ദോഹ: സുന്ദരമായ നീക്കങ്ങളുമായി കളം നിറഞ്ഞു കളിച്ച ഇന്ത്യയെ വിവാദ ഗോളിന്റെ ബലത്തില്‍ പരാജയപ്പെടുത്തി ഖത്തര്‍. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി. സുനില്‍ ഛേത്രി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിച്ചു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ഖത്തര്‍ ഇന്ത്യയെ കീഴടക്കി. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കുവൈത്ത് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
വ്യക്തമായ പദ്ധതികളുമായാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കിയത്. ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച് ടീം മുന്നേറി. കുറിയ പാസുകളുമായി മൈതാനത്ത് നീലക്കുപ്പായക്കാര്‍ കളം വാണപ്പോള്‍ മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ഖത്തറും ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. 11-ാം മിനിറ്റില്‍ ഗോളെന്നുറച്ച ഖത്തര്‍ മുന്നേറ്റം ഗോള്‍വരയ്ക്കടുത്തുവെച്ച് മെഹ്താബ് സിങ് പ്രതിരോധിച്ചു. എന്നാല്‍ ആക്രമണം തുടര്‍ന്ന ഇന്ത്യ 32-ാം മിനിറ്റില്‍ ഗോളിനടുത്തെത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലക്ഷ്യം കാണാനുള്ള സുവര്‍ണാവസരം മന്‍വിര്‍ സിങ്ങിന് ലഭിച്ചെങ്കിലും ഖത്തര്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി.
നിരനിരയായി ഖത്തറിന്റെ പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതി കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ പാസ് ലാലിയന്‍സുവാല ചാങ്തെ വലയിലെത്തിച്ചു. ഇന്ത്യന്‍ ക്യാമ്പ് ആഘോഷത്തിമിര്‍പ്പിലായി. 39-ാം മിനിറ്റില്‍ മികച്ച സേവുമായി ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതി ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ടു. പന്ത് കൈവശം വെച്ച് മൈതാനത്ത് ആധിപത്യം പുലര്‍ത്താനും ഖത്തറിനായി. ഇന്ത്യന്‍ പ്രതിരോധം ഖത്തര്‍ മുന്നേറ്റം തടയാന്‍ നന്നായി വിയര്‍ത്തു. അതിനിടയില്‍ ഇന്ത്യയെ ഞെട്ടിച്ച് ഖത്തര്‍ മുന്നിലെത്തി. 73-ാം മിനിറ്റിലാണ് ഖത്തര്‍ യൂസഫ് ഐമനിലൂടെ സമനില പിടിച്ചത്. എന്നാല്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്നും ഗോള്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചു. പക്ഷേ ഫലമുണ്ടായില്ല. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. പുറത്തുപോയ പന്ത് ഖത്തര്‍ താരം അല്‍ ഹാഷ്മി ബാക് ഹീലിലൂടെ ഐമന് നല്‍കിയാണ് താരം വലകുലുക്കിയത്. റഫറി ഗോള്‍ അനുവദിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. 85-ാം മിനിറ്റില്‍ അഹ്മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ തീര്‍ത്തും പ്രതിസന്ധിയിലായി. പിന്നാലെ ഗോള്‍ നേടാന്‍ ഇന്ത്യ മുന്നേറ്റം ശക്തമാക്കിയെങ്കിലും ഖത്തര്‍ പ്രതിരോധം മറികടക്കാനായില്ല.
Content Highlights: qatar beat india world cup qualifiers
Published: 11 Jun 2024, 11:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented