തുടരുന്നു; കിനാവ് പോലെ.' യൂറോസ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കില്ലാച്ചി പറഞ്ഞു.

വന്‍കുടലിലെ അര്‍ബുദ ബാധയുമായിട്ടായിരുന്നു അവസാന നാളുകളില്‍ സ്‌കില്ലാച്ചിയുടെ പോരാട്ടം. അവിടെയും അത്രയെളുപ്പം കീഴടങ്ങാന്‍ വിസമ്മതിച്ചു പഴയ സൂപ്പര്‍ സബ്. ഒടുവില്‍ വിധി തന്നെ ജയിച്ചെങ്കിലും.