റോം: ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് വിഖ്യാത പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനി. 2021 യൂറോകപ്പ് ഇറ്റലിയ്ക്ക് നേടിക്കൊടുത്ത പരിശീലകനാണ് മാന്‍ചീനി. മാന്‍ചീനിയുടെ രാജി വലിയ ഞെട്ടലാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 

To advertise here,

പുതിയ പരിശീലകനെ ഉടന്‍ തന്നെ ഇറ്റാലിയന്‍ ടീം പ്രഖ്യാപിക്കും. 2023 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെയാണ് പരിശീലകന്റെ പിന്‍വാങ്ങല്‍. 2018-ലാണ് മാന്‍ചീനി ഇറ്റാലിയന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. പിന്നാലെ വന്ന യൂറോ കപ്പില്‍ കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി കിരീടം നേടുകയും ചെയ്തു. 

എന്നാല്‍ അതിനുശേഷം ഇറ്റലിയുടെ പ്രകടനം മോശമായി. 2022 ലോകകപ്പിന് യോഗ്യത പോലും നേടാന്‍ ഇറ്റലിയ്ക്ക് സാധിച്ചില്ല. യാതൊരു സൂചനയുമില്ലാതെയാണ് മാന്‍ചീനി രാജിവെച്ചത്. ഈ മാസം മാന്‍ചീനിയ്ക്ക് അണ്ടര്‍ 21, 20 ടീമുകളുടെ പരിശീലകച്ചുമതലയും ഇറ്റലി നല്‍കിയിരുന്നു. നാപ്പോളിയ്ക്ക് കഴിഞ്ഞ സീസണില്‍ കിരീടം നേടിക്കൊടുത്ത പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റി ഇറ്റലിയുടെ ദേശീയ പരിശീലകനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.